ന്യൂദല്‍ഹി: എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്‌സ് വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തിയുടെ ട്വീറ്റ്. 2014ന് ശേഷം നടന്ന വലിയ സംസ്ഥാന തെരഞ്ഞെടുപ്പുകളിലെല്ലാം നടന്ന 80 ശതമാനം സീറ്റ് പ്രവചനങ്ങളും തെറ്റായിരുന്നുവെന്ന് പ്രവീണ്‍ ചക്രവര്‍ത്തി മെയ് 15ന് ചെയ്ത ട്വീറ്റില്‍ പറയുന്നു.
രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, കര്‍ണാടക, പഞ്ചാബ്, ബീഹാര്‍, യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ദല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പങ്ക് വെച്ചുകൊണ്ടാണ് പ്രവീണ്‍ ചക്രവര്‍ത്തിയുടെ ട്വീറ്റ്.
പ്രവചനം നടത്തിയ ഏജന്‍സികളുടെ കൃത്യത ( സി വോട്ടര്‍-15%; ചാണക്യ-25%; ആക്‌സിസ് 38% , സി.എസ്.ഡി.എസ് 0%.) യും പ്രവീണ്‍ ചക്രവര്‍ത്തി പങ്ക് വെക്കുന്നു.
അതേസമയം ഇ.വി.എമ്മില്‍ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മെയ് 23ന് ഫലം വന്നതിന് ശേഷം ഓരോ ബൂത്തിലെയും വിവരങ്ങള്‍ ഡാറ്റ അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്തി ഇ.വി.എമ്മുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ ‘ഫോറന്‍സിക് മാതൃക’യിലുള്ള സംവിധാനമാണ് കോണ്‍ഗ്രസിന്റെ ഡാറ്റാ അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്
‘ഏത് ബുത്തിലാണ് ഇ.വി.എം അട്ടിമറി നടന്നതെന്ന് ഇനി മനസിലാക്കാന്‍ സാധിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ ഇത് സാധ്യമാവുകയുള്ളൂ’ കോണ്‍ഗ്രസ് അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.