| Sunday, 1st January 2023, 10:35 pm

'ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിക്കാനാണോ രാജുമോന്റെ ഉദ്ദേശം'; പൃഥ്വിരാജ് ചിത്രത്തിനെതിരെ പ്രതീഷ് വിശ്വനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജിനൊപ്പം ബേസില്‍ ജോസഫും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

പുതുവത്സര ദിനത്തില്‍ പൃഥ്വിരാജ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ്. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന പേരിനെതിരെയാണ് ഇയാള്‍ രംഗത്തെത്തിയത്.

ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി എന്നാണ് ഇയാളുടെ ഭീഷണി.

മലയാള സിനിമാക്കാര്‍ക്ക് ദിശാ ബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്നും ഇയാള്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

‘മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി. എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി. ജയ് ശ്രീകൃഷ്ണ,’ എന്നാണ് പ്രതീഷ് വിശ്വനാഥ് പറഞ്ഞു.

ഉണ്ണി മുകുന്ദന്‍, മാളികപ്പുറം എന്നീ ഹാഷ് ടാഗുകളും പ്രതീഷ് വിശ്വനാഥ് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

അതേസമയം, കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ദീപു പ്രദീപാണ് ഗുരുവായൂരമ്പല നടയിലിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും പൃഥ്വിരാജും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു വര്‍ഷം മുമ്പ് കേട്ട ചിത്രത്തിന്റെ കഥയെ പറ്റി ആലോചിക്കുമ്പോഴെല്ലാം തനിക്ക് ചിരി വരുമെന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞത്. ബേസിലിനൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷവും പൃഥ്വി എടുത്തുപറഞ്ഞു.

Content Highlight: Pratish Vishwanath against the new film starring Prithviraj

We use cookies to give you the best possible experience. Learn more