പ്രവാസി ഭാരതീയ ദിവസ് ഇന്ന് സമാപിക്കും; സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കും
Daily News
പ്രവാസി ഭാരതീയ ദിവസ് ഇന്ന് സമാപിക്കും; സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th January 2015, 7:40 am

pravasibharatiyadivas ഗാന്ധിനഗര്‍: പതിമൂന്നാമത് പ്രവാസി ഭാരതീയ ദിവസ് ഇന്ന് സമാപിക്കും. സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തില്‍ ഇന്ന്  കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കും ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗാന്ധിനഗറില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഗാന്ധിനഗറിലെ മഹാമന്ദിര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ അമ്പതോളം രാജ്യങ്ങളില്‍ നിന്നെത്തിയ നാലായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. സാഹചര്യങ്ങളുടെ ഫലമായി വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. അവര്‍ക്ക് നിരവധി അവസരങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നും ഇന്നലെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.

അതേ സമയം പ്രവാസികള്‍ക്ക് ഗുണകരമായ പ്രഖ്യാപനങ്ങളൊന്നും ഇല്ലാതിരുന്നത് അനേകം വരുന്ന പ്രവാസികളില്‍ നിരാശയുണ്ടാക്കി. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ പ്രവാസികള്‍ ഉന്നയിക്കും. സംസ്ഥാനങ്ങളിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ചും പ്രവാസികളനുഭവിക്കുന്ന പ്രശ്‌നങ്ങളും ചര്‍ച്ചയാവും. പ്രാവാസിക്ഷേമം തൊഴിലാളി ക്ഷേമം എന്നീ ലക്ഷ്യങ്ങളുമായി സംഘടിപ്പിക്കുന്ന പ്രവാസീ ഭാരതീയ ദിവസില്‍ നിരവധി പ്രവാസികളാണ് പങ്കെടുത്തത്.