| Friday, 19th January 2018, 11:46 pm

പൊലീസ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നെന്ന ആരോപണത്തിനു പിന്നാലെ പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസുകള്‍ രാജസ്ഥാന്‍ പൊലീസ് പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പുര്‍: വിശ്വഹിന്ദു പരിഷത് വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിച്ചു. കേസ് പിന്‍വലിക്കുന്നതിനുള്ള അപേക്ഷ രാജസ്ഥാന്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. 15 വര്‍ഷം മുന്‍പ് ഗംഗാനഗറില്‍ നിരോധനാജ്ഞ ലംഘിച്ചു പ്രകടനം നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാനാണ് തീരുമാനം.

നേരത്തെ ഈ കേസില്‍ അറസ്റ്റ് വാറണ്ടുമായി രാജസ്ഥാന്‍ പൊലീസ് അഹമ്മദാബാദില്‍ എത്തിയപ്പോഴായിരുന്നു തൊഗാഡിയയെ കാണാനില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്.

പിന്നീട് അവശനിലയിലായിലായിരുന്നു തൊഗാഡിയയെ ആശുപത്രിയിലാണ് കണ്ടെത്തിയത്. പിന്നീട് രാജസ്ഥാന്‍, ഗുജറാത്ത് പൊലീസുകള്‍ക്കെതിരെ രംഗത്തെത്തിയ വി.എച്ച്.പി നേതാവ് തന്നെ വ്യാജ ഏറ്റുമുട്ടലില്‍ വധിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉന്നയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കേസ് പിന്‍വലിക്കാനുള്ള രാജസ്ഥാന്‍ പൊലീസിന്റെ തീരുമാനം. “കേസ് പിന്‍വലിക്കണം എന്ന് പറഞ്ഞുകൊണ്ട് ജൂണ്‍ 2015ല്‍ ആഭ്യന്തരവകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കാരണം ആ ഉത്തരവ് കോടതിയില്‍ എത്തിയിരുന്നില്ല” ഭരത്പൂര്‍ റേഞ്ച് പൊലീസ് ജനറല്‍ അലോക് കുമാര്‍ വഷിഷ്ട പറഞ്ഞു.

2002 ലാണ് ഗംഗാപൂരില്‍ വച്ച് തൊഗാഡിയയ്ക്കും കണ്ടാലറിയാവുന്ന മറ്റ് 16 പേര്‍ക്കുമെതിരെ സെഷന്‍ 144 ലംഘിച്ചെന്ന് ആരോപിച്ച് കേസെടുക്കുന്നത്.

We use cookies to give you the best possible experience. Learn more