| Saturday, 12th October 2024, 2:21 pm

ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ തെളിവുകളില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനെതിരേയും തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. സിറ്റി പൊലീസ് കമ്മീഷണര്‍ ബുട്ട വിമാലാദിത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അന്വേഷണത്തിനായി കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കമ്മീഷണര്‍ പറഞ്ഞു. അന്ന് ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്ത 20ഓളം പേരില്‍ അഞ്ച് പേരുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയതെന്നും ബാക്കി 15 പേരുടെ മൊഴി രേഖപ്പെടുത്തിയശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. അതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങള്‍ അന്വേഷിക്കുകയുള്ളുവെന്നും അല്ലാതെ മറ്റ് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

ശ്രീനാഥ് ഭാസിക്ക് മൂന്നാം പ്രതിയായ വിനു ജോസുമായുള്ള സാമ്പത്തിക ഇടപാടിന് ഈ കേസുമായി ബന്ധമില്ലെന്നും ഇതുവെര കേസില്‍ മറ്റ് പ്രതികള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. ആഢംബര ഹോട്ടലില്‍ നടന്നത് ലഹരിപാര്‍ട്ടിയാണെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധന ആവശ്യമായതിനാല്‍ ഇതിന്റെ ഫലം വരുന്നതിനായി കാത്തിരിക്കുകയാണ് പൊലീസ്.

കേസില്‍ ഒന്നാം പ്രതിയാണ് ഓം പ്രകാശ്. രണ്ടാം പ്രതി ഷിഹാസും മൂന്നാം പ്രതി എളമക്കര സ്വദേശിയായ ബിനു ജോസഫുമാണ്.

പ്രയാഗ് മാര്‍ട്ടിനെതിരെ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഒന്നാം പ്രതിയായ ഓം പ്രകാശുമായി തനിക്ക് ബന്ധമില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കിയെങ്കിലും മൂന്നാം പ്രതിയായ ബിനു ജോസഫുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്നും ഭാസി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ നടന്നത് ലഹരി ഇടപാട് ആണോ എന്നതില്‍ പൊലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്.

ഞായറാഴ്ചയാണ് മരടിലെ ഹോട്ടലില്‍ നിന്നും ഓംപ്രകാശും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും മദ്യവും ലഹരിമരുന്നും ലഭിച്ചെന്ന് പൊലീസ് അറിയിച്ചിരുന്നു. വിദേശത്തുനിന്നടക്കം മയക്കുമരുന്നെത്തിച്ച് ഡി.ജെ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്യുന്നയാളാണ് ഇയാളെന്നാണ പൊലീസ് പറയുന്നത്. ഇയാളെ ഹോട്ടലില്‍വെച്ച് പ്രയാഗയും ശ്രീനാഥ് ഭാസിയും കണ്ടെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഓംപ്രകാശിനെ സന്ദര്‍ശിച്ച താരങ്ങളുടെ മൊഴി പൊലീസ് എടുത്തത്.

Content Highlight: Prayaga Martin and Sreenath Bhasi is not guilty in Drug case

We use cookies to give you the best possible experience. Learn more