[] ന്യൂദല്‍ഹി: പ്രവാസി ഭാരതീയ ദിവസ് 2014 ന് ഇന്ന് ദല്‍ഹിയില്‍ തുടക്കം. മൂന്ന് ദിവസം നീളുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന സമ്മേളനം ബുധനാഴ്ച്ച രാവിലെ പത്തിന് പ്രധാനമന്ത്രി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചിന് രാഷട്രപതി പ്രണബ് മുഖര്‍ജി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
അതോടൊപ്പം പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ പുരസ്‌കാരത്തിന് അര്‍ഹരായ 14 പേരുടെ പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്യും. ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രത്യേക സെഷനുമുണ്ടാകും.
700ലേറെ പ്രതിനിധികളാണ് പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവ പ്രവാസികളുടെ അഭിലാഷങ്ങളും നേട്ടങ്ങളും ആണ് ആദ്യ ദിനമായ ഇന്ന് ചര്‍ച്ച ചെയ്യുക.
ബുധനാഴ്ച്ച രാവിലെ പത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘടനം ചെയ്യും. സോഫ്ട് വെയര്‍ മേഖലയിലെ ഇന്ത്യന്‍ വൈദഗ്ധ്യത്തിന്‍ സാധ്യതകള്‍, ഇന്ത്യയുടെ വികസന അജണ്ടകള്‍, പ്രവാസികളുടെ അനുഭവ സമ്പത്ത് പങ്കുവെക്കല്‍ തുടങ്ങിയവയായിരിക്കും ബുധനാഴ്ച്ചത്തെ സെഷനിലെ പ്രത്യേക പരിപാടികള്‍.
സമാപന ദിവസമായ വ്യാഴാഴ്ച്ച തങ്ങളുടെ സംസ്ഥാനത്തേക്ക് പ്രവാസികളുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതി വിശദീകരിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്നതായിരിക്കും.
കൂടാതെ ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍, പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം എന്നിവയും സമാപന ദിവസം നടക്കും. ഗള്‍ഫ് പ്രവാസി സെഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി ഇ.അഹമ്മദ്, മുഖ്യമന്ത്രി കെ.സി ജോസഫ്, വ്യവസായികളായ രവി പിള്ള. എം.എ യൂസഫലി, സി.കെ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.