മോദിയെ കടത്തിവെട്ടി തമിഴ്‌നാട്ടിലെ 'ലാസര്‍ എളേപ്പന്‍'; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ നിന്ന് ചുറ്റിക മാറ്റണമെന്നും ആവശ്യം
Social Media
മോദിയെ കടത്തിവെട്ടി തമിഴ്‌നാട്ടിലെ 'ലാസര്‍ എളേപ്പന്‍'; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ നിന്ന് ചുറ്റിക മാറ്റണമെന്നും ആവശ്യം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th May 2019, 2:32 pm

രാജ്യത്ത് മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന ദിവസമാണ് ഇന്ന്. സ്വാഭാവികമായും ട്വിറ്ററില്‍ മോദി സര്‍ക്കാര്‍ എന്ന ഹാഷ്ടാഗ് ആണ് ഇന്ന് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടാവേണ്ടത്. എന്നാല്‍ ഇന്ന് ഒന്നാം സ്ഥാനത്തല്ല മോദി സര്‍ക്കാര്‍, രണ്ടാം സ്ഥാനത്താണ്. ട്രെന്‍ഡിംഗില്‍ ഒന്നാം ഇന്ത്യയില്‍ സ്ഥാനത്തുള്ളത് നേസമണിയാണ്. ലോകത്ത് രണ്ടാം സ്ഥാനത്തും. ആരാണ് നേസമണിയെന്നാവും നിങ്ങള്‍ ഇപ്പോള്‍ ആലോചിച്ചിട്ടുണ്ടാവുക. പറയാം.

മലയാളത്തില്‍ സിദ്ധിഖ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഫ്രന്‍ഡ്‌സ്. തമിഴിലും ഈ ചിത്രം സിദ്ധിഖ് തന്നെ സംവിധാനം ചെയ്തു. വിജയ്, സൂര്യ, രമേഷ് ഖന്ന എന്നിവരാണ് മുഖ്യവേഷങ്ങളില്‍ അഭിനയിച്ചത്. മലയാളത്തില്‍ ജഗതി അഭിനയിച്ച ലാസര്‍ എളേപ്പന്റെ വേഷത്തില്‍ എത്തിയത് വടിവേലുവാണ്. നേസമണി എന്ന പേരില്‍. രമേഷ് ഖന്നയുടെ കൈയ്യില്‍ നിന്ന് ചുറ്റിക വീണ് നേസമണി എന്ന വടിവേലുവിന്റെ തലയില്‍ വീണതാണ് ഇപ്പോള്‍ ചര്‍ച്ച. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഈ കോമഡി സീന്‍ ചര്‍ച്ചയാവുന്നതിന്റെ ആരംഭം ഇങ്ങനെയാണ്.

പാകിസ്താനില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറിംഗ് ലേണേര്‍സ് എന്ന ഫേസ്ബുക്ക് പേജില്‍ ഒരു ചുറ്റികയുടെ ചിത്രം കൊടുത്ത് ഇതിനെ നിങ്ങളുടെ നാട്ടില്‍ എന്താണ് പറയുക എന്ന ചോദ്യം ചോദിച്ചിരുന്നു. അതിന് താഴെയാണ് കടുത്ത വടിവേലു ആരാധകനായ ഒരാള്‍ നേസമണി എന്ന കോണ്‍ട്രാക്ടറുടെ തലയില്‍ ചുറ്റിക വീണ കഥ പറയുന്നത്. ഈ കമന്റ് കണ്ടതോടെ പലരും പിന്നീട് നേസമണിക്ക് എന്ത് സംഭവിച്ചു എന്ന് ചോദിച്ച് വന്ന തുടങ്ങിയതോടെയാണ് നേസമണി മോഡി സര്‍ക്കാരിനെ മറികടക്കുന്ന തരത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയത്. നേസമണിയുടെ ആരോഗ്യം എങ്ങനെയുണ്ട്?, നേസമണി രക്ഷപ്പെടുമോ?. മോദിയും പനീര്‍ശെല്‍വവും ആശുപത്രിയില്‍ നേസമണിയുടെ രോഗവിവരങ്ങള്‍ അറിയാന്‍ ഓടി എത്തുന്നു. അങ്ങനെ പടരുകയാണ് നേസമണി ട്രോള്‍സ്. പല സെലബ്രിറ്റികളും നേസമണി ട്രോളുകളുമായി എത്തിയിട്ടുണ്ട്. ഒരാള്‍ ആവശ്യപ്പെട്ടത് നേസമണിയുടെ തലക്ക് പരിക്ക് ഏല്‍പ്പിച്ച ചുറ്റിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ നിന്ന് പിന്‍വലിക്കണമെന്നാണ്