തിരുവനന്തപുരം: പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികളും കേരള നിയമസഭ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ച മാര്‍ച്ച് മൂന്ന് തിങ്കളാഴ്ച നിയമസഭയിലെ അദ്ദേഹത്തിന്റെ ചേമ്പറില്‍ നടന്നതായി സെല്‍ അറിയിച്ചു. നോര്‍ക്ക റൂട്സും പ്രവാസി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട ഏകദേശം 25ഓളം വിഷയങ്ങളില്‍ സെല്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ചയെന്നും പ്രവാസി ലീഗല്‍ സെല്‍ അറിയിച്ചു.
പി.എല്‍.സി ഉന്നയിച്ച നിരവധി വിഷയങ്ങളില്‍ പലതിലും ഗുണപരമായ സമീപനമാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് പ്രവാസി ലീഗല്‍ സെല്‍ പറഞ്ഞു.
നോര്ക്കറൂട്സിലും ക്ഷേമനിധി ബോര്‍ഡിലും കരാര്‍ അടിസ്ഥാനത്തിലും താത്ക്കാലികാടിസ്ഥാനത്തിലും ഉണ്ടാകുന്ന ഒഴിവുകളില്‍ നിശ്ചിത ശതമാനം അര്‍ഹരായ പ്രവാസികള്‍ക്ക് സംവരണം ചെയ്യുക, നോര്ക്കറൂട്ട്സിലെയും ക്ഷേമനിധി ബോര്‍ഡിലെയും പ്രവാസികളുടെ ബന്ധപ്പെട്ട തര്‍ക്ക പരിഹാരസെല്‍ രൂപീകരിക്കുക തുടങ്ങി പബ്ലിക് -പ്രൈവറ്റ് പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്കുവേണ്ടി എല്ലാ ജില്ലകളിലും കെയര്‍ഹോമുകളും പ്രവാസി സ്പെഷ്യാലിറ്റി ആശുപത്രികളും രൂപീകരിക്കുക, എന്‍.ആര്.ഐ.കമ്മീഷന് ചെയര്‍മാനെ ഉടനെ നിയമിക്കുക എന്നിങ്ങനെ നിരവധി വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്.
നോര്‍ക്ക റൂട്സിന്റെ സാന്ത്വന കാരുണ്യം പദ്ധതികള്‍ക്ക് അര്‍ഹരാവുന്നതിനുള്ള വരുമാന പരിധി ഒന്നരലക്ഷം രൂപയില്‍ നിന്നും 3ലക്ഷം രൂപയായി ഉയര്‍ത്തുക, സാന്ത്വന, കാരുണ്യ, തുടങ്ങിയ പദ്ധതികളില്‍ നിന്നുള്ള ധനസഹായം പാവപ്പെട്ട പ്രവാസികള്‍ക്ക് സമയബന്ധിതമായി ലഭിക്കുന്നതിന് പ്രത്യേക ഫണ്ട് ഏര്‍പ്പെടുത്തുക തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
പ്രവാസി പെന്ഷന് 3500 രൂപയില്‍ നിന്നും 5000 രൂപയായി ഉയര്‍ത്തുക, മടങ്ങിവന്ന പ്രവാസികള്‍ക്ക് ചികിത്സാ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, നോര്‍ക്ക ലോണ്‍ 20ലക്ഷം രൂപയില്‍ നിന്നും 50ലക്ഷം രൂപയായി ഉയര്‍ത്തുക, പ്രവാസിക്ഷേമനിധിയില്‍ അംഗത്വത്തിനുള്ള പ്രായപരിധി എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ച ചെയ്യുകയുണ്ടായി.
പ്രവാസി ക്ഷേമനിധിയില്‍ കുടിശ്ശിക വരുത്തിയവരുടെ അംഗത്വം തത്വദീക്ഷയില്ലാതെ റദ്ദാക്കുന്ന പ്രവാസി ക്ഷേമബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനങ്ങളാണ് പ്രതിപക്ഷനേതാവിന് സമര്‍പ്പിച്ചത്.
നിവേദനങ്ങളിലെ ആവശ്യങ്ങള്‍ പ്രസക്തമാണെന്നും അവ വേണ്ടവിധത്തില്‍ പഠിച്ച് നിയമസഭയില്‍ അവതരിപ്പിക്കാമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പുനല്‍കിയതായും ലീഗല്‍ സെല്‍ അറിയിച്ചു.
പ്രവാസി ലീഗല്‍ സെല്ലിനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി അഡ്വ. ആര്മുരളീധരന്, ട്രെഷറര്‍ തല്‍ഹത്ത് പൂവച്ചല്‍, കമ്മറ്റി അംഗങ്ങളായ ഷെരീഫ് കൊട്ടാരക്കര, ശ്രീകുമാര്‍, ജിഹാംഗിര്‍, നന്ദഗോപകുമാര്‍, നിയാസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Content Highlight: Pravasi Legal Cell meets with Opposition Leader on issues related to Norka Roots and Pravasi Welfare Fund Board