ദല്‍ഹിക്ക് പന്തെന്ന പോലെ രാജസ്ഥാന് വേണ്ടി അവനുണ്ടാകും; സൂപ്പര്‍ താരം സ്റ്റേഡിയത്തിലെത്തുമെന്ന് രാജസ്ഥാന്‍
IPL
ദല്‍ഹിക്ക് പന്തെന്ന പോലെ രാജസ്ഥാന് വേണ്ടി അവനുണ്ടാകും; സൂപ്പര്‍ താരം സ്റ്റേഡിയത്തിലെത്തുമെന്ന് രാജസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th April 2023, 3:20 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആറാം മത്സരത്തിനിറങ്ങുകയാണ്. തങ്ങളുടെ സ്വന്തം കളിത്തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് രാജസ്ഥാന്‍ എസ്.എം.എസ്സില്‍ കളിക്കാനിറങ്ങുന്നത്.

2019ലാണ് രാജസ്ഥാന്‍ അവസാനമായി എസ്.എം.എസ്സില്‍ കളിച്ചത്. മൂന്ന് വര്‍ഷത്തിനും 11 മാസത്തിനും 22 ദിവസത്തിനും ശേഷമാണ് രാജസ്ഥാന്‍ വീണ്ടും ജയ്പൂരിലേക്കിറങ്ങുന്നത്.

ജയ്പൂരിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തില്‍ യുവതാരം പ്രസിദ്ധ് കൃഷ്ണ തങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍ സ്‌റ്റേഡിയത്തിലെത്തിയ വിവരം ആരാധകരുമായി പങ്കുവെക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് രാജസ്ഥാന്‍ ഇക്കാര്യം അറിയിച്ചത്. ഐ.പി.എല്ലിന് മുമ്പേ സംഭവിച്ച പരിക്ക് മൂലം ഈ സീസണ്‍ താരത്തിന് പൂര്‍ണമായും നഷ്ടമായിരുന്നു.

നേരത്തെ പ്രസിദ്ധിന്റെ ജേഴ്‌സിയുടെ ചിത്രം രാജസ്ഥാന്‍ റോയല്‍സ് ട്വിറ്റര്‍ അടക്കമുള്ള തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരുന്നു. വ്യക്തമായ ഒരു വിവരവും നല്‍കാതെ കേവലം മൂന്ന് ഇമോജികള്‍ക്കൊപ്പമാണ് രാജസ്ഥാന്‍ ചിത്രം പോസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെ താരം മടങ്ങിയെത്തുകയാണോ എന്നുള്ള സംശയത്തിലായി ആരാധകര്‍.

ഐ.പി.എല്‍ 2023ന് മുമ്പ് പരിക്കേറ്റ പ്രസിദ്ധിന് ഈ സീസണ്‍ പൂര്‍ണമായും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിദ്ധ് തന്നെയാണ് തനിക്ക് പരിക്കേറ്റ വിവരം ആരാധകരുമായി പങ്കുവെച്ചതും. കുറേ നാളുകള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

പത്ത് കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരമായിരുന്നു പ്രസിദ്ധ്. ഐ.പി.എല്‍ 2023ല്‍ രാജസ്ഥാന്റെ പേസാക്രമണങ്ങളില്‍ കാര്യമായ പങ്കുവഹിക്കുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്ന താരം കൂടിയായിരുന്നു അദ്ദേഹം.

 

കഴിഞ്ഞ സീസണിലെ 17 മത്സരത്തില്‍ നിന്നും 29 ആവറേജില്‍ 19 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിരുന്നു. 8.29 എക്കോണമിയും 21.00 സ്‌ട്രൈക്ക് റേറ്റുമായിരുന്നു പ്രസിദ്ധിനുണ്ടായിരുന്നത്.

അതേസമയം, സവായ് മാന്‍സിങ് സ്റ്റേഡിയത്തിലേക്കുള്ള തങ്ങളുടെ രണ്ടാം വരവില്‍ കെ.എല്‍. രാഹുലിന്റെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെയാണ് രാജസ്ഥാന് നേരിടാനുള്ളത്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

Content highlight: Prasidh Krishna comes to support Rajasthan Royals