| Tuesday, 12th July 2022, 6:24 pm

സ്റ്റേഷനില്‍ സി.സി.ടി.വി ഇല്ലാത്ത ഇടത്തേക്ക് മാറ്റിനിര്‍ത്തി പൊലീസ് മര്‍ദിച്ചു, അറസ്റ്റിന്റെ കാരണം ബോധിപ്പിച്ചില്ല; കടല്‍ പാലം കാണാന്‍ പോയ ദമ്പതികള്‍ക്കെതിരായ അക്രമത്തില്‍ പ്രത്യുഷ് പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തലശേരി കടല്‍ പാലത്തിനടുത്തുവെച്ച് പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പാലയാട് മേലൂരിലെ പ്രത്യുഷിന് തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ഇല്ലാത്ത ഭാഗത്ത് കൊണ്ടുപോയാണ് തന്നെ മര്‍ദിച്ചതെന്ന് പ്രത്യുഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രത്യുഷിന്റെ പ്രതികരണം.

അറസ്റ്റിന്റെ കാരണം ബോധിപ്പിക്കാന്‍ പൊലീസ് തയ്യാറായില്ല. എന്നെ ബലം പ്രയോഗിച്ച് വണ്ടിയില്‍ കയറ്റിയപ്പോഴാണ് ഞാന്‍ ബലം പ്രയോഗിച്ചത്. അതിന് ശേഷം വേറെ പൊലീസുകാര്‍ എത്തിയാണ് സ്‌റ്റേഷനില്‍ എത്തിച്ചത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടയുന്ന ഒരു കാര്യവും ഞാന്‍ ചെയ്തിച്ചില്ല. അവിടെ നില്‍ക്കാന്‍ പാടില്ലാത്തതിന്റെ കാരണം അന്വേഷിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.

പൊലീസിനോട് തിരികെ ചോദ്യങ്ങള്‍ ചോദിച്ചതാണ് മര്‍ദനത്തിന് കാരണമെന്നും പ്രത്യുഷ് ആരോപിച്ചു. രാത്രിയില്‍ ഇറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത് പൊലീസ് അസഭ്യവര്‍ഷം നടത്തി. പ്രതികരിച്ച തന്നെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

എട്ട് പൊലീസുകാര്‍ സി.സി.ടി.വി ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയാണ് മര്‍ദിച്ചത്. പൊലീസിനെ താന്‍ മര്‍ദിച്ചു എന്ന ആരോപണം കള്ളമാണെന്നും തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രത്യുഷ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് തലശ്ശേരിയില്‍ കടല്‍പ്പാലം കാണാന്‍ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടല്‍പ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മര്‍ദിക്കുകയും കേസെടുക്കുകയും ചെയ്തുവെന്നാണ് ഭാര്യ മേഘ പറയുന്നത്.

മേഖയുടെ പ്രതികരണം

കഴിഞ്ഞ അഞ്ചാം തിയതിയാണ് കടല്‍ പാലം കാണാന്‍ പോയിരുന്നത്. നല്ല മഴ കാരണം ഒരു ഷെഡിലേക്ക് കയറിയിരുന്നിരുന്നു. അപ്പോഴാണ് പൊലീസ് അവിടെ വരുന്നത്. പൊലീസ് ഭര്‍ത്താവിനോട് എന്താണിവിടെ എന്ന് ചോദിച്ചപ്പോള്‍ വെറുതെ വന്നതാണ് എന്നാണ് മറുപടി നല്‍കിയത്.

അപ്പോള്‍ ഇവിടെ സേഫല്ല, ഇവിടെ നിന്ന് പോകണം എന്ന് പൊലീസ് പറഞ്ഞു. അതിന് എന്തെങ്കിലും ഓര്‍ഡര്‍ ഉണ്ടോ എന്ന് ഭര്‍ത്താവ് ചോദിച്ചു. മാന്യമായി ആയിരുന്നു അദ്ദേഹം അത് ചോദിച്ചത്.

പക്ഷേ അത് ചോദിച്ചത് പൊലീസിന് ഇഷ്ടമായില്ല. അതിന് ശേഷം ഞങ്ങളുടെ ലൈസന്‍സ്, വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചെങ്കിലും ആ സമയത്ത് കയ്യിലുണ്ടായിരുന്നില്ല.

അത് ഹാജരാക്കാം എന്ന് പറഞ്ഞു. പക്ഷേ പൊലീസ് ഞങ്ങളുടെ വാഹനം കൊണ്ടുപോകും എന്നാണ് പറഞ്ഞത്. അതിന് ശേഷം ബലം പ്രയോഗിച്ചാണ് ഞങ്ങളെ സ്റ്റേഷനിലെത്തിച്ചത്. എന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു വനിത പൊലീസ് ഉണ്ടായിരുന്നില്ല.

CONTENT HIGHLIGHTS: Pratyush says the Police violence against the couple who went to see the sea bridge in Thalassery

We use cookies to give you the best possible experience. Learn more