Sports News
എല്ലാവരും ഇത് ചെയ്യാറുണ്ട്: പാകിസ്ഥാന്‍ ബൗളര്‍മാര്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന് പ്രവീണ്‍കുമാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 07, 05:40 pm
Sunday, 7th January 2024, 11:10 pm

പാകിസ്ഥാനെതിരെ വലിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാര്‍. പാകിസ്ഥാന്‍ ബൗളര്‍മാര്‍ പന്തിന്റെ ഒരറ്റം ചുരണ്ടുന്നുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറയുന്നത്. TheLellantop ആയി നടത്തിയ അഭിമുഖത്തിലാണ് പ്രവീണ്‍കുമാര്‍ തന്റെ ആരോപണം ഉന്നയിച്ചത്. പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യുന്നതിന് വേണ്ടി കാണിക്കുന്ന കൃത്രിമത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആണ് താരം മറുപടി പറഞ്ഞത്. ഓരോ ബൗളര്‍മാരും പന്തില്‍ കുറച്ച് കൃത്രിമം കാണിക്കുന്നുണ്ടെന്നും പാകിസ്ഥാന്‍ ബൗളര്‍മാര്‍ അത് കൂടുതല്‍ ചെയ്യുന്നുണ്ടെന്നും പ്രവീണ്‍ അവകാശപ്പെട്ടു.

ഗ്രൗണ്ടിന് ചുറ്റും ക്യാമറ ഉള്ളതിനാല്‍ ഇപ്പോള്‍ റിവേഴ്‌സ് സ്വിങ് നടത്തുന്നതിനുവേണ്ടി കൃത്രിമം കാണിക്കുന്നത് അസാധ്യമാണെന്ന് ഫാസ്റ്റ് ബൗളര്‍ക്ക് അറിയാം. അതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

‘എല്ലാവരും അത് കുറച്ചു ചെയ്യുന്നുണ്ട്, അവര്‍ അത് കുറച്ചു കൂടുതലായി ചെയ്യുന്നു. അതാണ് ഞാന്‍ കേട്ടത്. ഇപ്പോള്‍ എല്ലായിടത്തും ക്യാമറകളുണ്ട്. നേരത്തെ എല്ലാവരും അത് ചെയ്യാറുണ്ടെന്നും മറ്റുള്ളവര്‍ക്ക് അറിയാം. പന്തിന്റെ ഒരു വശത്ത് ഒരാള്‍ സ്‌ക്രാച്ച് ചെയ്യും, എന്നിട്ട് പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യിക്കാന്‍ അറിയുന്ന ഒരാള്‍ക്ക് നല്‍കും. അത് പഠിക്കേണ്ടതുണ്ട്,’അദ്ദേഹം പറഞ്ഞു.

മുന്‍കാലങ്ങളില്‍ പാകിസ്ഥാന്‍ ബൗളര്‍മാര്‍ സ്ലെഡ്ജിങ് നടത്താറുണ്ടായിരുന്നു. ഇമ്രാന്‍ ഖാന്‍, വസീം അക്രം, വഖാര്‍ യൂനിസ് എന്നിവരാണ് അത് നല്ല രീതിയില്‍ ചെയ്തത്. അവര്‍ക്ക് റിവേഴ്‌സ് സ്വിങ് നന്നായി അറിയാമായിരുന്നു. അത് അവരുടെ ഗോ ടു ബോള്‍ ആണ്. പല ഇതിഹാസങ്ങളെയും അവര്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും പറയുന്നത് ശരിയാണ്.

ഇന്നത്തെ തലമുറയില്‍ വൈറ്റ് ബോളില്‍ റിവേഴ്‌സ് സ്വിങ് ചെയ്യുന്ന ബൗളര്‍മാരില്ല. അതിന് കാരണം ഇപ്പോള്‍ ഏകദിനത്തില്‍ രണ്ട് പുതിയ പന്തുകള്‍ ഉപയോഗിക്കുന്നതാണ്. യുവ ബൗളര്‍മാര്‍ക്ക് അത് അറിയില്ല. റിവേഴ്‌സ് സ്വിങ് അറിയുന്ന ചുരുക്കം ബൗളര്‍മാരാണ് ഉള്ളത്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെതിരെയും മുമ്പ് പന്ത് ചുരണ്ടല്‍ വിവാദം ഉണ്ടായിരുന്നു. അതില്‍ ഡേവിഡ് വാര്‍ണര്‍, സ്മിത്ത് തുടങ്ങിയ കളിക്കാര്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു.

Content Highlight: Praveen Kumar said that Pakistani bowlers tampered with the ball