ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച സീസണ്‍ ആണ് മുന്നിലുള്ളത്. ഐ.പി.എല്ലും അതുകഴിഞ്ഞ് നടക്കാനിരിക്കുന്ന ഐ.സി.സി ലോകകപ്പും വലിയ ആവേശമാണ് ആരാധകര്‍ക്ക് നല്‍കുന്നത്. അതിനിടയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ചും വിരാട് കോഹ്‌ലിയെ കുറിച്ചും സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ കുമാര്‍.
വിരാട് തന്റെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണെന്നും അദ്ദേഹം ഇന്ത്യയുടെ മാച്ച് വിന്നര്‍ ആണെന്നും മുന്‍ താരം പറഞ്ഞു. എതിരാളികളെ സമ്മര്‍ദത്തില്‍ ആക്കാന്‍ വിരാടിന് കഴിയുമെന്നും എന്നാല്‍ രോഹിത് വിരാടിനേക്കാള്‍ അപകടകാരിയായ ബാറ്റര്‍ ആണെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. രോഹിത് ഗെയിമില്‍ എത്തിക്കഴിഞ്ഞാല്‍ അവനെ പുറത്താക്കുന്നത് പ്രയാസമാണെന്നും മുന്‍ താരം ചൂണ്ടിക്കാണിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇരുവരേയും പുറത്താക്കുന്നത് എളുപ്പമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘വിരാട് കോഹ്‌ലിക്കെതിരെ ഞാന്‍ പന്തെറിഞ്ഞിട്ടുണ്ട്, അദ്ദേഹത്തെ പുറത്താക്കാനും ക്യാച്ചെടുക്കാനും എളുപ്പമാണ്. ഞാന്‍ പറയുന്നത് മുന്‍കാലങ്ങളെ കുറിച്ചാണ്. ഇപ്പോള്‍ ബുദ്ധിമുട്ടാണ്. രോഹിത് വൈകിയാണ് കളിക്കുന്നത്. രോഹിതും ക്യാച്ചില്‍ കുടുക്കി പുറത്താക്കാം. എന്നാല്‍ വിരാടിനേക്കാള്‍ അപകടകാരിയായ ബാറ്ററാണ് രോഹിത് ശര്‍മയെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം ശുഭങ്കര്‍ മിശ്രയോട് പറഞ്ഞു.
ഇന്ത്യക്കുവേണ്ടി ആറ് ടെസ്റ്റുകളും 68 ഏകദിനങ്ങളും 10 ടി-ട്വന്റിയും കുമാര്‍ കളിച്ചിട്ടുണ്ട്. രോഹിത്തിന്റെയും വിരാടിന്റെയും കൂടെ താരം കളിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും പ്രവീണ്‍ കളിച്ചിട്ടുണ്ട്.
Content Highlight: Praveen Kumar Talking About Virat Kohli And Rohit Sharma