മരക്കാറിനെ പ്രശംസിച്ച് നടന്‍ പ്രതാപ് പോത്തന്‍. വെള്ളിയാഴ്ചയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മരക്കാര്‍ പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണെന്നാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്. സിനിമ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ താന്‍ മറ്റൊരു ലോകത്തേക്ക് പോയെന്നും സിനിമയുടെ എല്ലാ ഘടകങ്ങളും മനോഹരമാണെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാലിന്റേയും പ്രണവിന്റെയും അഭിനയം തന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. നെടുമുടി വേണു സാമുതിരിയെ അതിന്റെ പൂര്‍ണതയില്‍ അവതരിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ അഭിനയം കണ്ടപ്പോള്‍ തനിക്ക് വിറയല്‍ വന്നുമെന്നുമാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്. കീര്‍ത്തി സുരേഷിന്റെ അഭിനയത്തെ പ്രശംസിച്ച പ്രതാപ് പോത്തന്‍ വരുംകാലത്ത് അവര്‍ ഉയരത്തിലെത്തുമെന്നും പറഞ്ഞു.
മരക്കര്‍ തിയേറ്ററിലെത്തിയതിന് പിന്നാലെ നെഗറ്റീവ് റിവ്യൂകളും സൈബര്‍ ആക്രമണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിക്കെതിരെ സംഘടിതമായ ആക്രമണങ്ങളാണ് നടക്കുന്നതെന്നാരോപിച്ച് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്ത് വന്നിരുന്നു. നിരവതി സിനിമ താരങ്ങളും മരക്കാറിനെ അനുകൂലിച്ച് രംഗത്ത് വന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നലെ ആമസോണ്‍ പ്രൈമില്‍ മരക്കാര്‍ കണ്ടു, എനിക്ക് സിനിമ ഇഷ്ടപ്പെട്ടു, ഇത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്. എന്റെ അഭിപ്രായത്തില്‍ ഞാന്‍ അവസാനമായി കണ്ടതില്‍ എന്റെ ആത്മാവില്‍ കുടിയേറിയ പ്രിയന്‍ സിനിമ തേന്മാവിന്‍ കൊമ്പത്താണ്.
മലയാളസിനിമ ഇതുവരെ കാണാത്ത രീതിയിലുള്ള ഇതിഹാസ സിനിമയാണ് പ്രിയന്‍ ചെയ്തത്. അങ്ങനെ നോക്കുമ്പോള്‍ മരക്കാര്‍ ആദ്യത്തെ സംഭവമാണ്. എന്റര്‍ടെയിന്‍മെന്റാണ് എന്നുള്ള ധാരണയോടും സ്‌റ്റൈലോടും കൂടെയാണ് പ്രിയന്‍ കഥ പറഞ്ഞിരിക്കുന്നത്. എനിക്ക് ശ്രദ്ധക്കുറവിന്റെ പ്രശ്‌നമുണ്ട്. എന്നാല്‍ ഈ മൂന്ന് മണിക്കൂര്‍ സിനിമ കണ്ടുതുടങ്ങിയപ്പോള്‍ തന്നെ പ്രിയന്‍ സൃഷ്ടിച്ച ലോകത്തേക്ക് ഞാന്‍ കടന്നുപോയി.
സിനിമയുടെ എല്ലാ കാര്യങ്ങളും ഫസ്റ്റ് ക്ലാസ് ആണ്. ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, സംഗീതം, ശബ്ദം, ഇതിനെല്ലാം പുറമേ മികച്ച അഭിനയം, എല്ലാം മനോഹരമായിരുന്നു.
മോഹന്‍ലാലിനെ പോലെ മികച്ച ഒരു നടനെ പറ്റി മറ്റെന്തു പറയാനാണ്. വരും ദശകങ്ങളില്‍ അദ്ദേഹം കുഞ്ഞാലിയുടെ മുഖമാകും. തുടക്കത്തില്‍ തന്നെ, പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ചേര്‍ന്നുള്ള മനോഹരമായ ഒരു ഗാനം നിങ്ങളെ ആകര്‍ഷിക്കും. പ്രണവ് അച്ഛനെ പോലെ തന്നെ, പ്രത്യേകിച്ചും കണ്ണിന്റെയും മൂക്കിന്റേയും ക്ലോസപ്പില്‍. ഇരുവരും എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു.
എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പന്‍ ആശാരി) സാമൂതിരിയായി അഭിനയിക്കുന്നു. അദ്ദേഹം ആ കഥാപാത്രത്തെ പൂര്‍ണതയോടെ അവതരിപ്പിച്ചു. എനിക്ക് മാത്രമാണോ ഇത് തോന്നിയതെന്ന് അറിയില്ല, പക്ഷേ അദ്ദേഹത്തിന്റെ അഭിനയം കണ്ടപ്പോള്‍ എനിക്ക് വിറയല്‍ തോന്നി.
പ്രിയന്‍ ഒരു ചൈനീസ് പയ്യനെയും കീര്‍ത്തി സുരേഷിനെയും വെച്ച് ചിത്രീകരിച്ച ഗാനം കണ്ടപ്പോള്‍ എന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക ഈ പെണ്‍കുട്ടി വരും കാലത്ത് വലിയ നിലയിലെത്തും. സിനിമയിലെ എന്റെ രതിമൂര്‍ച്ഛ വിവരിച്ച് കൊണ്ട് ഞാന്‍ നിങ്ങളെ ബോറടിപ്പിക്കില്ല. ക്ഷമിക്കണം കീര്‍ത്തി ഇതിനോടകം തന്നെ ഉയരത്തിലാണ്. മുന്‍വിധികളില്ലാതെ ഈ സിനിമ കാണുക. എന്നെ വിശ്വസിക്കൂ, നിങ്ങള്‍ എന്റെ ആവേശം പങ്കിടും.