| Friday, 31st August 2018, 6:47 pm

ഭീമ കൊറെഗാവും മാവോയിസ്റ്റ് ഭീതിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രവീണ താളി

രു ജനാധിപത്യ രാജ്യം അതിന്റെ വിപരീത ദിശയില്‍ സഞ്ചരിക്കുന്നതിനാണ് സമകാലീന ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ദേശസ്‌നേഹികള്‍, ദേശവിരുദ്ധര്‍ തുടങ്ങിയ കാറ്റഗറികള്‍ നിര്‍മ്മിച്ചുകൊണ്ട്, പൗര സമൂഹത്തിന്റെ പ്രതിഷേധങ്ങളെയും ഭിന്നാഭിപ്രയങ്ങളെയും ഇല്ലാതാക്കാനാണ് ഹിന്ദു-ഫാസിസ്റ്റ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധ ഭരദ്വാജ്, വെര്‍നോണ്‍ ഗോണ്‍സാല്‍വെസ്, ഗൗതം നവ് ലഖ, അരുണ്‍ ഫെരേര, കവി പി വരവരറാവു എന്നിവരുടെ അറസ്റ്റ് ഈ ഭരണകൂട ഭീകരതയുടെ തുടര്‍ച്ച മാത്രമാണ്. ഇതോടൊപ്പം ദളിത് ബുദ്ധിജീവികളും, എഴുത്തുകാരുമായ ഹൈദരാബാദ് ഇഫ്‌ലു യൂണിവേഴ്സിറ്റി കള്‍ച്ചറല്‍ സ്റ്റഡീസ് മേധാവി പ്രൊഫസര്‍.കെ സത്യനാരായണ, ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അധ്യാപകനായ ഡോ. ആനന്ദ് തെല്‍തുംദേ തുടങ്ങിവരുടെ വീടുകളും റെയ്ഡ് ചെയ്യപ്പെട്ടു. മഹാരാഷ്ട്ര പൊലീസ് പറയുന്നത് പ്രകാരം ഭീമ കൊറെഗാവ് സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ ആറാം തീയതി ആക്ടിവിസ്റ്റുകളായ റോണവില്‍സണ്‍, സുധീര്‍ ധവാലെ, സുരേന്ദ്ര ഗദ്‌ലിംഗ്, പ്രൊഫസര്‍ റോമ സെന്‍, മഹേഷ് റാവത്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരില്‍ നിന്നും പിടിച്ചെടുത്ത ചില രേഖകളില്‍, ഇപ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ടവരെക്കുറിച്ച് പരാമര്‍ശം ഉണ്ടെന്ന് കാണിച്ചും ഒപ്പം പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നും ആരോപിച്ചാണ് ദളിത് ആദിവാസി അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കെതിരെ ഭരണകൂടത്തിന്റെ ഈ കടുത്ത നടപടി. ഭിമ കൊറേഗാവില്‍ സംഘര്‍ഷം ഉണ്ടാക്കിയവരെന്നും ഒപ്പം മാവോയിസ്റ്റ് അനുഭാവം കാണിക്കുന്നവരെന്നും ആരോപിച്ചാണ് ഇവരെയൊക്കെ ഹിന്ദു ഭരണകൂടം അറസ്റ്റു ചെയ്തതെങ്കിലും, ഇപ്പോള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന വിവിധ ദളിത്-ബഹുജന്‍ മുന്നേറ്റങ്ങളെ തന്നെയാണ് ഭരണകൂടം ലക്ഷ്യം വയ്ക്കുന്നത്.

സവര്‍ണ്ണ ഹിന്ദു ദേശീയതയുടെ മിത്തുകളെയും ചരിത്രത്തെയും പൊളിച്ചെഴുതാന്‍ അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങള്‍ക്ക് കഴിയും എന്നുള്ളത് ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ, ഭരണകൂടത്തിന്റെ ഇത്തരം ഹിന്ദുത്വ അജണ്ടകള്‍ ദളിത് മുന്നേറ്റത്തിനെതിരായ പ്രതിവിപ്ലവമായിത്തന്നെ വായിക്കണം. പ്രൊഫസര്‍ എന്‍ സുകുമാര്‍ നിരീക്ഷിക്കുന്നത് പോലെ രാഷ്ട്രത്തിന്റെ ഭൂതകാല പ്രതാപത്തില്‍ യാതൊരു പങ്കും അവകാശപ്പെടാനില്ലാത്തവര്‍ എന്നതരത്തില്‍ ദളിത് ബഹുജന്‍ വിഭാഗങ്ങളെ അരികുവല്‍ക്കരിക്കുകയാണ് ഹിന്ദു ആഖ്യാനങ്ങള്‍ ചെയ്തുവരുന്നത്. യഥാര്‍ത്ഥത്തില്‍ ഭീമ കൊറേഗാവ്, ഇന്ത്യയുടെ സവര്‍ണ ദേശീയത നിര്‍മിതിക്കെതിരെ നിലനില്ക്കുന്ന പ്രതിരോധത്തിന്റെ പ്രകടിതരൂപമാണ്.

ALSO READ: രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കാണാനാവില്ലെന്ന് നിയമപാനല്‍

1818 ജനുവരി ഒന്നാം തീയതി ബ്രിട്ടിഷുകാര്‍ അയിത്ത ജാതിക്കാരായിരുന്ന മഹര്‍ സൈനികരുടെ സഹായത്തോടുകൂടി പേര്‍ഷ്വാകള്‍ക്കെതിരെ നടത്തിയ യുദ്ധ വിജയം സമാനതകളില്ലാത്തതാണ്. പൂനെയിലെ ഭിമ നദിക്കരയിലെ കൊറേഗാവ് എന്ന സ്ഥലത്ത് വച്ച് നടന്ന ഈ യുദ്ധത്തിന്റെ വിജയ സ്മാരകം ബ്രിട്ടിഷുകാര്‍ അവിടെ നിര്‍മിക്കുകയും യുദ്ധത്തില്‍ മരിച്ചവരുടെ പേരുകള്‍ അതില്‍ രേഖപ്പെടുത്തുകയും ചെയ്തു. 49 സൈനികര്‍ കൊല്ലപ്പെട്ടതില്‍ ഇരുപത്തിരണ്ടുപേരും മഹര്‍ സമുദായത്തില്‍പ്പെട്ടവരായതിനാല്‍, ദളിതര്‍ പിന്നീട് ഈ സ്മാരകം അവരുടെ ചെറുത്തുനില്പിന്റെ ചരിത്രമാക്കി മാറ്റുകയായിരുന്നു.

മറാത്ത സംസ്ഥാനത്തിന്റെ സ്ഥാപനം മുതല്‍ മഹര്‍ സൈന്യം സേവനം ചെയ്തിരുന്നുവെങ്കിലും അവരുടെ സാമൂഹിക സ്ഥിതിക്ക് യാതൊരു വിധത്തിലും മാറ്റമില്ലാതെ തുടരുകയായിരുന്നു, എന്നുമാത്രമല്ല മറാത്തകള്‍ മഹര്‍ സൈനികരെ രണ്ടാംതരം പൗരന്മാരായി കാണുകയും, അവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും ആയുധങ്ങളും നല്‍കിയിരുന്നുമില്ല. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടിലെ ബോംബെ ആര്‍മിയില്‍ കൂടുതലും മഹര്‍ സൈനികര്‍ ആയിരുന്നു എന്ന് പ്രൊഫസര്‍ തോറാട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇക്കാരണങ്ങളൊക്കെ കൊണ്ടുതന്നെ പല സൈനികരും മറാത്ത സൈന്യം വിട്ട് ബ്രിട്ടീഷ് ആര്‍മിയില്‍ ചേരുകയുണ്ടായി. കൊറെഗാവ് യുദ്ധം പേര്‍ഷ്വാ-ബ്രാഹ്മിന്‍ ഭരണകൂടത്തിനെതിരെ മഹറുകള്‍ നടത്തിയ പ്രതികാരമായാണ് വായിക്കപ്പെടുന്നത്. അന്ന് നിലനിന്നിരുന്ന അസ്പൃശ്യത കാരണം മൃഗതുല്യമായ ജീവിതവുമായിരുന്നു അവര്‍ നയിച്ചിരുന്നത്, സ്വന്തം തുപ്പല്‍ പോലും നിലത്തു വീഴാതിരിക്കാന്‍ കഴുത്തില്‍ ഒരു പാത്രവും, തങ്ങള്‍ നടന്നയിടത്തെ അശുദ്ധിമാറ്റാന്‍ ശരീരത്തില്‍ ചൂലും വച്ച് കെട്ടി ദളിതര്‍ക്ക് നടക്കേണ്ടി വന്നകാലമായിരുന്നു അതെന്നോര്‍ക്കണം. അന്നത്തെ ദളിത് ജനതയുടെ സാമൂഹികാവസ്ഥ സവി സവര്‍ക്കര്‍ എന്ന മഹാരാഷ്ട്രക്കാരനായ ദളിത് ചിത്രകാരന്‍ തന്റെ രചനകളില്‍ക്കൂടി വരച്ചുകാട്ടുന്നുണ്ട്.

ALSO READ: ആദ്യം അവര്‍ ജെ.എന്‍.യുവിനെ തേടിയെത്തി, ഇപ്പോള്‍ മനുഷ്യാവകാശപ്രവര്‍ത്തകരെയും

ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിലും മുപ്പതുകളിലും കൊറേഗാവില്‍ ദളിതര്‍ പൊതു സമ്മേളനങ്ങള്‍ നടത്തികൊണ്ട്, ഈ സംഭവത്തിന്റെ ഓര്‍മ്മ പുതുക്കിയിരുന്നു എന്ന് ഗയില്‍ ഓംവേദ് തന്റെ “Dalits and Democratic Revolution” എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇപ്രകാരം എല്ലാ വര്‍ഷവും ജനുവരി ഒന്നിന് ദളിത് ജനവിഭാഗങ്ങള്‍ കൊറേഗവിലെത്തി തങ്ങളുടെ ആദരവ് രേഖപ്പെടുത്താറുണ്ട്. ഭീമ-കൊറേഗാവ് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരില്‍ ഭൂരിപക്ഷവും മഹര്‍ സമുദായത്തില്‍പ്പെട്ടവരാണ്, എന്നാല്‍ ഇതില്‍ പിന്നോക്ക വിഭാഗങ്ങളും മുസ്ലിങ്ങളും ഉള്‍പ്പെട്ടിരുന്നു എന്നത് അധികമൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.

അംബേദ്കറിന്റെ കൊച്ചുമകനും ബരിപ ബഹുജന്‍ മഹസംഘിന്റെ നേതാവുമായ പ്രകാശ് അംബേദ്കര്‍ പറയുന്നതനുസരിച്ച് മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി,ഭീമ കൊറേഗാവിന്റെ ഇരുന്നൂറാം വാര്‍ഷികം, യുദ്ധത്തില്‍ മരിച്ച ആളുകളുടെ കുടുംബങ്ങളെയും, അവരുടെ ബന്ധുക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് വലിയ രീതിയില്‍ നടത്തുകയുണ്ടായി. എല്‍ഗാര്‍ പരിഷത്ത് എന്ന പേരില്‍ സംഘടിപ്പിച്ച ഈ സമ്മേളനം 2017 ജനുവരി 31ന് ഭീമ കൊറേഗാവില്‍ നിന്നും ഇരുപത്തെട്ട് കിലോമീറ്റര്‍ അകലെ ശനിവാര്‍ വാഡ ഫോര്‍ട്ടില്‍ വച്ചാണ് നടത്തപ്പെട്ടത്. ഈ സമ്മേളനത്തില്‍ രാധിക വെമുല, ജിഗ്‌നേഷ് മേവാനി, സോണി സോറി, ഉമര്‍ ഖാലിദ് , ജ്യോതി ജഗതാപ്, എന്നിവര്‍ പങ്കെടുത്തിരുന്നു, മുന്‍ സുപ്രീം കോടതി ജഡ്ജ് പി.ബി സാവന്ത് ആണ് അധ്യക്ഷം വഹിച്ചത്.

എന്നാല്‍ ഈ മീറ്റിംഗില്‍ സംസാരിച്ച സുധീര്‍ ധവാലെ, റോണ വില്‍സണ്‍, സുരേന്ദ്ര ഗാദ്‌ലിംഗ് എന്നിവരുടെ പേരില്‍ അക്രമത്തിനു പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രകോപനപരമായി സംസാരിച്ചു എന്നാരോപിച്ച് കേസെടുത്തിരുന്നു. ഇതോടൊപ്പം ഷോമ സെന്‍, മഹേഷ് റാവത്ത് എന്നിവരുടെ വീടുകള്‍ ഇക്കഴിഞ്ഞ ജൂണില്‍ റെയ്ഡ് ചെയ്യപ്പെടുകയും, മറ്റുള്ളവരോടൊപ്പം അറസ്റ്റു ചെയ്യപ്പെടുകയുമാണുണ്ടായത്. ഈ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നു കാണിക്കാന്‍ കെട്ടിച്ചമച്ച തെളിവുകളാണ് മഹാരാഷ്ട്ര പൊലീസ് പുറത്തുവിട്ടത്.

ഇവരില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ ലഭിച്ചു എന്ന് കാണിച്ചുകൊണ്ടാണ് വരവരറാവുവും, സുധാ ഭരദ്വാജും ഉള്‍പ്പടെയുള്ളവരെ ഇപ്പോള്‍ അറസ്റ്റു ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ദളിത് -ആദിവാസി- ബഹുജന്‍ വിഭാഗങ്ങളുടെ ആത്മാഭിമാന പോരാട്ടങ്ങള്‍, ദളിത് ഇതര മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും, ഒപ്പം പൊതു സമൂഹത്തില്‍ നിന്നും ലഭിക്കുന്ന വര്‍ധിച്ച പിന്തുണയാണ് ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങാന്‍ നിലവിലെ ഹിന്ദുത്വ ഗവണ്മെന്റിനെ പ്രേരിപ്പിക്കുന്നതെന്ന് നിസംശയം പറയാം.

ALSO READ: പിക്ച്ചര്‍ അഭി ഭി ബാക്കി ഹൈന്‍, മിത്രോം!

ജനുവരി ഒന്ന് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികമായതിനാല്‍ ധാരാളം ആളുകള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൊറെഗാവിലേക്ക് എത്തിക്കൊണ്ടിരുന്നു. സ്ത്രീകളും പുരുഷന്മാരും, കുട്ടികളും അടങ്ങുന്ന വലിയ സംഘങ്ങളായാണ് എത്തിക്കൊണ്ടിരുന്നത്. തങ്ങളുടെ പൂര്‍വികര്‍ നടത്തിയ ചെറുത്തുനില്‍പ്പി ന്റെ ചരിത്രത്തെ ഓര്‍മ്മിക്കാനും ആദരവര്‍പ്പിക്കാനും എത്തിയ അവരെ തീവ്രഹിന്ദു സംഘടനകള്‍ ഭിമ കൊറേഗാവിലേക്ക് കടത്തി വിടാതെ തടയുകയും ആക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇതിനെല്ലാം നേതൃത്വം കൊടുത്തത് റൈറ്റ് വിംഗ് ഹിന്ദു ഗ്രൂപ്പുകള്‍ ആയ ശിവ്പ്രതിഷ്ടാന്‍, ഹിന്ദു ഏകത അഗാധി എന്നിവ ചേര്‍ന്നാണ്. സംസ്ഥാന ഗവണ്മെന്റിന്റെ വന്‍ പിന്തുണയോടെ നടത്തിയ ഈ അതിക്രമങ്ങള്‍ക്ക് പൊലീസ് വെറും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു എന്നതായിരുന്നു വാസ്തവം.

മാത്രമല്ല ഈ സംഭവങ്ങളുടെ ഉത്തരവാദി എന്ന നിലയില്‍ അറസ്റ്റ് ചെയ്ത മിലിന്ദ് എക്‌ബോടെയ്ക്കും ജാമ്യം അനുവദിച്ചു. എന്നാല്‍ എല്ലാത്തിന്റെയും ബുദ്ധികേന്ദ്രമായ ശിവ്പ്രതിഷ്ടന്‍ നേതാവ് സംഭാജി ബിദെയ്‌ക്കെതിരെ പൊലീസ് നടപടികള്‍ ഒന്നുമുണ്ടായില്ല. ഇതിന്റെ തുടര്‍ച്ചയെന്നോണം മഹാരാഷ്ട്രയില്‍ ദളിത് സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു.

മുംബൈ നഗരത്തെ പോലും നിശ്ചലമാക്കിയ ഈ ബന്ദില്‍ ലക്ഷകണക്കിന് ദളിത് ബഹുജന്‍ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. എന്നാല്‍ ഈ സംഭവങ്ങളെയെല്ലാം ദളിത് -മറാത്ത സംഘര്‍ഷം, വിധ്വംസകപ്രവര്‍ത്തനം എന്നീ രീതികളിലാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ ഇതുമായി ബന്ധപ്പെട്ട വലിയ സംഘര്‍ഷങ്ങള്‍ അവസാനിച്ചിരുന്നു എങ്കിലും, ഈ സംഭവങ്ങളെ അടുത്ത ഇലക്ഷന് ഏതു വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ആയിരുന്നു ബി.ജെ.പി സര്‍ക്കാര്‍ എന്ന് വേണം കരുതാന്‍.

ALSO READ: നിങ്ങള്‍ ഒരു ‘അര്‍ബന്‍ മാവോയിസ്റ്റാണോ’? ഇങ്ങനെ സ്വയം കണ്ടുപിടിക്കൂ

രാജിവ് ഗാന്ധി വധത്തിനു സമാനമായ രീതിയില്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിടുന്നു എന്ന പ്രചരണം നിലവിലുള്ള രാഷ്ട്രീയ സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങളെ ഗതി മാറ്റി വിടാനും ഒപ്പം മാവോയിസ്റ്റ് ഭീതി ആരോപിച്ചുകൊണ്ട് സാഹചര്യങ്ങളെ തങ്ങള്‍ക്കനുകൂലമാക്കാനുമാണ് ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത്.
ദളിത് -ആദിവാസി സമരങ്ങള്‍ക്കെല്ലാം മാവോയിസ്റ്റ് ടാഗ് നല്‍കുന്നത് പുതിയ കാര്യമൊന്നുമല്ല. മുന്‍പ് പ്രാദേശികമായ സമരങ്ങളിലൂടെ ഭരണകൂടത്തോട് ചോദ്യം ചോദിച്ചവരെയെല്ലാം മാവോയിസ്റ്റ് അല്ലെങ്കില്‍ തീവ്രവാദി ബ്രാന്റിംഗ് നടത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് ദേശീയതലത്തില്‍ തന്നെ ദളിത് പ്രക്ഷോഭങ്ങള്‍ക്കെതിരെ ആരോപിക്കപ്പെടുകയാണ്.

ദളിത് മനുഷ്യവകാശ സംഘടനയായ ഭിം ആര്‍മിയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദ്, സഹരന്‍പൂരില്‍ റാലി സംഘടിപ്പിച്ചതിന്റെ പേരില്‍ ഇന്നും ജയില്‍ വാസം അനുഭവിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വ ഭരണകൂടത്തിന്റെകോര്‍പ്പേററ്റ് ബന്ധങ്ങളെ ചോദ്യം ചെയ്യുന്നവര്‍ക്ക് നേരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാല്‍ പൊലീസിനും ഭരണകൂടത്തിനും ദളിത്-ആദിവാസി മേഖലകളില്‍ കടന്നു ചെല്ലാനും, യാതൊരു വാറന്റും ഇല്ലാതെ അവരെ അറസ്റ്റു ചെയ്യാനും കൊലപ്പെടുത്താനും സാധിക്കും.

ഇക്കഴിഞ്ഞ ഏപ്രിലില്‍ മഹാരാഷ്ട്രയിലെ ഗദ്ച്ചിറോളിയില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ എന്ന പേരില്‍ നടത്തിയ കൂട്ടക്കൊലയില്‍ 40 ആദിവാസികള്‍ കൊല്ലപ്പെട്ടതില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിരുന്നു. ദളിത്-ആദിവാസി-ബഹുജനുകളുടെ സ്വകാര്യ ഇടങ്ങളും, പ്രതിരോധങ്ങളും ഇല്ലാതാക്കാന്‍ ഭരണകൂടത്തിന് ഏറ്റവും എളുപ്പമുള്ള വഴി മാവോയിസ്റ്റ് ബന്ധം ആരോപിക്കലാണ്.

ഇപ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ട ആക്ടിവിസ്റ്റുകള്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെലവഴിച്ചു എന്നും, മറ്റു സഹായങ്ങള്‍ ചെയ്തുകൊടുത്തു എന്നുമാണ് പൊലീസ് ഭാഷ്യം. എന്നാല്‍ ഇതു തെളിയിക്കുന്ന എന്തെങ്കിലും രേഖകള്‍ ഇതുവരെ പൊലീസ് പുറത്തു വിട്ടിട്ടില്ല. ചുരുക്കത്തില്‍, നക്‌സലിസത്തോടും ഇടതുപക്ഷത്തോടും കൃത്യമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന അക്കാദമിക്കുകളെ പോലും “”അര്‍ബന്‍ നക്‌സല്‍”” എന്ന ബ്രാന്റു നല്‍കിക്കൊണ്ട് നടത്തുന്ന ഈ ഭരണകൂട വേട്ടക്ക് പിന്നില്‍ കൃത്യമായ ഗൂഢാലോചനകള്‍ ഉണ്ടെന്നുറപ്പാണ്.

ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്ട്ട് ചെയ്തത് പ്രകാരം, ആഗസ്‌റ് 24 ന് ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ഹന്‍സിരാജ് കോളേജില്‍ വച്ച് അര്‍ബന്‍ നക്‌സലിസത്തെക്കുറിച്ച് ഒരു സെമിനാര്‍ നടന്നിരുന്നു.

ഫിലിം മേക്കര്‍ വിവേക് അഗ്‌നിഹോത്രി പ്രധാന പ്രഭാഷകനായിരുന്ന ഈ സെമിനാര്‍ തെരഞ്ഞെടുക്കപ്പെട്ട ഓഡിയന്‌സിനു വേണ്ടി മാത്രമായിരുന്നു. ഒപ്പം വിദ്യാര്‍ത്ഥികളെ ചോദ്യം ചോദിക്കാന്‍ അനുവദിച്ചുമില്ല. ഇതില്‍ പങ്കെടുത്തുകൊണ്ട് എ.ബി.വി.പി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി പറഞ്ഞത്, 2016 ല്‍ JNU വില്‍ സംഭവിച്ചത് വളരെ സന്നിഗ്ധമാണ് എന്നാല്‍, ഈ സംഭവം യൂണിവേഴ്സിറ്റികളിലും, പത്രപ്രവര്‍ത്തന രംഗത്തും, ഫിലിം ഇന്‍ഡസ്ട്രിയിലും രഹസ്യമായി കമ്മ്യൂണിസ്റ്റ് ഐഡിയോളോജി പുലര്‍ത്തുന്നവരെ തുറന്നുകാട്ടി എന്നാണ്. ഇതിന്റെ മറ്റൊരു മെമ്പറും സുപ്രീംകോടതി അഭിഭാഷകയും ആയ മോണിക്ക അറോറ പറഞ്ഞത് തങ്ങളുടെ GIA (Group of Intellectuals and Academicians) എന്ന സംഘടന “”അര്‍ബന്‍ നക്‌സലുകള്‍”” ആയി പ്രവര്‍ത്തിക്കുന്ന അധ്യാപകരെ തുറന്നു കാട്ടും എന്നാണ്.

The Quint ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഈ കഴിഞ്ഞ മെയില്‍ ദല്‍ഹിയിലെ ഭാരതീയ വിദ്യാഭവനില്‍ വച്ച് വിവേക് അഗ്‌നിഹോത്രിയുടെ “”അര്‍ബന്‍ നക്‌സല്‍”” എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു ഇതില്‍ പങ്കെടുത്തുകൊണ്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു, “റിസേര്‍ച്ചുകള്‍ പ്രകാരം, 21 ഓളം വിദേശ സംഘടനകള്‍ അക്കാദമിക്കുകളെയും, പ്രൊഫഷനലുകളുടേയും രൂപത്തില്‍ അവരുടെ ആളുകളെ മാവോയിസം പഠിക്കാനായി ഇന്ത്യയിലേക്ക് അയക്കുന്നു.

തിരിച്ച് അവരുടെ രാജ്യത്തേക്ക് പോകുന്ന അവര്‍ മാവോയിസ്റ്റുകള്‍ക്ക് പുറത്തുനിന്നുള്ള പിന്തുണയും ഒപ്പം ഫണ്ടിംഗും നിര്‍ബാധം നല്‍കുന്നു””. പക്ഷെ ഏതു സോഴ്‌സിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അവര്‍ വ്യക്തമാക്കിയതുമില്ല. അഗ്‌നിഹോത്രി ഈ “”അര്‍ബന്‍ നക്‌സലുകള്‍”” ഇന്ത്യയുടെ അദൃശ്യരായ ശത്രുക്കള്‍ (invisible enemies) എന്ന് വിളിച്ചിരുന്നു, ഈ പ്രയോഗം പിന്നീട് റൈറ്റ് വിംഗ് മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയാണുണ്ടായത്.

ഇതില്‍നിന്നും ഒരുകാര്യം വളരെ വ്യക്തമാണ്, അതായത് ദളിത്- ആദിവാസി-ബഹുജന്‍ സമരങ്ങള്‍ക്കൊ പ്പം നില്‍ക്കുന്ന അക്കാദമിക്കുകളെയും, ആക്ടിവിസ്ടുകളെയും, അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്ര ചാര്‍ത്തിക്കൊണ്ട് ഭീതി സൃഷ്ടിക്കുയും ഒപ്പം അവരുടെ സാമൂഹിക ഇടപെടലുകളെ റദ്ദുചെയ്തുകൊണ്ട് നിലവിലുള്ള എല്ലാ പ്രതിഷേധ ശബ്ദങ്ങളെയും ഇല്ലാതാക്കാനുമാണ് ഹിന്ദു ഫാസിസ്‌റ് ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ALSO READ: കിടപ്പറയുടെ വാതിലടയ്ക്കാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല; തങ്ങള്‍ സദാസമയവും നിരീക്ഷണത്തിലെന്ന് അറസ്റ്റിലായ നവ്‌ലാഖയുടെ പങ്കാളി

ഭിമ-കൊറേഗാവ് ഇരുന്നൂറാം വാര്‍ഷികത്തില്‍ നടന്ന സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ് ബന്ധമാരോപിക്കുന്നത് കൃത്യമായ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായാണ്. പൊതു ചരിത്രസ്മൃതികള്‍ പൊതുപാരമ്പര്യം എന്നിവയില്‍ വേരൂന്നിയ ഇന്ത്യന്‍ ബ്രാഹ്മണിക് ദേശീയതയോട് കലഹിച്ചുകൊണ്ടാണ് ഭീമ കൊറെഗാവ് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ അഖണ്ട ദേശീയതയ്ക്ക് വിരുദ്ധമായി അരികുകളില്‍ നില്‍ക്കുന്ന, ദളിത്- ആദിവാസി കീഴാള ആത്മാഭിമാന പോരാട്ടങ്ങളെ രാഷ്ട്രശരീരത്തില്‍ നിന്നും മായ്ച്ചുകളയേണ്ടത് പരിവാര്‍ ശക്തികളുടെ ആവശ്യമാണ്.

മറ്റൊരു പ്രധാനകാര്യം പേര്‍ഷ്വാ ബ്രാഹ്മണരെ എതിര്‍ക്കാന്‍ സാമ്രാജ്യത്വശക്തിയുടെ വിജയം ആഘോഷിച്ചു വേണോ എന്ന് ചോദിച്ച ഡോ. ആനന്ദ് തെല്‍തുംദേ പോലും പ്രതിരോധത്തിലായി എന്നതാണ് വസ്തുത. ഇന്ത്യയില്‍ പലകാലത്തും രൂപപ്പെട്ട ദളിത്-കീഴാള പ്രസ്ഥാനങ്ങളെ എല്ലാം ഹിന്ദു പ്രതീകങ്ങളെ ഉപയോഗിച്ചുകൊണ്ടാണ് ബ്രാഹ്മണിസം നേരിട്ടത്. മണ്ഡല്‍ പ്രക്ഷോഭത്തെ ഇത്തരത്തില്‍ മന്ദിര്‍-മസ്ജിദ് വിവാദമുയര്‍ത്തിക്കൊണ്ട് ഗതിതിരിച്ചുവിടാന്‍ ശ്രമിച്ചത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്.

അതിനു സമാനമായ രീതിയില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഉന പ്രക്ഷോഭം, ഭിം ആര്മി, കൊറേഗാവ് , എച്ച്.സി.യു വിലെ രോഹിത് വെമുല മൂവ്‌മെന്റ് തുടങ്ങി അംബേദ്കറിസത്തിലേക്ക് വേരൂന്നിയ പ്രസ്ഥാനങ്ങളെയെല്ലാം നക്‌സല്‍ ബന്ധം ആരോപിച്ചു അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ നീക്കമായി വേണം മനസിലാക്കാന്‍. അതുകൊണ്ട് തന്നെ സവര്‍ണ്ണ ബ്രഹ്മണിക് ഹിന്ദുമൂല്യമണ്ഡലത്തെ പൊളിച്ചെഴുതാന്‍ കഴിവുള്ള ഈ പ്രസ്ഥാനങ്ങളോട് ഐക്യപ്പെടുന്ന മനുഷ്യാവകാശപ്രവര്‍ത്തകരേയും ബുദ്ധിജീവികളെയും നിരന്തരം വേട്ടയാടുന്നതിനെതിരെ ഇന്ത്യയെമ്പാടും പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ട്.

We use cookies to give you the best possible experience. Learn more