| Monday, 18th March 2024, 5:16 pm

അധികം പടങ്ങള്‍ കാണുന്ന വ്യക്തിയല്ല ഞാന്‍; എനിക്ക് സിനിമയേക്കാള്‍ താത്പര്യം മറ്റൊന്നാണ്: പ്രവീണ്‍ ടി.ജെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മറ്റു സിനിമാ മേഖലയെ പോലും അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇന്ന് നമ്മുടെ തിയേറ്ററുകള്‍. ഈയിടെ ഇറങ്ങിയ മലയാള സിനിമകളെല്ലാം കഥ കൊണ്ടും മേക്കിങ് കൊണ്ടും മുന്നിട്ട് നില്‍ക്കുന്നതാണ്.

ആ ലിസ്റ്റിലേക്ക് ചേര്‍ത്തു വെയ്ക്കാന്‍ സാധിക്കുന്ന മറ്റൊരു ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍ പൊറാട്ട്. പേര് കൊണ്ട് തന്നെ ഏറെ വ്യത്യസ്തമായ ഈ സിനിമ കഥ കൊണ്ടും അവതരണം കൊണ്ടുമെല്ലാം വ്യത്യസ്തമാണ്.

നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ സാന്നിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസ് നിര്‍മിച്ച ഏറ്റവും പുതിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമാ മേഖലയിലേക്ക് കടന്നു വന്ന ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തത്. ചെമ്പന്‍ വിനോദിന്റെ സഹോദരന്‍ കൂടെയാണ് ഉല്ലാസ്.

ചിത്രത്തില്‍ ഒരു പ്രധാനവേഷം അവതരിപ്പിച്ച താരമാണ് പ്രവീണ്‍ ടി.ജെ. ഗില്ലാപ്പികളില്‍ ഒരാളായാണ് താരം അഭിനയിച്ചത്. ഇപ്പോള്‍ താന്‍ ഈ സിനിമയിലേക്ക് വന്നതിനെ കുറിച്ച് പറയുകയാണ് പ്രവീണ്‍. ഡ്രീം സ്‌ക്രീന്‍ എന്റര്‍ടൈയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രവീണ്‍ ടി.ജെ.

‘ഷൂട്ടിന്റെ ഒന്നര കൊല്ലം മുമ്പാണ് എന്നെ ഉല്ലാസേട്ടന്‍ വിളിക്കുന്നത്. ഒരു റോളുണ്ട് ചെയ്യണമെന്ന് പറഞ്ഞു. പിന്നെ അതിനെ കുറിച്ചുള്ള ഡീറ്റെയില്‍സ് ഒന്നും തന്നെ കിട്ടിയില്ല. അതൊക്കെ കഴിഞ്ഞിട്ട് ഷൂട്ടിന്റെ ഒരു മാസം മുമ്പാണ് ഉല്ലാസേട്ടന്‍ വീണ്ടും കോണ്‍ടാക്ട് ചെയ്യുന്നത്. സ്‌ക്രിപ്റ്റ് റീഡിങ് പോലെ ഒന്ന് ഉണ്ടായിരുന്നു. സിനിമയിലേക്ക് ഒഡീഷനൊന്നും തന്നെ ഉണ്ടായിരുന്നില്ല.

എന്നെ ഉല്ലാസേട്ടന്റെ സിനിമയിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ എക്‌സൈറ്റഡായിരുന്നോ എന്ന് ചോദിച്ചാല്‍, എക്‌സൈറ്റഡായിരുന്നില്ല എന്നതാണ് മറുപടി. കാരണം ഞാന്‍ ഫോളോ അപ്പ് ഒന്നും ചെയ്യാത്ത ഒരു വ്യക്തിയാണ്. ഞാന്‍ ഇതുവരെ ഉല്ലാസേട്ടന്റെ ഷോര്‍ട്ട് ഫിലിമായ ‘പാമ്പിച്ചി’ കണ്ടിട്ടില്ല. അറിഞ്ഞു കൊണ്ട് കാണാത്തതല്ല.

ഞാന്‍ അധികം സിനിമ കാണുന്ന ഒരു വ്യക്തിയല്ല. ഞാന്‍ ഇതുവരെ തിയേറ്ററില്‍ നിന്ന് കണ്ട സിനിമകളെ കുറിച്ച് ചോദിച്ചാല്‍ വളരെ കുറവാണ്. കയ്യില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമേ ഉണ്ടാകുകയുള്ളു. അതിലും കൂടുതല്‍ താത്പര്യം എനിക്ക് വരകളോടാണ്. കോമിക്കിനോടാണ് താത്പര്യം.

കുട്ടിക്കാലത്തേ വാങ്ങിയിട്ടുള്ള ബാലരമയുടെയും ബാലഭൂമിയുടെയും ആദ്യത്തെ എഡിഷന്‍ മുതല്‍ എന്റെ കയ്യിലുണ്ട്. സാധാരണ വായിക്കുന്നത് പോലെയല്ല ഞാന്‍ അത് വായിക്കുന്നത്. സ്‌കൂളില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ ഞാന്‍ ബസിന്റെ മുന്‍വശത്താകും ഉണ്ടാകുക. അവിടെ ബാലഭൂമിയും പിടിച്ചാണ് ഇരിക്കുക,’ പ്രവീണ്‍ ടി.ജെ. പറഞ്ഞു.


Content Highlight: Praveen TJ Talks About Movies And Acting

We use cookies to give you the best possible experience. Learn more