“സഹിഷ്ണുതയും” , “തുറന്നമനസ്സും” ഉള്ള രാഹുല്‍ ഈശ്വര്‍. ഇതാണ് അവര്‍ ഇപ്പോള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന തന്ത്രം. “അവര്‍” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് “ബാലന്‍സ്ഡ്” ആയി തോന്നുന്ന പോസ്റ്റുകളിലൂടെ തന്ത്രപരമായി സംഘപരിവാറിനുവേണ്ടി ആശയപ്രചാരകരായി പ്രവര്‍ത്തിക്കുന്നവരെയാണ്. കാരണം ഇവിടുത്തെ പ്രത്യേക രാഷ്ട്രീയ അന്തരീക്ഷം കാരണം അവര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ നേരിട്ട് ഇവിടെ വില്‍ക്കുവാനാവില്ല എന്നതുതന്നെ.
ഇന്ന് രാവിലെ, രാഹുല്‍ ഈശ്വര്‍ ന്യൂസ് ചാനലുകളില്‍ പറഞ്ഞത് കലാപങ്ങള്‍ സൃഷ്ടിയ്ക്കാനായി ക്ഷേത്രങ്ങളില്‍ ബീഫ് വലിച്ചെറിയുകയെന്ന പരമ്പരാഗത രീതി തീവ്രഹിന്ദുത്വവാദികള്‍ നിര്‍ത്തണമെന്നാണ്.
ദേശീയചാനലുകളിലൂടെ അദ്ദേഹം നടത്തുന്ന വിഷംചീറ്റുന്ന പരാമര്‍ശങ്ങള്‍ കണ്ടുശീലിച്ച ആരും അതിശയിച്ചു പോകും.
ആര്‍.എസ്.എസ് സര്‍സംഘചാലകായിരുന്നു ഗോള്‍വാക്കറിന്റെ വാക്കുകള്‍ എല്ലാ ഹിന്ദുക്കളും അനുസരിക്കണം എന്ന് ഇതേ രാഹുല്‍ ഈശ്വര്‍ തന്നെയാണ് പറഞ്ഞതെന്ന കാര്യം അദ്ദേഹത്തിന്റെ പുതിയ പരാമര്‍ശങ്ങളെ പുകഴ്ത്തുന്ന “നിഷ്പക്ഷകരൊന്നും” പറയില്ല.
ഇതേ ഗോള്‍വാക്കര്‍ തന്നെയാണ് നാസികളെ മാതൃകയാക്കിയതും ഇസ്രഈലിനെ പിന്തുണച്ചതും. ഇതേ ഗോള്‍വാക്കര്‍ തന്നെയാണ് വി.എച്ച്.പിയുള്‍പ്പെടെ ഇന്നുനാം കാണുന്ന സംഘപരിവാര്‍ ചട്ടക്കൂടുകള്‍ സൃഷ്ടിച്ചെടുത്തതും. ഇതേ വ്യക്തിതന്നെയാണ് ഈ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കണമെന്നാഗ്രഹിച്ചതും. അങ്ങനെയുള്ള ഗോള്‍വാക്കര്‍ ഹിന്ദുമുസ്‌ലിം ഐക്യത്തിനുവേണ്ടി നിലകൊണ്ടയാളാണെന്നാണ് ഈശ്വര്‍ പറയുന്നത്.
മുസ്‌ലീങ്ങളെക്കുറിച്ച് ഗോള്‍വാക്കര്‍ എഴുതിയത് ഇതാണ്. ” അവരെ ഇവിടെ നില്‍ക്കാന്‍ അനുവദിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനായിരിക്കും. അല്ലാതെ ഹിന്ദു സമുദായം അതിന് ഉത്തരവാദിയല്ല. മഹാത്മാഗാന്ധിക്ക് അധികകാലം അവരെ വഴിതെറ്റിക്കാന്‍ കഴിയില്ല. എതിരാളികളെ ഉടന്‍ നിശബ്ദരാക്കാനുള്ള വഴിയൊക്കെ ഞങ്ങള്‍ക്ക് അറിയാം.”
രാഹുല്‍ ഈശ്വര്‍ കളിക്കുന്ന വ്യത്യസ്തമായൊരു കളിയാണിത്. വര്‍ഷങ്ങളായി കേരളത്തില്‍ നിന്നുള്ള ഹിന്ദുത്വ പ്രചരണങ്ങളുടെ മുഖമായിരുന്നു ദേശീയ മാധ്യമങ്ങളില്‍ രാഹുല്‍ ഈശ്വറിന്റേത്. പക്ഷേ പഴയ രീതി ഇവിടെ നടപ്പില്ലെന്ന് കണ്ട് അടുത്തിടെ അദ്ദേഹം രീതി ചെറുതായൊന്നു മാറ്റി. അദ്ദേഹമിപ്പോള്‍ മുസ്‌ലിം സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ്. ഒരുവശത്ത് വിഷംചീറ്റിക്കൊണ്ട് മുന്നോട്ടുപോകുമ്പോഴും ഒരുമതേതര ഇമേജ് സൃഷ്ടിക്കാന്‍ അദ്ദേഹം സ്ഥിരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ന് അദ്ദേഹം സ്വീകരിച്ചിരിക്കുന്ന ആന്റി ഹിന്ദുത്വ എന്നുതോന്നുന്ന നിലപാടുകള്‍ ഈ ശ്രമത്തിന്റെ ഭാഗമാണ്. അദ്ദേഹം പറയുന്ന മറ്റു കള്ളങ്ങളില്‍ മിണ്ടാതിരിക്കുമ്പോഴും “ഈ വിശാലമനസ്‌കൃതയെ” പുകഴ്ത്തുന്ന ചില പോസ്റ്റുകളുടെ ടൈമിങ്ങും സംശയമുയര്‍ത്തുന്നു. എല്ലാകാലത്തും തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കുവേണ്ടി നിലകൊണ്ട ഒരുവ്യക്തിയെ വെള്ളപൂശാനുള്ള ശ്രമമാണിത്.
തങ്ങള്‍ നില്‍ക്കുന്ന ഇടത്തിന്റെ പ്രത്യേകത നോക്കി ഇതുപോലുള്ള കളികള്‍ കളിക്കാന്‍ അഗ്രഗണ്യന്മാരാണ് സംഘപരിവാര്‍. ഭീകരന്മാരായ കാവിഗൗളികളാകാനുള്ള ശക്തി നേടിയെടുക്കുംവരെ അവര്‍ ഓന്തുകളായി തുടരും. അവര്‍ കളിക്കുന്ന വ്യത്യസ്തമായ റോളുകള്‍ കണ്ട് തെറ്റിദ്ധരിക്കാതിരിക്കുക. ഇതെല്ലാം ഒരുലക്ഷ്യത്തിനുവേണ്ടിയാണ്.