'സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ സ്ത്രീവിരുദ്ധത; നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേ ?': പ്രതാപ് പോത്തന്‍
Mollywood
'സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ സ്ത്രീവിരുദ്ധത; നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേ ?': പ്രതാപ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st January 2018, 8:35 pm

കോഴിക്കോട്: സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ സ്ത്രീവിരുദ്ധത. അപ്പോള്‍ നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേ ? എന്ന് നടന്‍ പ്രതാപ് പോത്തന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശനം. അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ എന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നുണ്ട്.

കസബ വിവാദത്തെ തുടര്‍ന്ന് പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനത്തില്‍ പൃഥ്വിരാജിന്റെ പിന്‍ ഭാഗത്ത് പാര്‍വ്വതി അടിക്കുന്ന രംഗമുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ പാര്‍വ്വതിയ്‌ക്കെതിരേയും ചിത്രത്തിന് എതിരേയും സൈബര്‍ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്.

ഈ സംഭവത്തെ കുറിച്ചാണ് പ്രതാപ് പോത്തന്റെ പോസ്റ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, പാര്‍വ്വതിയ്‌ക്കെതിരായ പരോക്ഷ വിമര്‍ശനമാണോ അതോ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തെ പരിഹസിച്ചതാണ് പ്രതാപ് പോത്തന്റെ പോസ്‌റ്റെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഫേസ്ബുക്ക് വഴി തന്നെ തെറി വിളിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് മറുപടിയുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മമ്മുട്ടിയുടെ കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ നടി പാര്‍വ്വതി വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് ജൂഡ്- പ്രതാപ് പോത്തന്‍ വിവാദത്തിന് തിരി കൊളുത്തിയത്.

ഇന്ന് രാവിലെയാണ് പ്രതാപ് പോത്തന്‍ ജൂഡിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. “ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കും. പട്ടിയുടെ പേര് ജൂഡ്. ജൂഡെ ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി, അവസാന ദിവസം നീ ഒന്നുമല്ലെന്നറിയും. ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള് മാത്രമാണ് നീ എന്നായിരുന്നു പ്രതാപ് പോത്തന്റെ പോസ്റ്റ്.

ഇതിനുമറുപടിയുമായി ഇതേ ഭാഷയില്‍ ജൂഡും രംഗത്തെത്തുകയായിരുന്നു. “കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍. ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ്” എന്നായിരുന്നു ജൂഡിന്റെ പോസ്റ്റ്. മുമ്പ് പ്രതാപ് പോത്തന്‍ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

ഐ.എഫ്.എഫ്.കെയുടെ ഭാഗമായി നടന്ന ചര്‍ച്ചയിലായിരുന്നു പാര്‍വ്വതി കസബ സിനിമയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ വിമര്‍ശിച്ചത്. തുടര്‍ന്ന് പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. തുടര്‍ന്ന് പാര്‍വ്വതിയെ കുരങ്ങിനോട് ഉപമിച്ച് ജൂഡ് ആന്റണി രംഗത്തെത്തിയിരുന്നു.

ജൂഡിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പാര്‍വ്വതി എത്തിയതോടെ വിവാദം കൂടുതല്‍ ശക്തിപ്രാപിച്ചു. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ മമ്മൂട്ടി ആരാധകര്‍ക്കെതിരെ പാര്‍വ്വതി സൈബര്‍ സെല്ലിന് ഇന്ന് പരാതി നല്‍കുകയും രണ്ട് പേരെ കസ്റ്റഡിയിലെടുക്കയും ചെയ്തിരുന്നു. അതിനിടയിലാണ് പ്രാതാപ് പോത്തനും ജൂഡ് ആന്റണിയും തമ്മിലുള്ള വാക്ക് പോര് നടന്നത്.