| Saturday, 3rd October 2020, 5:54 pm

യോഗിക്ക് വേണ്ടി എ.ബി.പി ന്യൂസ് എഴുതിയ തിരക്കഥയുടെ അവതാരകയോ പ്രതിമ മിശ്ര! വിമര്‍ശകര്‍ ഉയര്‍ത്തുന്ന ചോദ്യം ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹാത്രാസില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി മരിച്ച ദളിത് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. കേസില്‍ യു.പി പൊലീസും യോഗി ആദിത്യനാഥ് സര്‍ക്കാരും കാട്ടുന്ന അനാസ്ഥയും പെണ്‍കുട്ടിയുടെ കുടുംബത്തിന് പുറംലോകവുമായുള്ള ബന്ധങ്ങള്‍ ഇല്ലാതാക്കുന്നതുള്‍പ്പെടെയുള്ള മനുഷ്യത്വരഹിതമായ നടപടികളും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇന്നലെ വരെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമങ്ങളെ കടത്തിവിട്ടിരുന്നില്ല. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് എ.ബി.പിയുടെ റിപ്പോര്‍ട്ടറായ പ്രതിമ മിശ്ര യു.പി പൊലീസിന്റെ വിലക്കും അറസ്റ്റ് ഭീഷണിയും മറികടന്ന് രംഗത്തുവരുന്നത്. പിന്നീട് അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ പറ്റാതെ പതറി നില്‍ക്കുന്ന യു.പി പൊലീസിനെയാണ് കാണുന്നത്.

ബി.ജെ.പി-ആര്‍.എസ്.എസ് വേരോട്ടമുള്ള യു.പി പോലൊരിടത്ത്, മാധ്യമ സ്വാതന്ത്ര്യത്തിന് വലിയ വിലകൊടുക്കാത്തിടത്ത് പ്രതിമ എന്ന മാധ്യമപ്രവര്‍ത്തകയുടെ വരവിനെ പ്രതീക്ഷയോടെയാണ് ഒട്ടുമിക്ക ആള്‍ക്കാരും നോക്കിക്കണ്ടത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് കിട്ടിയ പിന്തുണ.

എ.ബി.പി ന്യൂസിലെ സീനിയര്‍ കറസ്‌പോണ്ടന്റാണ് പ്രതിമ മിശ്ര. രാജ്യത്തിന് പലതും അറിയേണ്ടതുണ്ട് എന്ന് പറഞ്ഞ് പൊലീസുകാരുടെ മുന്നില്‍ ദൃഢനിശ്ചയത്തില്‍ നില്‍ക്കുന്ന പ്രതിമയെ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തമോദാഹരണമായാണ് വിലയിരുത്തിയത്.

പെണ്‍കുട്ടിയുടെ വീട്ടിലെത്താന്‍ ശ്രമിച്ച പ്രതിമയെ പൊലീസ് ബലമായി പിടിച്ചുനീക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. പിന്നീട് പ്രതിമയേയും ക്യാമറാമാനെയും പൊലീസ് വാഹനത്തില്‍ സംഭവസ്ഥലത്ത് നിന്ന് നീക്കി. പ്രതിമയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായുള്ള വാര്‍ത്ത വരുന്നത്. ശനിയാഴ്ച രാവിലെയോടെ മാധ്യമങ്ങള്‍ക്കുള്ള വിലക്കും നീക്കി. ഇതോടെ പ്രതിമയുടെ നീക്കം കാര്യമായ ചലനമുണ്ടാക്കിയിട്ടുണ്ടെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു.

2012 ലാണ് അവര്‍ എ.ബി.പി ന്യൂസിന്റെ ഭാഗമാകുന്നത്. ദല്‍ഹി നിര്‍ഭയ കൂട്ട ബലാത്സംഗ വാര്‍ത്ത എ.ബി.പി ചാനലിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്തതും പ്രതിമയായിരുന്നു. മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള രാംനാഥ് ഗോയങ്കെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

എന്നാല്‍, ഇപ്പോള്‍ പ്രതിമയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ മറ്റൊരുതലത്തിലേക്ക് പോവുകയാണ്. പൊലീസിനെതിരെ നിരന്തരം ചോദ്യമുയര്‍ത്തിയപ്പോള്‍ എന്തുകൊണ്ടാണ് പ്രതിമ ആദിത്യനാഥ് സര്‍ക്കാരിനെതിരെ ഒരു ചോദ്യം പോലും ഉന്നയിക്കാതിരുന്നതെന്നാണ് വിമര്‍ശകരുടെ സംശയം.

ഇതോടെയാണ് എ.ബി.പി ചാനലിന്റെയും പ്രതിമ മിശ്രയുടേയും മുന്‍കാല റിപ്പോര്‍ട്ടുകളിലേക്ക് വിമര്‍ശകര്‍ വിരല്‍ ചൂണ്ടി തുടങ്ങിയത്. ആരാണ് പ്രതിമ മിശ്ര, എന്താണ് എ.ബി.പി ചാനല്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം, സംഘപരിവാറിന്റെ രാഷ്ട്രീയ നാടകമായിരുന്നോ ഹാത്രാസില്‍ പ്രതിമ നടത്തിയത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഒന്നിനുപിറകെ ഒന്നായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ മിലിയ സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുന്ന സമയത്ത് പ്രതിമ സ്വീകരിച്ച നിലപാടും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സമര സമയത്ത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന തന്നെ സമരക്കാര്‍ അക്രമിച്ചെന്ന് പ്രതിമ ആരോപിച്ചിരുന്നു.

ഏപ്രിലില്‍, ലോക് ഡൗണ്‍ സമയത്ത് അതിഥിസംസ്ഥാന തൊഴിലാളികള്‍ക്കുള്ള പ്രത്യേക ട്രെയിന്‍ പുറപ്പെടുന്നതായി എ.ബി.പിയുടെ മറാഠി ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയില്‍ രാജ്യത്തെ അതിഥി തൊഴിലാളികളേയും ഇന്ത്യയുടെ സമ്പൂര്‍ണ സമ്പദ് വ്യവസ്ഥയെയും കൂപ്പുകുത്തിച്ച കേന്ദ്രസര്‍ക്കാരിന്റെ ലോക്ഡൗണിനെ പ്രകീര്‍ത്തിച്ച നടപടിയും വിമര്‍ശിക്കപ്പെടുന്നുണ്ട്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നില്ല എങ്കില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമായിരുന്നെന്ന് ഐ.സി.എം.ആറിന്റെ പഠനം ചൂണ്ടിക്കാട്ടുന്നെന്ന് അവകാശപ്പെട്ട് എ.ബി.പി നല്‍കിയ റിപ്പോര്‍ട്ടും എന്നാല്‍ തങ്ങളിങ്ങനെയൊരു പഠനം നടത്തിയിട്ടില്ലെന്ന് ഐ.സി.എം.ആറിന്റെ തിരുത്തും ഈ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയിലേക്ക് എത്തിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടടുത്ത് നരേന്ദ്ര മോദിയുമായി എ.ബി.പിയുടെ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ചൂണ്ടിക്കാട്ടിയും ചാനലിന് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം നിരീക്ഷകര്‍ ആരോപിക്കുന്നുണ്ട്. മോദിയെ തൃപ്തിപ്പെടുത്തുന്ന ചോദ്യങ്ങളല്ലാതെ ഒരു ചോദ്യം പോലും അഭിമുഖത്തില്‍ ഉണ്ടായിരുന്നില്ല.

അതേസമയം പ്രധാന വിഷയങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് , പ്രതിവാദ ചോദ്യങ്ങള്‍ സൗകര്യപൂര്‍വ്വം മറന്നുകൊണ്ട് പ്രധാനമന്ത്രിയുടെ ‘നവരാത്രി ഷെഡ്യൂളി’നെക്കുറിച്ചും, മോദിയുടെ ‘അതിശയകരമായ ഊര്‍ജ്ജ’ത്തെ പറ്റിയുമൊക്കെ ചോദിക്കാന്‍ ധാരാളം സമയം നീക്കിവയ്ക്കുകയും ചെയ്തിരുന്നു.

2018ല്‍ കോബ്രാ പോസ്റ്റ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ ഗ്രൂപ്പ് , സീ ന്യൂസ്, നെറ്റ് വര്‍ക്ക് 18, സ്റ്റാര്‍ ഇന്ത്യ, എ.ബി.പി ന്യൂസ് തുടങ്ങി ഇരുപത്തഞ്ചോളം മാധ്യമങ്ങള്‍ പണം വാങ്ങി സംഘപരിവാര്‍ അനുകൂല വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറാണെന്ന് സമ്മതിച്ച കാര്യവും വിമര്‍ശകര്‍ ഈ അവസരത്തില്‍ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

അതുപോലെ നരേന്ദ്ര മോദി അനുകൂല ലൈവ് ടോക്ക് ഷോ ഒരു കോളേജില്‍ നിന്ന് പ്രക്ഷേപണം ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ എ.ബി.പി ന്യൂസ് സ്വീകരിച്ച ‘വളഞ്ഞവഴി’ 2019 ല്‍ ദേശീമാധ്യങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവെ ബോംബെ ഐ.ഐ.ടി കാമ്പസിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് എ.ബി.പി ന്യൂസ് ഒരു ഡിബേറ്റ് സംഘടിപ്പിച്ചു.

‘enthusiasts of 2019’ എന്നായിരുന്നു ഷോയുടെ പേര്. എന്നാല്‍ അടുത്ത ദിവസം ഷോ പുഃനസംപ്രേക്ഷണം ചെയ്തപ്പോള്‍ അതിന്റെ പേര് മാറി.”ഐ.ഐ.ടി ബോംബെ മോദിയെ പിന്തുണയ്ക്കുന്നു” എന്ന സ്ലഗ് ഉപയോഗിച്ചാണ് ചാനല്‍ പരിപാടി അവതരിപ്പിച്ചത്. മാത്രമല്ല അംബേദ്കര്‍ പെരിയാര്‍ ഫൂലേ സ്റ്റഡി സര്‍ക്കിളിന്റെ അന്വേഷണത്തില്‍ പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും കാമ്പസിനു പുറത്തുനിന്നുള്ളവരാണെന്നും കണ്ടെത്തി.

അമ്പത് പേര്‍ മാത്രം പങ്കെടുത്ത പരിപാടിയില്‍ 11 പേരെങ്കിലും ”പുറമേയുള്ളവര്‍” ആണെന്ന് വിദ്യാര്‍ത്ഥികളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ പലരും ഹിന്ദു യുവ വാഹിനി എന്ന തീവ്ര ഹിന്ദു ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു.

ഇക്കാരണങ്ങളൊക്കെ നിലനില്‍ക്കുന്നതിനാലാണ് ഹാത്രാസ് കേസില്‍ പ്രതിമയുടേയും എ.ബി.പി ചാനലിന്റെയും ഇടപെടല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്.

അതേസമയം, ഹാത്രാസിലെ വാര്‍ത്ത പുറംലോകത്ത് എത്തിച്ച മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ ഇപ്പോഴും സംഘപരിവാര്‍ സംഘങ്ങള്‍ വേട്ടയാടല്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തോട് യു.പി പൊലീസും സര്‍ക്കാറും കാട്ടുന്ന ക്രൂരത പുറത്തുകൊണ്ടുവരാന്‍ മുന്നില്‍നിന്ന ഇന്ത്യാ ടുഡേ മാധ്യമപ്രവര്‍ത്തക തനുശ്രീ പാണ്ഡയ്ക്കെതിരെ ബി.ജെ.പി-സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകരും മാധ്യമങ്ങളും വലിയ രീതിയില്‍ തന്നെ വ്യാജപ്രചരണം നടത്തുന്നുണ്ട്.

തനുശ്രീയുടെ ഫോണ്‍ നിയമവിരുദ്ധമായി ചോര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് ഇവര്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളോട് യോഗി സര്‍ക്കാരില്‍ നിന്നും ഭീഷണിയുണ്ടെന്ന് പറയിപ്പിക്കാന്‍ തനുശ്രീ ശ്രമിച്ചെന്നാണ് ഇവരുടെ ആരോപണം. ഹാത്രാസ് യുവതിയുടെ കുടുംബത്തിന് യോഗി സര്‍ക്കാരില്‍ നിന്നും ഭീഷണിയുണ്ടെന്ന് പറയിപ്പിക്കാന്‍ തനുശ്രീ പാണ്ഡ ശ്രമിച്ചെന്നാണ് ബി.ജെ.പി- സംഘപരുവാര്‍ അനൂകൂല ഗ്രൂപ്പുകളും മാധ്യമങ്ങളും തെളിവുകളൊന്നും തന്നെയില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Critics Against journalist  Pratima Mishra on Hathras Rape case and UP police

We use cookies to give you the best possible experience. Learn more