സഖാക്കളുടെ പോരാട്ടവീര്യത്തെ തോല്‍പ്പിക്കാന്‍ ആയിരം ജന്മമെടുത്താലും ഒരു മനോരമയ്ക്കും കഴിയില്ല: പ്രതിഭ എം.എല്‍.എ
Kerala News
സഖാക്കളുടെ പോരാട്ടവീര്യത്തെ തോല്‍പ്പിക്കാന്‍ ആയിരം ജന്മമെടുത്താലും ഒരു മനോരമയ്ക്കും കഴിയില്ല: പ്രതിഭ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th January 2022, 9:36 am

കോഴിക്കോട്: 2021ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ താന്‍ പരാജയപ്പെട്ടതായി മനോരമ വാര്‍ത്ത പുറത്തുവിട്ടതില്‍ കൂടുതല്‍ പ്രതികരണവുമായി കായംകുളം എം.എല്‍.എ യു. പ്രതിഭ.

തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ മനോരമയും കേരള കൗമുദിയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും കായംകുളത്ത് തമ്പടിച്ചിരുന്നു എന്നാണ് പ്രതിഭ പറഞ്ഞത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതിഭ ഇക്കാര്യം പറയുന്നത്.

വ്യക്തിപരമായ വേദനകളല്ല മറിച്ച് രാഷ്ട്രീയവും വികസനവും പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതെന്ന് ബോധ്യമുണ്ടായിരുന്നെന്നും കൃത്രിമമായ കണ്ണീര്‍ക്കഥകളില്‍ ജനങ്ങള്‍ വീഴില്ലെന്ന് ഉറപ്പായിരുന്നെന്നും പ്രതിഭ പോസ്റ്റില്‍ കുറിച്ചു.

താന്‍ പരാജയപ്പെടുമെന്ന് മനോരമ ഉറപ്പിച്ചതില്‍ അതിശയമില്ലെന്നും സഖാക്കളുടെ പോരാട്ടവീര്യത്തെ തോല്‍പ്പിക്കാന്‍ ആയിരം ജന്മമെടുത്താലും ഒരു മനോരമയ്ക്കും കഴിയില്ലെന്നും പ്രതിഭ പറയുന്നു.

”ഞാന്‍ തോല്‍ക്കുമെന്നുറപ്പിച്ച് മനോരമയെഴുതിയ റിപ്പോര്‍ട്ടുകള്‍ എന്നെ അതിശയിപ്പിക്കുന്നില്ല. എന്നെ പരാജയപ്പെടുത്താന്‍ വേണ്ടി അവരിറക്കിയ വാര്‍ത്തകള്‍ അതിനേക്കാള്‍ ക്രൂരമായിരുന്നു.

എത്ര കടുത്ത ദുഷ്പ്രചരണത്തിലും, വേട്ടയാടലുകളിലും ഞാന്‍ ഒരിഞ്ച് പിറകോട്ട് പോയില്ല, തളര്‍ന്നു പോയില്ല.

എന്റെ ഒപ്പം നിന്ന എന്റെ പ്രിയ സഖാക്കളുടെ ആത്മവിശ്വാസം എന്റെ കരുത്തായി. സഖാക്കളുടെ പോരാട്ടവീര്യത്തെ തോല്‍പ്പിക്കാന്‍ ആയിരം ജന്മമെടുത്താലും ഒരു മനോരമയ്ക്കും കഴിയില്ല,” പ്രതിഭ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ നിന്നും മത്സരിച്ച് തോറ്റ യു.ഡി.എഫിന്റെ അരിതാ ബാബു ‘വിജയിച്ചു’ എന്നായിരുന്നു മനോരമ ഓണ്‍ലൈനില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത വന്നത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് 6298 വോട്ടിന് സി.പി.ഐ.എമ്മിലെ യു. പ്രതിഭയോട് പരാജയപ്പെട്ട അരിതാ ബാബു ജയിച്ചെന്ന് മനോരമ ഓണ്‍ലൈനില്‍ വാര്‍ത്ത വരുന്നത്.

യു. പ്രതിഭ എം.എല്‍.എ തന്നെയാണ് വാര്‍ത്തയുടെ ലിങ്ക് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘വലി എന്റെ ജോലിയെ ബാധിക്കില്ല’ ലെ മനോരമ റിപ്പോര്‍ട്ടര്‍ എന്ന തലക്കെട്ടോടെയാണ് പ്രതിഭ വാര്‍ത്ത പങ്കുവെച്ചത്. വാര്‍ത്തയില്‍ എത്ര വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചതെന്ന് എഴുതാനുള്ള സ്ഥലം ഒഴിവാക്കിയിട്ടിരുന്നു.

പിന്നീട് മനോരമ വാര്‍ത്ത പിന്‍വലിക്കുകയും പ്രതിഭ വിജയിച്ചുവെന്ന വാര്‍ത്ത അപ്ഡേറ്റ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവത്തില്‍ വീഴ്ച സമ്മതിക്കുന്നതായും നിര്‍വ്യാജം ഖേദിക്കുന്നതായും മനോരമ പിന്നീട് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ചില വിവരങ്ങള്‍ സാങ്കേതിക തകരാറുമൂലം ലൈവിലെത്തിയതാണെന്നാണ് പ്രസ്താവനയില്‍ വിശദീകരിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം;

തെരഞ്ഞെടുപ്പില്‍ എങ്ങിനെയും എന്നെ തോല്‍പ്പിക്കുക എന്ന ഉദ്ദേശവുമായി മനോരമയും കേരള കൗമുദിയും മറ്റുചില ഓണ്‍ലൈന്‍ മാധ്യമങ്ങളും കായംകുളത്ത് തമ്പടിച്ചു കിടന്നു.
വ്യക്തിപരമായ വേദനകളും ഇല്ലായ്മകളും പറഞ്ഞല്ല ഒരു തെരഞ്ഞെടുപ്പില്‍ മനുഷ്യരെ അഭിമുഖീകരിക്കേണ്ടത്, മറിച്ച് രാഷ്ട്രീയവും വികസനവും സാമൂഹ്യ പ്രവര്‍ത്തനവും പറഞ്ഞു കൊണ്ടായിരിക്കണം എന്നത് എനിക്ക് ബോധ്യമുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന കണ്ണീര്‍ കഥകളില്‍ എന്നെ മനസ്സിലാക്കിയ ജനങ്ങള്‍ വീഴില്ല എന്നെനിക്കുറപ്പുണ്ടായി. ഞാന്‍ തോല്‍ക്കുമെന്നുറപ്പിച്ച് മനോരമയെഴുതിയ റിപ്പോര്‍ട്ടുകള്‍ എന്നെ അതിശയിപ്പിക്കുന്നില്ല.

എന്നെ പരാജയപ്പെടുത്താന്‍ വേണ്ടി അവരിറക്കിയ വാര്‍ത്തകള്‍ അതിനേക്കാള്‍ ക്രൂരമായിരുന്നു. എത്ര കടുത്ത ദുഷ്പ്രചരണത്തിലും, വേട്ടയാടലുകളിലും ഞാന്‍ ഒരിഞ്ച് പിറകോട്ട് പോയില്ല, തളര്‍ന്നു പോയില്ല.

എന്റെ ഒപ്പം നിന്ന എന്റെ പ്രിയ സഖാക്കളുടെ ആത്മവിശ്വാസം എന്റെ കരുത്തായി. സഖാക്കളുടെ പോരാട്ടവീര്യത്തെ തോല്‍പ്പിക്കാന്‍ ആയിരം ജന്മമെടുത്താലും ഒരു മനോരമയ്ക്കും കഴിയില്ല…

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prathibha MLA’s Facebook post against Manorama on the report on Aritha Babu’s win in last assembly election