Advertisement
Unnao Rape Case
ഉന്നാവോ പെണ്‍കുട്ടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രതിയായ എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 04, 05:53 pm
Sunday, 4th August 2019, 11:23 pm

ലക്‌നൗ: ഉന്നാവോ പെണ്‍കുട്ടി അപകടനില തരണം ചെയ്യാന്‍ പ്രാര്‍ത്ഥിക്കുമെന്ന് ഉത്തര്‍പ്രദേശ് എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍. ദല്‍ഹിയിലേക്ക് മാറ്റും മുമ്പ് സീതാപൂര്‍ ജയിലില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോടാണ് എം.എല്‍.എയുടെ പ്രതികരണം.

‘ഞാന്‍ ബി.ജെ.പിയുടെ പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടിയോട് എനിക്ക് ആത്മാര്‍ത്ഥതയുണ്ട്. ദൈവത്തിലും ഹൈക്കോടതിയിലും സി.ബി.ഐയിലും നിങ്ങളിലും എനിക്ക് വിശ്വാസമുണ്ട്. എനിക്ക് നീതി നേടി തരാന്‍ നിങ്ങള്‍ക്ക് സാധിക്കും. പെണ്‍കുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കും’ സെന്‍ഗര്‍ പറഞ്ഞു.

പെണ്‍കുട്ടി ഇപ്പോള്‍ ഉന്നാവോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. അവരുടെ അഭിഭാഷകനും ഗുരുതരാവസ്ഥയിലാണ്. ജൂലൈ 30ന് റായ്ബറേലിയില്‍ ഉണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെട്ടിരുന്നു.

2017ല്‍ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് കാണാനെത്തിയ, അന്ന് 17 വയസ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ എം.എല്‍.എ അടക്കമുള്ളവര്‍ ചേര്‍ന്ന് ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥിന്റെ വസതിയ്ക്ക് മുന്നില്‍ പെണ്‍കുട്ടിയും അമ്മയും തീകൊളുത്താന്‍ ശ്രമിച്ചിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛനെ സെന്‍ഗാറിന്റെ സഹോദരനും ആളുകളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെടുകയുമായിരുന്നു.