നിക്ഷേപത്തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ പിടിയില്‍
Kerala News
നിക്ഷേപത്തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th January 2023, 8:29 pm

കൊച്ചി: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പ്രവീണ്‍ റാണ പൊലീസ് പിടിയില്‍. തൃശ്ശൂര്‍ പോലീസിനെ വെട്ടിച്ച് കൊച്ചിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ്  സംഘം പിടികൂടിയത്.

ഇക്കഴിഞ്ഞ ആറാം തീയതി പ്രവീണ്‍ റാണ സംസ്ഥാനം വിട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായി ഇതര സംസ്ഥാനത്തും തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

തൃശൂര്‍ ഈസ്റ്റ് സി.ഐ ലാല്‍കുമാറും കമ്മീഷണറുടെ സ്‌ക്വാഡുമാണ് പ്രവീണ്‍ റാണയെ പിടികൂടിയത്. കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ കൂട്ടാളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

റാണയുടെ സ്ഥാപനത്തിലെ അഡ്മിന്‍ മേധാവിയായ വെളുത്തൂര്‍ സ്വദേശി സതീഷാണ് അറസ്റ്റിലായത്. ഒപ്പം നിക്ഷേപ രേഖകളും പിടിച്ചെടുത്തിരുന്നു. പാലാഴിയിലെ വീട്ടില്‍ നിന്നാണ് രേഖകള്‍ കണ്ടെടുത്തത്. ബുധനാഴ്ച മറ്റൊരു സഹായി റിയാസും പിടിയിലായിരുന്നു. ഇയാളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ്ങ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സിയിലൂടെയാണ് പ്രവീണ്‍ റാണ തട്ടിപ്പ് നടത്തിയത്. പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് പ്രവീണ്‍ റാണക്കെതിരായ കേസ്. 18 കേസുകളാണ് പ്രവീണ്‍ റാണക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍. 48 ശതമാനം വരെ പലിശയും ഫ്രാഞ്ചൈസി ചേര്‍ക്കാമെന്ന വാഗ്ദാനവും ചെയ്താണ് ആളുകളില്‍ നിന്ന് ഇയാള്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചത്.

പീച്ചി സ്വദേശിനിയായ ഹണി തോമസിന്റെ പരാതിയിലാണ് റാണക്കെതിരെ ആദ്യം പൊലീസ് കേസെടുത്തത്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നാണ് പരാതി.

കള്ളപ്പണം ഒളിപ്പിക്കാനായി സിനിമയിലും പണം മുടക്കിയെന്നാണ് വിവരം. 2020ല്‍ അനന്‍ എന്ന ചിത്രം നിര്‍മിക്കുകയും ഇതില്‍ കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്തിട്ടുണ്ട് പ്രവീണ്‍ റാണ. 2022ല്‍ ചോരന്‍ എന്ന സിനിമ നിര്‍മിച്ചതും അതില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും പ്രവീണ്‍ റാണയായിരുന്നു.

Content Highlight: Praveen Rana In Police Custody