ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ പ്രതിക് സിന്‍ഹ. ദല്‍ഹിയെ പ്രവര്‍ത്തിക്കാന്‍ ജനാധിപത്യവിരുദ്ധമായ വഴിയിലൂടെ കേന്ദ്രം അനുവദിക്കുന്നില്ലയെന്ന് അടുത്ത തവണ പരാതി പറയരുതെന്ന് പറഞ്ഞാണ് പ്രതിക് സിന്‍ഹ പരിഹസിക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ച നടപടി ജനാധിപത്യത്തിന് ഭീഷണിയാണെന്ന വിമര്‍ശനം ശക്തമാകവേയാണ് സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കെജ്‌രിവാള്‍ രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് പ്രതിക് സിന്‍ഹയുടെ പരിഹാസം.
‘കേന്ദ്രനടപടിയെ പിന്തുണയ്ക്കുന്നു. സമാധാനവും വികസനവും കൊണ്ടുവരാന്‍ കഴിയട്ടെ’ എന്നായിരുന്നു ബില്ലിനെ പിന്തുണച്ച് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്.
ജനാധിപത്യത്തിന് പുതിയ നിര്‍വചനം നല്‍കിയിരിക്കുകയാണ് മോദി സര്‍ക്കാറെന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ വിമര്‍ശിച്ച് പ്രതിക് സിന്‍ഹ പറഞ്ഞിരുന്നു.
‘ജനാധിപത്യത്തിന് പുതിയ നിര്‍വചനം: ഒരു രാജ്യത്ത തടവിലിട്ട്, എല്ലാ ആശയവിനിമയ ഉപാധികളും തടസപ്പെടുത്തി, ഉത്തരവാദിത്തപ്പെട്ട ആരോടും ഒന്നും ചോദിക്കാതെ, ഭേദഗതികള്‍ നടപ്പിലാക്കുകയാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
എത്രകാലം ഈ പുതിയ ‘ജനാധിപത്യം’ നമുക്ക് നിലനിര്‍ത്താനാകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.
‘ഇപ്പോള്‍ മിണ്ടാതിരിക്കുന്നവരേ, നാളെ നിങ്ങളേയും ഇത് തിരിഞ്ഞുകൊത്തും’ എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.