| Tuesday, 15th October 2013, 12:40 am

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കായി 'പ്രതിരോധവേദി' നിലവില്‍ വന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി പ്രമുഖ സാമൂഹ്യ സാംസ്‌കാരി രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കി.

ഇന്നലെ കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വെച്ചു കൂടിയ സാമൂഹ്യസാംസ്‌കാരിക സംഗമത്തിന്റെ ഭാഗമായാണ് പ്രതിരോധവേദി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള വിവേചനത്തിനെതിരെയായിരുന്നു സാമൂഹ്യ സാംസ്‌കാരിക സംഗമം നടന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും മതജാതിരാഷ്ട്രീയ ഭേദമില്ലെന്നും അവയെ ചെറുക്കേണ്ടത് പുരോഗമന ജനാധിപത്യ സമൂഹത്തിന്റ കൂട്ടായ ഉത്തരവാദിത്വമാണെന്നും സംഗമം വിലയിരുത്തി.

വിവാഹ പ്രായം കുറച്ചുകൊണ്ട് ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം കേരള നവോത്ഥാനം നേടിയെടുത്ത ജനാധിപത്യാവകാശങ്ങളോടുള്ള വെല്ലുവിളിയാണെന്നും നവോത്ഥാനത്തെ റദ്ദാക്കുന്നതിനു തുല്യമാണെന്നും സംഗമത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു.

ശൈശവ വിവാഹത്തിനും നിര്‍ബന്ധിത വിവാഹത്തിനുമെതിരെ യു.എന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ 107 രാജ്യങ്ങള്‍ ഒപ്പുവെച്ചിട്ടും ശൈശവ വിവാഹ നിരോധന നിയമത്തിന്റെ പാരമ്പര്യമുള്ള ഇന്ത്യ ഒപ്പു വെയ്ക്കാതിരുന്നതിനെ സംഗമം കടുത്ത ഭാഷയില്‍ അപലപിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഒരു പൊതു വേദി എന്ന നിലയിലായിരിക്കും “പ്രതിരോധവേദി” പ്രവര്‍ത്തിക്കുക.

പ്രതിരോധവേദിയുടെ ചെയര്‍പേഴ്‌സണായി വി.പി. സുഹറയെയും കണ്‍വീനര്‍മാരായി അഡ്വ. ആതിര, അഡ്വ. ദിവ്യ ഡി.വി., അഡ്വ. സീനത്ത്, സുല്‍ഫത്ത് കണ്ണൂര്‍, ബി.വി. സക്കീര്‍, അഡ്വ സമദ് എന്നിവരെയും തിരഞ്ഞെടുത്തു.

ശൈശവ വിവാഹങ്ങള്‍, ഫത്വകള്‍, വിവേചനങ്ങള്‍ മുതലായവയ്‌ക്കെതിരെ ജാതിമത ഭേദമന്യ നിലനില്‍ക്കുക, പുരോഗമനപരമായ നിലപാടുകളിലൂന്നി പ്രവര്‍ത്തിക്കുക, സ്ത്രീ വിഷയങ്ങളിലും കുട്ടികളുടെ വിഷയങ്ങളിലും ഇടപെടുക, പെണ്‍കുട്ടികളുടെ ഐഡന്റിറ്റി സ്ഥാപിക്കുക, സ്ത്രീ സമത്വം ഉറപ്പിക്കുക എന്നിവയായിരിക്കും പ്രതിരോധവേദിയുടെ ലക്ഷ്യങ്ങള്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് പ്രതിരോധവേദി വ്യക്തമാക്കി. അതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്നോണം നവംബര്‍ 14 ശിശുദിനത്തില്‍ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും.

അഡ്വ. ദിവ്യ ഡി.വി. അദ്ധ്യക്ഷം വഹിച്ച സംഗമത്തില്‍ വി.പി. സുഹറ വിഷയം അവതരിപ്പിച്ചു. കെ. അജിത, ഖദീജ മുംതാസ്, അഡ്വ. പി.എം. ആതിര, അഡ്വ. സീനത്ത്, സുല്‍ഫത്ത്,  സുലോജന വയനാട്, അഡ്വ. സമദ്, എം.ജി. മല്ലിക, അംബിക, ഡോ. അസീസ് തരുവണ, സുബൈര്‍ അരിക്കുളം, അഡ്വ. ബഷീര്‍, ലൂസി അലി അക്ബര്‍ തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more