ഒടുവില്‍ ഖേദപ്രകടനവുമായി പ്രതിഭ എം.എല്‍.എ; എല്ലാവരെയും ഉദ്ദേശിച്ചില്ല, 'നിരന്തരം വേട്ടയാടപ്പെടുന്ന ജീവികള്‍ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും'
കായംകുളം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ഖേദ പ്രകടനവുമായി യു പ്രതിഭ എം.എല്‍.എ. താന്‍ എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രതിഭ വിശദീകരിച്ചു. തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കായംകുളത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും എം.എല്‍.എയും തമ്മിലുള്ള പ്രശ്‌നം വാര്‍ത്തയായതിനെത്തുടര്‍ന്നായിരുന്നു സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി പ്രതിഭ ഫേസ്ബുക്ക് ലൈവിലെത്തിയത്. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രികള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കാനുമാണ് എം.എല്‍.എ പറഞ്ഞത്. പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. തുടര്‍ന്നാണ് എം.എല്‍.എയുടെ ഖേദ പ്രകടനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
പ്രിയ സുഹൃത്തുക്കളെ, ഒരു ഗ്രാമീണ ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്ന അതേ പ്രദേശത്ത് പൊതുജീവിതം നയിക്കുന്ന സാധാരണക്കാരിയായ ഒരു ജനപ്രതിനിധി ആണ് ഞാന്‍. തെറ്റുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ജീവിതത്തില്‍ ഒരു നിമിഷമേ മുന്നിലുള്ള എങ്കിലും അത്രയും നേരം ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു സ്ത്രീയെന്ന എന്ന പരിഗണന വേണ്ട കേരളത്തിലെ അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവര്‍ത്തകര്‍ എന്നോട് കാണിച്ചില്ല. എന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി.വ്യക്തിഹത്യ എന്റെ ശീലമല്ല.എന്നോട് അങ്ങനെ ചെയ്തവരോടും.
കാലാകാലങ്ങളില്‍ ഞാന്‍ ക്ഷമിച്ചിട്ടേയുള്ളൂ.പക്ഷേ ഒന്നോര്‍ക്കണം നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികള്‍ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും. അത്രയേ ഞാനും ചെയ്തുള്ളൂ. വേട്ടക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ശ്രമത്തില്‍ ഞാന്‍ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചല്ല. ഞാന്‍ ആദരിക്കുന്ന നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവര്‍ത്തനം അന്തസ്സുള്ള സാമൂഹ്യപ്രവര്‍ത്തനം തന്നെയാണെന്ന് ഞാന്‍ കരുതുന്നു..
എന്നാല്‍ സമൂഹത്തില്‍ മൊത്തത്തില്‍ സംഭവിച്ച മൂല്യശോഷണം മാധ്യമ പ്രവര്‍ത്തന മേഖലയിലും ഉണ്ടായി. അവരെ സംബന്ധിച്ച് (അതായത് മൂല്യശോഷണം സംഭവിച്ച മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് മാത്രം) വാര്‍ത്ത ഓര്‍ഗനൈസ്ഡ് ഗോസിപ്പ് ആണ്. ഇത്തരക്കാരോട് ആണ് ഞാന്‍ പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കാനോ അപമാനിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല എന്നാല്‍ അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടായതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.എല്ലാവരെയും കുറച്ചുകാലത്തേക്ക് വിഡ്ഢികളാക്കാം കുറച്ചുപേരെ എല്ലാ കാലത്തേക്കും വിഡ്ഢികള്‍ ആക്കാം ..എന്നാല്‍ എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാന്‍ കഴിയില്ല എന്ന് എബ്രഹാംലിങ്കണ്‍ പറഞ്ഞുവെച്ചിട്ടുണ്ട് . എനിക്കും ഇത്രയേ പറയാനുള്ളൂ.