| Monday, 18th March 2024, 6:15 pm

ആ അമല്‍ നീരദ് ചിത്രത്തിന്റെ ഷൂട്ടിങ്ങ്; രാവിലെ മുതല്‍ പോസ്റ്റടിച്ച് നിന്നു; ഇതിന് വേണ്ടിയാണോ സമയം കളഞ്ഞതെന്ന് ചിന്തിച്ചു: പ്രവീണ്‍ ടി.ജെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒട്ടും ഹൈപ്പില്ലാത്ത തിയേറ്ററിലെത്തിയ ഒരു ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. എന്നാല്‍ സിനിമ പ്രതീക്ഷിക്കാതെ മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തില്‍ ഒരു പ്രധാനവേഷം അവതരിപ്പിച്ച താരമാണ് പ്രവീണ്‍ ടി.ജെ.

ഗില്ലാപ്പികളില്‍ ഒരാളായാണ് താരം അഭിനയിച്ചത്. ആ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തിനെ കുറിച്ച് പറയുകയാണ് പ്രവീണ്‍. ഡ്രീം സ്‌ക്രീന്‍ എന്റര്‍ടൈയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രവീണ്‍ ടി.ജെ.

‘എന്റെ സിനിമയിലെ ആദ്യത്തെ എക്‌സ്പീരിയന്‍സ് ഇയ്യോബിന്റെ പുസ്തകമാണ്. അത് ആളുകള്‍ക്ക് അധികം അറിയില്ലെന്ന് തോന്നുന്നു. ഒമ്പതിലോ പത്തിലോ പഠിക്കുമ്പോഴാണ് ആ സിനിമയിലേക്ക് ഞാന്‍ എത്തിയത്.

സിനിമയില്‍ ഒരു ആര്‍മി റിക്രൂട്ട്‌മെന്റ് സീന്‍ ഉണ്ടായിരുന്നു. അതിലേക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലാണ് നമ്മളെ സ്‌കൂളില്‍ നിന്ന് അന്ന് കൊണ്ടുപോകുന്നത്. രാവിലെ അഞ്ച് മണിക്ക് നമ്മള്‍ ഫോര്‍ട്ട് കൊച്ചിയില്‍ എത്തി. അവിടെ ആ സമയം മുതല്‍ കാത്തിരുന്നു.

എന്നാല്‍ ഷൂട്ട് തുടങ്ങുന്നത് വൈകുന്നേരം അഞ്ചരക്കാണ്. അത്രയും നേരം ഞങ്ങളവിടെ പോസ്റ്റടിച്ച് നില്‍ക്കേണ്ടി വന്നു. പിന്നെ ഒരു പത്തിരുപത് മിനുട്ട് നേരത്തേക്ക് എന്താണ് നടക്കുന്നതെന്ന് മനസിലായില്ല. കുറേ വണ്ടികള്‍ വരുന്നു, സാധനങ്ങള്‍ ഇറക്കുന്നു, ഞങ്ങളെ കൊണ്ട് മേക്കപ്പ് ചെയ്യിക്കുന്നു. അത് കഴിഞ്ഞ് സീന്‍ എടുത്തു.

അപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഇത്രയേ ഉള്ളൂവല്ലേ എന്നാണ്. ഇതിന് വേണ്ടിയാണോ രാവിലെ മുതല്‍ ഇത്രയും സമയം കളഞ്ഞതെന്നും ചിന്തിച്ചു. അവര്‍ക്ക് വൈകുന്നേരം വിളിച്ചാല്‍ മതിയായിരുന്നല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്.

ഞങ്ങളെ കൊണ്ടുപോയത് അനൂപ് എന്ന ചേട്ടനാണ്. അന്ന് ട്രാവലറില്‍ പോകുമ്പോള്‍ അതിനകത്ത് ചില ചേട്ടന്മാര്‍ തങ്ങള്‍ക്ക് സിനിമയാണ് ജീവിതം, സിനിമയില്‍ എത്തണം എന്നൊക്കെ പറഞ്ഞു. അതിന് എന്താണ് ചെയ്യേണ്ടത് എന്നും ചോദിച്ചു. അന്ന് ആ ചേട്ടന്‍ പറഞ്ഞതില്‍ ഒരു കാര്യം എനിക്ക് ഇന്നും ഓര്‍മയുണ്ട്.

‘നിങ്ങള് സിനിമയെ അന്വേഷിച്ചു പോകേണ്ട. സിനിമക്ക് ആവശ്യമുണ്ടെങ്കില്‍ സിനിമ നിങ്ങളെ കണ്ടെത്തിക്കോളും’ എന്നായിരുന്നു പറഞ്ഞത്. അത് കഴിഞ്ഞ് ഒന്നര കൊല്ലം കഴിഞ്ഞപ്പോള്‍ എനിക്ക് കമ്മട്ടിപാടത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഇപ്പോള്‍ ഇവിടെ അഞ്ചക്കള്ളകോക്കാനില്‍ വരെ എത്തി,’ പ്രവീണ്‍ ടി.ജെ പറഞ്ഞു.

നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ സാന്നിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസ് നിര്‍മിച്ച ഏറ്റവും പുതിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമാ മേഖലയിലേക്ക് കടന്നു വന്ന ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തത്. ചെമ്പന്‍ വിനോദിന്റെ സഹോദരന്‍ കൂടെയാണ് ഉല്ലാസ്.


Content Highlight: Praveen TJ Talks About Iyobinte Pusthakam

We use cookies to give you the best possible experience. Learn more