| Thursday, 27th April 2023, 9:58 am

ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതാകാന്‍ കാരണം മുസ്‌ലിങ്ങള്‍; അസമില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തി കുടിയേറ്റക്കാരെ നാടുകടത്തണം: പ്രവീണ്‍ തൊഗാഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറി കടന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയുമായി വിശ്വ ഹിന്ദു പരിഷത്ത് നേതാവായിരുന്ന പ്രവീണ്‍ തൊഗാഡിയ. രാജ്യത്തുണ്ടായ ജനസംഖ്യ വര്‍ധനവിന് കാരണം മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളാണെന്നാണ് തെഗാഡിയ പറഞ്ഞത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ കുറഞ്ഞ് വരികയാണെന്നും അസമിലടക്കമുണ്ടായിട്ടുള്ള മുസ്‌ലിം കുടിയേറ്റങ്ങളില്‍ പരിശോധന വേണമെന്നും തൊഗാഡിയ പറഞ്ഞു. വര്‍ധിച്ച് വരുന്ന ജനന നിരക്ക് നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണ ബില്ല് നടപ്പിലാക്കണമെന്നും അന്തര്‍ രാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ (എ.എച്ച്.പി) നേതാവായ തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു തൊഗാഡിയയുടെ പരാമര്‍ശം.

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ജനസംഖ്യ വിസ്‌ഫോടനം നടന്നുകൊണ്ടിരിക്കുകയാണെന്നും, ഇപ്പോഴുള്ള പോപ്പുലേഷന്‍ ടൈം ബോംബ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോവുന്നത് ഹിന്ദുക്കളെയാണെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയിലെ ജനസംഖ്യ ചൈനയെ മറികടന്നെന്നാണ് വാര്‍ത്തകള്‍, നിലവില്‍ രാജ്യത്തെ ഹിന്ദു ജനസംഖ്യയും ജനന നിരക്കും കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. മൊത്തം ജനസംഖ്യയില്‍ ഹിന്ദുക്കളുടെ എണ്ണത്തിലും വലിയ കുറവാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴുണ്ടായിരിക്കുന്ന ജനസംഖ്യ വര്‍ധനവില്‍ ഹിന്ദുക്കള്‍ക്ക് പങ്കില്ല.

കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യാ വര്‍ധന നിരക്ക് 1.8 ശതമാനം മാത്രമാണ്. അതേസമയം മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ജനസംഖ്യാ വളര്‍ച്ച നിരക്ക് 2.4 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. കണക്കുകള്‍ പ്രകാരം ഇപ്പോഴുള്ള ജനസംഖ്യ ടൈം ബോംബ് രാജ്യത്തിലെ എല്ലാ ഗ്രാമങ്ങളിലും ആക്ടീവ് ആയി കൊണ്ടിരിക്കുന്നുണ്ട്. അടുത്ത 10-15 വര്‍ഷം കൊണ്ട് ഈ പോപ്പുലേഷന്‍ ബോംബ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോവുന്നത് ഹിന്ദുക്കളെ ആയിരിക്കും,’ തൊഗാഡിയ പറഞ്ഞതായി ലൈവ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

അസമിലെ മുസ്‌ലിം കുടിയേറ്റങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും രാജ്യത്ത് ജനസംഖ്യ നിയന്ത്രണ ബില്ല് നടപ്പിലാക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ആറ് മാസത്തിനുള്ളില്‍ അസമില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തി കുടിയേറ്റക്കാരെ പുറത്താക്കാനും എ.എച്ച്.പി നേതാവ് നിര്‍ദേശിച്ചു.

‘അസമിലാണ് ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ പ്രതിസന്ധി ആദ്യം ബാധിച്ചത്. അന്തര്‍ രാഷ്ട്രീയ ഹിന്ദു പരിഷത്ത് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇവിടെയുള്ള ജനസംഖ്യ വര്‍ധനവ് തടയാനായി പോപ്പുലേഷന്‍ കണ്‍ട്രോള്‍ ബില്ല് നടപ്പാക്കാനാണ് എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്.

അസമിലാണെങ്കില്‍ അവിടെ സംഭവിക്കുന്ന ബംഗ്ലാദേശ് മുസ്‌ലിങ്ങളുടെ കുടിയേറ്റം നിര്‍ത്തലാക്കേണ്ടതുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തി രാജ്യത്ത് അനധികൃതമായി കടന്ന് വന്ന മുസ്‌ലിം കുടിയേറ്റക്കാരെ ഇവിടുന്ന് ഒഴിപ്പിക്കണം. 1951 ലെ വോട്ടര്‍ ലിസ്റ്റ് അടിസ്ഥാനമാക്കി ഇത്തരം കുടിയേറ്റക്കാരെ കണ്ടെത്താന്‍ ആസാം സര്‍ക്കാര്‍ തയ്യാറാവണം,’ തൊഗാഡിയ പറഞ്ഞു.

Content Highlight: praveen thegadia says muslims are the reason for indias population

We use cookies to give you the best possible experience. Learn more