പുതിയ തമിഴ് ആന്തോളജി ചിത്രമായ നവരസയിലെ ഗിത്താര്‍ കമ്പി മേലെ നിട്ര് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത് മലയാളി താരം പ്രയാഗ മാര്‍ട്ടിന്‍ ആണ്. ഗൗതം മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സൂര്യയാണ് നായകനായെത്തുന്നത്.
ഗൗതം മേനോനും സൂര്യയും അവരവരുടെ മേഖലകളില്‍ ഇതിഹാസങ്ങളാണെന്ന് പറയുകയാണ് നടി പ്രയാഗ മാര്‍ട്ടിന്‍. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രയാഗയുടെ പ്രതികരണം.
‘ഗൗതം മേനോനും സൂര്യയുമൊക്കെ അവരവരുടെ മേഖലകളില്‍ ലെജന്‍ഡുകളാണ്. അവര്‍ എപ്പോഴും നമ്മളെ കംഫര്‍ട്ടാക്കുകയും ചെയ്യും. നമ്മള്‍ പുതിയ ആളാണെന്ന് കരുതി അകറ്റി നിര്‍ത്തുകയോ പേടിയുണ്ടാക്കുകയോ ഒന്നും ചെയ്യില്ല. പരസ്പരം മനസിലാക്കി കൊണ്ടാണ് മുന്നോട്ട് പോകാന്‍ സാധിച്ചത്. എനിക്ക് പെര്‍ഫോം ചെയ്യാന്‍ ആവശ്യമായ കംഫര്‍ട്ട് സോണ്‍ ആ സെറ്റില്‍ അനുഭവപ്പെട്ടിരുന്നു,’ പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.
നമ്മള്‍ എത്രത്തോളം റിലാക്‌സ് ആയിരിക്കുന്നു എന്നതാണ് ഒരു നല്ല കൂട്ടായ്മയില്‍ വര്‍ക്ക് ചെയ്യുന്നതില്‍ നടക്കുന്നതെന്നും പ്രയാഗ പറഞ്ഞു.
നേത്ര എന്നാണ് ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്റെ പേര് എന്നും എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണെന്നും പ്രയാഗ പറഞ്ഞു.
സാധാരണക്കാരിയായ 22 വയസ്സുള്ള പെണ്‍കുട്ടിയാണ് നേത്രയെങ്കിലും ചില പ്രത്യേകതകള്‍ അവള്‍ക്ക് ഉണ്ട് എന്നും പ്രയാഗ പറഞ്ഞു.
ഒരു സംഗീതജ്ഞന്റെ റോളിലാണ് ചിത്രത്തില്‍ സൂര്യയെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പി.സി. ശ്രീറാമാണ്.
ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തിലാണ് ആന്തോളജി ഒരുങ്ങുന്നത്.
പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.
ചിത്രത്തില്‍ പ്രധാനമായും എട്ട് സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. തെന്നിന്ത്യയിലെ പ്രഗത്ഭരായ നടിമാരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രേവതി, പാര്‍വതി, അദിതി ബാലന്‍, രമ്യ നമ്പീശന്‍, പ്രയാഗ റോസ് മാര്‍ട്ടിന്‍, രോഹിണി, റിത്വിക, അഞ്ജലി എന്നിവരാണ് ഈ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.