| Saturday, 10th November 2018, 1:01 pm

സത്യം പറഞ്ഞില്ലെങ്കിലും കളവ് പ്രചരിപ്പിക്കരുത്; ജന്മഭൂമി വാര്‍ത്തയ്‌ക്കെതിരെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല സമരവുമായി ബന്ധപ്പെട്ട് ബി.ജെ.പി മുഖപത്രം ജന്മഭൂമി നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവുമായി അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്. പമ്പയിലെ സംഘര്‍ഷം മുഖ്യമന്ത്രിയുടെ ഗൂഢാലോചന എന്ന തലക്കെട്ടില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെതിരെയാണ് എ.എച്ച്.പി ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് രംഗത്തുവന്നിരിക്കുന്നത്.

“സത്യം പറയാന്‍ താല്‍പര്യമില്ലെങ്കില്‍ കളവു പ്രചരിപ്പിക്കാതിരുന്നാല്‍ നല്ലതാണ്” എന്നാണ് ജന്മഭൂമി വാര്‍ത്തയെ വിമര്‍ശിച്ചുകൊണ്ട് പ്രതീഷ് പറഞ്ഞത്. ശബരിമലയിലുണ്ടായ സംഘര്‍ഷം ചില കടലാസ് സംഘടനകളെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി നേരിട്ട് ആസൂത്രണം ചെയ്തതാണെന്നാണ് വാര്‍ത്തയില്‍ ആരോപിക്കുന്നത്.

“രാഹുല്‍ ഈശ്വറിന്റെ ഹിന്ദു പാര്‍ലമെന്റ് എന്ന സംഘടനയാണ് ഇടനിലക്കാര്‍. ഇവരെ പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള സംഘടനയും പിന്തുണച്ചു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളോടുള്ള കടുത്ത വിദ്വേഷമാണ് ഈ സംഘടനകളുടെ മുഖമുദ്ര” എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. ഈ ഭാഗം എടുത്തുപറഞ്ഞാണ് പ്രതീഷ് വിശ്വനാഥിന്റെ വിമര്‍ശനം.

രാഹുല്‍ ഈശ്വറിന്റെ സംഘടനാ എന്നല്ല ഒരു സംഘടനയും പറഞ്ഞിട്ടല്ല AHP ശബരിമല പ്രക്ഷോഭത്തിനിറങ്ങിയത്. കേസിന്റെ വാദം നടക്കുമ്പോള്‍ തന്നെ ശബരിമല സംരക്ഷണ സമിതി രൂപീകരിച്ചാണ് ഹിന്ദു സമൂഹത്തിലേക്ക് ഇറങ്ങിയതെന്നാണ് പ്രതീഷ് വിശ്വനാഥ് പറയുന്നത്.

പ്രതീഷ് വിശ്വനാഥിന്റെ കുറിപ്പ്:

രാഹുല്‍ ഈശ്വറിന്റെ സംഘടനാ എന്നല്ല ഒരു സംഘടനയും പറഞ്ഞിട്ടല്ല AHP ശബരിമല പ്രക്ഷോഭത്തിനിറങ്ങിയത്. കേസിന്റെ വാദം നടക്കുമ്പോള്‍ തന്നെ ശബരിമല സംരക്ഷണ സമിതി രൂപീകരിച്ചാണ് ഹിന്ദു സമൂഹത്തിലേക്ക് ഇറങ്ങിയത്. AHP ഹിന്ദു സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കും. ഒരു ഹിന്ദു പ്രസ്ഥാനത്തിനും എതിരെ പ്രവര്‍ത്തിക്കില്ല.

കേരളത്തിലെ ഹിന്ദു സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഉള്ള ഗൂഢാലോചന ജന്മഭൂമി പോലുള്ള ഒരു ദിനപത്രം ചെയ്യുന്നത് സഹതാപത്തോടെ കാണാനേ സാധിക്കുന്നുള്ളൂ. സത്യം പറയാന്‍ താല്‍പര്യമില്ലെങ്കില്‍ കളവു പ്രചരിപ്പിക്കാതിരുന്നാല്‍ നല്ലതാണു. കളങ്കമില്ലാത്ത , വഞ്ചനയില്ലാത്ത ഹിന്ദുത്വ നിലപാടുമായി മുന്നോട്ടു പോകും. സംഘം , രാഷ്ട്രം , ഹിന്ദുത്വം എന്നിവയെ ഈശ്വരീയമായി കാണുന്നവരാണ് ഞങ്ങള്‍. അതിനാല്‍ തരാം താണ ആരോപണങ്ങള്‍ക്ക് അതെ രീതിയില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഹിന്ദു സമൂഹത്തിനൊപ്പം കാണും.

കാല്‍വക്കരായി ഒരു ഘട്ടത്തിലും ഒന്നിന്റെ പേരിലും ഹിന്ദുവിനെ അപാമാനിക്കാനും വഞ്ചിക്കാനും ആരെയും അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ തന്നെ… വിമര്‍ശിക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ …

പ്രതീഷ് വിശ്വനാഥ്

നാഷണല്‍ സെക്രട്ടറി AHP

Latest Stories

We use cookies to give you the best possible experience. Learn more