പ്രതിധ്വനി
Daily News
പ്രതിധ്വനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th March 2015, 9:23 am

CARD-2


കവിത |  ക്രിസ്റ്റിനാ റോസെറ്റി

   മൊഴിമാറ്റം | സ്വാതി ജോര്‍ജ്

വര | മജ്‌നി


ഭൂതകാലത്തിന്‍ സ്മൃതികളേ, പ്രത്യാശകളേ, പ്രണയമേ

വരികയെന്നിലേക്കെന്‍ രാത്രി തന്‍ നിശ്ശബ്ദതയിലൊരു

സ്വപ്നത്തിന്‍ വാചാലമാം മൗനത്തില്‍.

തിളങ്ങുന്ന കണ്ണുകളാലുരുണ്ടു ലോലമാം നിന്‍ കവിളുകളാലൊരരുവിതന്‍ സൂര്യനെപ്പോല്‍ വരിക,

കണ്ണുനീരായി വരിക തിരികെ നീ

തുറക്കുന്ന, കടത്തുന്ന, പുറത്താക്കാത്ത,

പതിയേ ചാരുന്ന വാതിലുകളുള്ളോരാ,

പ്രണയഭരിതരാമാത്മാക്കളൊട്ടുപാര്‍ത്ത് കാണും,

തീവ്രമാമഭിലാഷ ദൃഷ്ടിയാല്‍ നോക്കുമാ

പറുദീസായിലുണര്‍ച്ച നേടേണ്ടിയിരുന്നൊരു സ്വപ്നം;

എത്ര മധുരം, അതിമധുരം, കയ്‌പ്പേറും മധുരം.

എങ്കിലും വരിക, എന്നിലേക്കെന്‍ സ്വപ്നങ്ങളില്‍,മൃതിയുടെ തണുപ്പാര്‍ന്നിട്ടുമെങ്കിലുമിനിയും ജീവിച്ചേക്കാം

ഞാനെന്നതാല്‍.

മിടിപ്പിനു മിടിപ്പും ശ്വാസത്തിനു ശ്വാസവും ഞാന്‍ നല്‍കിയേക്കാമെന്നതാല്‍

പണ്ടേപ്പോലെ, പ്രണയമേ, അത്രയ്ക്ക് പണ്ടേപ്പോലെ

സ്വരം താഴ്ത്തി, എന്നിലേക്ക് ചാഞ്ഞ്,

തിരിച്ച് വരിക, എന്നിലേക്കെന്‍ സ്വപ്നങ്ങളില്‍.


ക്രിസ്റ്റീന ജോര്‍ജിയ റോസറ്റി
(5 ഡിസംബര്‍1830 – 29 ഡിസംബര്‍ 1894)
rOSSETTI

നിരവധി റോമാന്റിക് കവിതകളും  ഭക്തി കവിതകളും കുട്ടികള്‍ക്കുവേണ്ടിയുള്ള കവിതകളും രചിച്ചിട്ടുള്ള ഇംഗ്ലീഷ് കവയത്രിയാണ് ക്രിസ്റ്റീന ജോര്‍ജ്ജിയ റോസറ്റി അഥവാ ക്രിസ്റ്റീന റോസറ്റി. ഗോബ്ലിന്‍ മാര്‍ക്കറ്റ്, റിമമ്പര്‍ എന്നീ കവിതകളും ഇന്‍ ദി ബ്ലീക്ക് മിഡ് വിന്റര്‍ എന്ന ക്രിസ്തുമസ് കരോളും രചിച്ചത് റോസറ്റിയാണ്.


സ്വാതി ജോര്‍ജ്

Swathi-george

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama contracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

 


 

മജ്‌നി തിരുവങ്ങൂര്‍

Majni-thiruvangoor

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.