ലൗവ് ജിഹാദ് ആരോപിച്ച് ജീവനോടെ കത്തിച്ച സംഭവത്തെ ന്യായീകരിച്ച് സംഘപരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥ്
Kerala
ലൗവ് ജിഹാദ് ആരോപിച്ച് ജീവനോടെ കത്തിച്ച സംഭവത്തെ ന്യായീകരിച്ച് സംഘപരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥ്
എഡിറ്റര്‍
Thursday, 7th December 2017, 5:45 pm

 

തിരുവനന്തപുരം: രാജസ്ഥാനിലെ രാജ്സമന്ത് ജില്ലയില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം ജീവനോടെ കത്തിച്ച സംഭവത്തെ ന്യായീകരിച്ച് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാശിയിലെയും മധുരയിലെയും മുസ്‌ലിം പള്ളികള്‍ പൊളിക്കുമെന്ന ഭീഷണിയുമായി ബാബറി മസ്ജിദ് ദിനത്തില്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രതീഷ് ലൗവ് ജിഹാദാരോപിച്ച നടന്ന കൊലപാതകത്തെ ന്യായീകരിച്ചും രംഗത്തെത്തിയത്.

മുഹമ്മദ് ഭാട്ടാ ഷെയ്ഖ് എന്നയാളെയാണ് ലൗജിഹാദ് ആരോപിച്ച് ശംഭുനാഥ് റൈഗര്‍ കൊലപ്പെടുത്തിയിരുന്നത്. ഇന്ത്യ ടുഡേയുടെ ഈ കൊലപാതക വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതീഷിന്റെ ലൗവ് ജിഹാദിനെതിരായ പോസ്റ്റ്. “ഭാരതത്തിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ജിഹാദികള്‍ ലവ് ജിഹാദ് അവസാനിപ്പിക്കേണ്ട സമയം ആയിരിക്കുന്നു. ലവ് ജിഹാദ് അവസാനിപ്പിച്ചാല്‍ ഇങ്ങനെ ഉള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പറ്റും. മുസാഫാര്‍ നഗര്‍ കലാപവും ലവ് ജിഹാദ് കാരണമാണ്. മുസ്‌ലിം നേതാക്കള്‍ തന്നെ മുന്‍കൈ എടുത്തു ലവ് ജിഹാദ് അവസാനിപ്പിക്കണം” എന്നായിരുന്നു പ്രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


Also Read: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; ട്രെയിനുകള്‍ റദ്ദാക്കി


“രാജസ്ഥാനില്‍ ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിച്ച ജിഹാദിയെ ജീവനോടെ ചുട്ടെരിക്കുന്ന വീഡിയോ വൈറല്‍ ആകുന്നു. ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും ഇതായിരിക്കും ഗതി എന്ന് കൊലപാതകം ചെയ്ത ആള്‍ വിഡിയോയില്‍ പറയുന്നുമുണ്ട്.” എന്നും പ്രതീഷ് പോസ്റ്റിലൂടെ പറയുന്നു.

കഴിഞ്ഞ ദിവസം ബാബറി മസ്ജിദിന്റെ 25-ാം വാര്‍ഷികം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മധുരം വിതരണം ചെയ്ത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.

കാശിയിലെയും മധുരയിലെയും പള്ളികള്‍ പൊളിച്ചു നീക്കി ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും അല്ലാത്ത പക്ഷം അത് പൊളിച്ച് നീക്കുമെന്നുള്ള ഭീഷണിയും പ്രതീഷ് ഉയര്‍ത്തിയിരുന്നു

“ഭഗവന്‍ ശിവന്റെ വാസസ്ഥാനമായ കാശിയിലും ഭഗവന്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥാനമായ മഥുരയിലും ഉള്ള പള്ളികള്‍ പൊളിച്ചു മാറ്റി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണം. ഇല്ലെങ്കില്‍ ഹിന്ദു സമൂഹം അത് പൊളിച്ചു മാറ്റുന്ന അവസ്ഥ ഉണ്ടാകും” എന്നായിരുന്നു പ്രതീഷ് വപറഞ്ഞിരുന്നത്.