| Monday, 15th January 2018, 11:43 pm

കാണാതായ വി.എച്ച്.പി.നേതാവ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജസ്ഥാന്‍: കാണാതായ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ അവശനിലയില്‍ കണ്ടെത്തി. അഹമ്മദാബാദിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ് തൊഗാഡിയ ഇപ്പോള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് അവശനിലയിലാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പ്രവീണ്‍ തൊഗാഡിയയെ കാണ്‍മാനില്ലെന്ന കാണിച്ച് വി.എച്ച്. പി പ്രവര്‍ത്തകര്‍ നേരത്തേ പരാതി നല്‍കിയിരുന്നു. പൊലീസ് രഹസ്യമായി തൊഗാഡിയയെ അറസ്റ്റുചെയ്ത് കസ്റ്റഡിയിലാക്കിയിരിക്കുകയാണെന്ന വാദവുമായി വി.എച്ച്.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

രാജസ്ഥാന്‍ സര്‍ക്കാരാണ് വി.എച്ച്.പി നേതാവിനെ തടവിലാക്കിയിരിക്കുന്നെതന്ന് കാട്ടിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ ഭരണം സംസ്ഥാനത്തിന്റെ ഘടനയെ ബാധിച്ചുവെന്നും സര്‍ക്കാര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും വി.എച്ച്.പി നേതൃത്വം ആരോപിച്ചിരുന്നത്.

നേരത്തേ രജിസ്റ്റര്‍ ചെയ്ത കേസിന്റെ പേരിലാണ് തൊഗാഡിയയെ ഇപ്പോള്‍ അറസ്റ്റിലാക്കിയിരിക്കുന്നതെന്ന പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വീട്ടില്‍ പൊലീസ് തൊഗാഡിയയ്ക്കായി തെരച്ചില്‍ നടത്തിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തെ കാണാതായതെന്ന് നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം തൊഗാഡിയയെ അറസ്റ്റുചെയ്തുവെന്ന വാര്‍ത്ത രാജസ്ഥാന്‍ പൊലീസ് നിഷേധിച്ചു. രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യാനായി ശ്രമിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ നടത്തുന്ന ഒത്തുകളിയാണിതെന്ന് ആരോപിച്ച് ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി വി.എച്ച്.പി നേതൃത്വം രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more