താന്‍ ഇംഗ്ലീഷിലിട്ട ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്തയെഴുതിയ മംഗളം ഓണ്‍ലൈനിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമാ താരം പ്രതാപ് പോത്തന്‍. ഇംഗ്ലീഷ് അറിയാത്തവരും ഫലിതം പറഞ്ഞാല്‍ മനസിലാകാത്തവരുമാണ് പത്രത്തില്‍ ഉള്ളതെങ്കില്‍ തന്റെ ഫേസ്ബുക്ക് പേജ് പിന്തുടരരുതെന്നും പോത്തന്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്.
ആഗസ്റ്റ് 24ന് പ്രതാപ് പോത്തന്‍ ഫേസ്ബുക്കിലിട്ട സ്റ്റാറ്റസ് “നിങ്ങള്‍ വ്യഭിചരിക്കരുത്; കാരണം താരങ്ങളത് ചെയ്യുന്നുണ്ട്: പ്രതാപ് പോത്തന്‍” എന്ന തലക്കെട്ടിലാണ് മംഗളം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ വാര്‍ത്തയാക്കിയിരുന്നത്.
താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് പത്രം വാര്‍ത്തയാക്കിയതെന്നും തനിക്കെതിരെ കുപ്രചരണം നടത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് സാധിക്കില്ലെന്നും പ്രതാപ് പോത്തന്‍ വ്യക്തമാക്കി. മംഗളത്തിന്റെ നിലപാട് ലജ്ജിപ്പിക്കുന്നതും ഏകാധിപത്യപരവുമാണെന്നും പ്രതാപ് പോത്തന്‍ തന്റെ സ്റ്റാറ്റസില്‍ പറയുന്നു.
മംഗളത്തിന്റെ കപട വാര്‍ത്ത ജനങ്ങള്‍ വിശ്വസിക്കില്ല. ജനങ്ങള്‍ താന്‍ പറഞ്ഞതെന്താണെന്ന് മനസിലാക്കുമെന്നും പ്രതാപ് പോത്തന്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ടര്‍ ടി.വിയും സമാനമായ തലക്കെട്ടില്‍ പ്രതാപ് പോത്തന്റെ സ്റ്റാറ്റസ് വാര്‍ത്തയാക്കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനലിനെയും പ്രതാപ് പോത്തന്‍ വിമര്‍ശിച്ചു.