പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തടസ്സമായ കേന്ദ്ര ഉത്തരവിനെതിരെ പ്രവാസികളുടെ പ്രതിഷേധം; മൗനം തുടര്‍ന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം
Details Story
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തടസ്സമായ കേന്ദ്ര ഉത്തരവിനെതിരെ പ്രവാസികളുടെ പ്രതിഷേധം; മൗനം തുടര്‍ന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th April 2020, 12:08 pm

അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാഴാകുന്നു. അനിശ്ചിതത്വം തുടരവേ വിഷയത്തില്‍ ഒരു വിശദീകരണം ഇറക്കാന്‍ പോലും വിദേശകാര്യമന്ത്രാലയം തയ്യാറാകാത്തത് പ്രവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

കൊവിഡ് 19 കാരണമോ കൊവിഡ് സംശയിക്കുന്ന മരണങ്ങളോ ആണെങ്കില്‍ ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന ഉത്തരവ് മാത്രമാണ് കേന്ദ്രം ഇതുവരെ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ഇത് ചൂണ്ടിക്കാട്ടി പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ഗള്‍ഫിലെ പല വിമാനത്താളവങ്ങളിലും അനുമതി നല്‍കുന്നില്ല.

ആശയക്കുഴപ്പമൊന്നും ഇല്ലെന്നും മൃതദേഹം കൊണ്ടുവരാന്‍ അനുമതി നല്‍കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കിയിട്ട് ഒരു ദിവസം പിന്നിട്ടിട്ടും വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.

റാസല്‍ഖൈമയില്‍ മരിച്ച മലയാളിയുടെ മൃതദേഹം എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കാര്‍ഗോയ്ക്ക് കൈമാറിയ ശേഷമാണ് വിമാനത്തില്‍ കയറ്റുന്നത് വിലക്കിയത്. മൃതദേഹം തിരിച്ചെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രവാസി സംഘടനയിലെ പ്രതിനിധികള്‍.

യു.എ.ഇയില്‍ നിന്നുള്ള പ്രവാസികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തേയും വിദേശകാര്യമന്ത്രാലയത്തേയും നിരന്തരം ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. കൊവിഡ് കാരണമല്ല മരണമെങ്കില്‍ വിലക്ക് ഇല്ലെന്നിരിക്കെ വെറുമൊരു ഔദ്യോഗിക വിശദീകരണത്തിലൂടെ പരിഹരിക്കാവുന്ന വിഷയത്തിലാണ് കേന്ദ്രത്തിന്റെ ഈ അലംഭാവമെന്ന് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് 19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ചിരുന്നു.

മരണകാരണം കൊവിഡല്ലെങ്കിലും മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കരുതെന്ന നിര്‍ദ്ദേശമാണ് നിലവിലുള്ളതെന്നാണ് ഗള്‍ഫ് വിമാനത്താവള അധികൃതര്‍ നല്‍കുന്നത്.

കൊവിഡ് ബാധിച്ചാണ് മരണമെങ്കില്‍ മൃതദേഹം കൊണ്ടുവരുന്നത് ഒഴിവാക്കണം എന്ന മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ഇപ്പോള്‍ നിലവിലുള്ളത്. മറ്റ് കേസുകളില്‍ വിലക്കില്ല എന്ന് വിദേശകാര്യമന്ത്രാലയം പറയുമ്പോഴും ഇക്കാര്യം വ്യക്തമാക്കിയുള്ള പ്രസ്താവനയോ മാര്‍ഗ്ഗനിര്‍ദ്ദേശമോ പുറത്തിറക്കിയിട്ടില്ല.

ദുബായ്, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ നിരവധി മലയാളികളുടെ മൃതദേഹങ്ങളാണ് ഇതിനകം മടക്കി അയച്ചത്. കഴിഞ്ഞ ദിവസം കുവൈത്തില്‍ മരിച്ച കോഴിക്കോട് മാവേലിക്കര സ്വദേശികളുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും അവസാന നിമിഷം ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതായി വിമാനകമ്പനി അറിയിച്ചിരുന്നു

സഹോദരന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിനായി കാത്തിരിക്കുകയാണെന്ന് റാസല്‍ഖൈമയില്‍ മരിച്ച ഷാജിലാലിന്റെ സഹോദരന്‍ ഷിബു പ്രതികരിച്ചു.

’22 ാം തിയതി പുലര്‍ച്ചെ അഞ്ച് മണിയ്ക്ക് മൃതദേഹം എംബാം കഴിഞ്ഞ് രാവിലെ എട്ട് മണിയോടെ ദുബായ് എയര്‍പോര്‍ട്ടില്‍ എത്തി ബോഡി കൈമാറിയതാണ്. 23 ാം തിയതി 11 മണിക്കായിരുന്നു ഫ്‌ളൈറ്റ്. നാട്ടില്‍ വിളിച്ചുപറഞ്ഞതുപ്രകാരം അവരും വിമാനത്താവളത്തില്‍ വന്ന് കാത്തിരുന്നു.

എന്നാല്‍ വിമാനം പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പാണ് എയര്‍പോര്‍ട്ടില്‍ നിന്ന് വിളിച്ച് മൃതദേഹം കയറ്റിയയക്കാന്‍ കഴിയില്ലെന്ന് പറയുന്നത്. മൃതദേഹങ്ങളൊന്നും സ്വീകരിക്കരുതെന്നാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം എന്നാണ് പറയുന്നത്.

എന്റെ ചേട്ടനാണ് മരണപ്പെട്ടത്. കൊവിഡ് മൂലമല്ല മരണമെന്ന് വ്യക്തമാക്കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളും അവര്‍ക്ക് നല്‍കിയതാണ്. അവരുടെ മാനദണ്ഡം എന്താണെന്ന് അറിയില്ല. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എന്തെങ്കിലും ചെയ്ത് തരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്’, അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് തടസ്സങ്ങളും പ്രയാസങ്ങളും നേരിടുന്നതായി ജി.സി.സി രാജ്യങ്ങളിലെ മലയാളി സംഘടനകളില്‍ നിന്ന് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ലോക്ഡൗണിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ നിര്‍ത്തിവെച്ചത് ഗള്‍ഫ് മലയാളികളെ ഇപ്പോള്‍ തന്നെ വലിയ പ്രയാസത്തിലും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഇന്ത്യന്‍ എംബസികളാകട്ടെ, ദല്‍ഹിയിലെ കേന്ദ്ര ആഭ്യന്തര മന്താലയത്തില്‍ നിന്ന് നിരാക്ഷേപ പത്രം (നോ ഒബ്ജക്ഷന്‍) വേണമെന്ന് നിര്‍ബന്ധിക്കുന്നു. എന്നാല്‍ കോവിഡ്-19 കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുവദിച്ചിട്ടുണ്ട്. അതിന് ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റോ നിരാക്ഷേപ പത്രമോ ആവശ്യവും ഇല്ല. അന്താരാഷ്ട്ര ഫ്ളൈറ്റകള്‍ നിര്‍ത്തിയതുകൊണ്ട് ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നത്.

ആഭ്യന്തര മന്ത്രലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ഇക്കാര്യത്തിലുള്ള നൂലാമാലകള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മങ്ങള്‍ നടത്താനും സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 39,818 ആയി. 234പേര്‍ മരണപ്പെട്ടു. സൗദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1172 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഭാഗികമായി നല്‍കിയ ഇളവുകള്‍ നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും.

രാവിലെ ഏഴ് മണി മുതല്‍ രാത്രി 11 വരെയാണ് സര്‍വീസ്. ട്രെയിനില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങള്‍ തുടരും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.