ന്യൂദല്‍ഹി: കശ്മീരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസ് സ്ഥാപകനുമായ പ്രതിക് സിന്‍ഹയുടെ മുന്നറിയിപ്പ്. ജനാധിപത്യത്തിന് പുതിയ നിര്‍വചനം നല്‍കിയിരിക്കുകയാണ് മോദി സര്‍ക്കാറെന്നാണ് പ്രതിക് സിന്‍ഹ വിമര്‍ശിക്കുന്നത്.
‘ജനാധിപത്യത്തിന് പുതിയ നിര്‍വചനം: ഒരു രാജ്യത്ത തടവിലിട്ട്, എല്ലാ ആശയവിനിമയ ഉപാധികളും തടസപ്പെടുത്തി, ഉത്തരവാദിത്തപ്പെട്ട ആരോടും ഒന്നും ചോദിക്കാതെ, ഭേദഗതികള്‍ നടപ്പിലാക്കുകയാണ്’
എത്രകാലം ഈ പുതിയ ‘ജനാധിപത്യം’ നമുക്ക് നിലനിര്‍ത്താനാകുമെന്നും അദ്ദേഹം ചോദിക്കുന്നു.
‘ഇപ്പോള്‍ മിണ്ടാതിരിക്കുന്നവരേ, നാളെ നിങ്ങളേയും ഇത് തിരിഞ്ഞുകൊത്തും’ എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.
കശ്മീരിലെ ആശയ വിനിമയ സംവിധാനങ്ങള്‍ സര്‍ക്കാര്‍ തടസപ്പെടുത്തിയത് നമുക്കെല്ലാം മുന്നറിയിപ്പാണെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാത്ത ഒരു ആശയ വിനിമയ സംവിധാനം നമ്മള്‍ എത്രയും പെട്ടെന്ന് രൂപപ്പെടുത്തേണ്ടതുണ്ട്. അടിച്ചമര്‍ത്തല്‍ നടപടികള സാങ്കേതിക വിദ്യകളിലൂടെ എങ്ങനെ നമുക്ക് ഒരുമിച്ച് നിന്ന് തകര്‍ക്കാമെന്ന് ആലോചിക്കേണ്ട സമയമിതാണെന്നും നേരത്തെ അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.
അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.
സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നേരെ തിരിച്ച് ബില്‍ അവതരിപ്പിച്ചത്.