ആ... ഫ്രഷ്; വ്യാജ വാര്‍ത്താ ആരോപണത്തിന് പിന്നില്‍ പാകിസ്താനാണെന്ന എ.എന്‍.ഐ വാദത്തെ പരിഹസിച്ച് പ്രതിക് സിന്‍ഹ
national news
ആ... ഫ്രഷ്; വ്യാജ വാര്‍ത്താ ആരോപണത്തിന് പിന്നില്‍ പാകിസ്താനാണെന്ന എ.എന്‍.ഐ വാദത്തെ പരിഹസിച്ച് പ്രതിക് സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th December 2020, 10:40 pm

ന്യൂദല്‍ഹി: ഇ.യു. ഡിസിന്‍ഫൊലാബിന്റെ റിപ്പോര്‍ട്ടിന് പിന്നില്‍ പാകിസ്താന്‍ അനുകൂലികാണെന്ന് എ.എന്‍.ഐ എഡിറ്ററുടെ പ്രതികരണത്തെ പരിഹസിച്ച് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതിക് സിന്‍ഹ. തങ്ങള്‍ക്ക് നേരെ ആരോപണം ഉന്നയിക്കുന്നവരെ പാകിസ്താനികളാക്കുക എന്നതാണ് എല്ലാ ബി.ജെ.പി അനുകൂലികളും ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് പ്രതിക് സിന്‍ഹ പറഞ്ഞു.

‘എ.എന്‍.ഐ എഡിറ്റര്‍ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ ഡിസിന്‍ഫൊലാബിനെ പാകിസ്താന്‍ അനുകൂലിയായാണ് ചിത്രീകരിക്കുന്നത്. ബി.ജെ.പിയുമായി ബന്ധമുള്ള ഏതൊരാളും പ്രതികരിക്കുന്ന സ്വാഭാവികരീതിയാണത്. അതിനാല്‍ സ്മിത പ്രകാശും അത് സ്വീകരിച്ചില്‍ അത്ഭുതപ്പെടാനില്ല’, പ്രതിക് സിന്‍ഹ ട്വീറ്റ് ചെയ്തു.


നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് യൂറോപ്യന്‍ യൂണിയനെയും ഐക്യരാഷ്ട്ര സഭയെയും സ്വാധീനിക്കുന്നിതിനായി വമ്പന്‍ വ്യാജ വാര്‍ത്ത ശൃംഖല രാജ്യത്തും അന്താരാഷ്ട്ര തലത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടിനെതിരെ എ.എന്‍.ഐ എഡിറ്റര്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ ക്രെഡിബിലിറ്റി നഷ്ടപ്പെടുത്താനായി പാകിസ്താനും അനുകൂലസംഘടനകളും നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് റിപ്പോര്‍ട്ടെന്ന് എ.എന്‍.ഐ എഡിറ്റര്‍ സ്മിത പ്രകാശ് പറഞ്ഞു.

‘വ്യാജ വാര്‍ത്തകളുടെ വന്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാകിസ്ഥാനും അവരുടെ കൂട്ടാളികളും എ.എന്‍.ഐയുടെ വിശ്വാസ്യതയെ വ്രണപ്പെടുത്താന്‍ ശ്രമിച്ചു. ഞങ്ങളുടെ വരിക്കാര്‍ ഇതിന് പിന്നിലുള്ള രാഷ്ട്രീയം മനസ്സിലാക്കും’, സ്മിത ട്വീറ്റ് ചെയ്തു.

ബ്രസല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.യു. ഡിസിന്‍ഫൊലാബ് ആണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വാര്‍ത്താ എജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ (എ.എന്‍.ഐ) ബിസിനസ് സംരഭമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് പ്രധാനമായും ഇത്തരത്തില്‍ വ്യാജ വാര്‍ത്ത ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുമ്പിലെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഇന്ത്യന് ക്രോണിക്കിള്‍സ് എന്നാണ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിന് ഡിസിന്‍ഫൊലാബ് നല്‍കിയിരിക്കുന്ന പേര്. 2016 ല്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ എജന്‍സികള്‍ നടത്തിയ ഇടപെടലിന് സമാനമാണ് എ.എന്‍.ഐയുടെയും ശ്രീവാസ്തവ ഗ്രൂപ്പിന്റെയും ഇടപെടലെന്നാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്.

വ്യവസായിയായ അങ്കിത് ശ്രീവാസ്തവയാണ് ശ്രിവാസ്തവ ഗ്രൂപ്പിന്റെ മേധാവി. യൂറോപ്യന്‍ പാര്‍ലമെന്റ് എം.പിമാരെ കൊണ്ട് ഇന്ത്യന്‍ ഭരണകൂടത്തിന് അനുകൂലമായ തരത്തില്‍ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ഈ ശൃംഖലയുടെ പ്രധാന ഉദ്ദേശം. നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ വലതുപക്ഷ എം.പിമാരെ കശ്മീരില്‍ എത്തിച്ചത് ശ്രീവാസ്തവ ഗ്രൂപ്പാണ്.

ഇന്ത്യക്ക് അനുകൂലമായി ഏതെങ്കിലും എം.പി നടത്തുന്ന പ്രസ്താവനകളോ, ലേഖനങ്ങളോ ശ്രീവാസ്തവ ഗ്രൂപ്പിന്റെ വെബ്സൈറ്റുകള്‍ പ്രസിദ്ധീകരിക്കും. ഇത് തന്നെ എ.എന്‍.ഐയും പ്രസിദ്ധീകരിക്കും.

യൂറോപ്യന്‍ യൂണിയന്റെയോ, പാര്‍ലമെന്റിന്റെയോ അഭിപ്രായമായിട്ടായിരിക്കും ഇവ പ്രസിദ്ധീകരിക്കുക. തൊട്ട് പിന്നാലെ ഇന്ത്യയിലെ മറ്റ് മാധ്യമങ്ങളും വ്യാജമായി സൃഷ്ടിച്ച മാധ്യമങ്ങളും ഇതെടുത്ത് പ്രസിദ്ദീകരിക്കുകയും ചെയ്യുന്നതാണ് രീതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2019 ലെ സര്‍ജിക്കല്‍ സട്രൈക്ക് സമയത്തടക്കം നിരവധി പ്രസ്താവനകളാണ് ഇത്തരത്തില്‍ ശ്രിവാസ്തവ ഗ്രൂപ്പും എ.എന്‍.ഐയും ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാക്കി പ്രചരിപ്പിച്ചത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ശ്രീവാസ്തവ ഗ്രൂപ്പ് ഇത്തരത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ബി.ബി.സിയും ശ്രീവാസ്തവ ഗ്രൂപ്പിനെതിരായ വാര്‍ത്ത ഡിസിന്‍ഫൊലാബിനെ ഉദ്ധരിച്ച് പുറത്തുവിട്ടിരുന്നു.

അതേസമയം സംഭവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗവണ്‍മെന്റിനോടും എ.എന്‍.ഐയോടും പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി നല്‍കിയില്ലെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികളെ സ്വാധീനിക്കാന്‍ കഴിയുന്ന സംഘടനകളുമായി ശ്രീവാസ്തവ ഗ്രൂപ്പിന് നേരിട്ട് ബന്ധമുണ്ടെന്നും ഡിസിന്‍ഫൊലാബ് കണ്ടെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pratik Sinha ANI European Union And UN; Behind ANI and Srivastava Group. investigation report out