| Sunday, 5th January 2025, 8:46 am

ഒരു റണ്‍സിന്റെ വിലയറിയിച്ചുകൊടുത്ത ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ബൗളര്‍!! സ്മിത് ഇവനെ മറക്കില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സിന്റെ 21 ഓവറുകള്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയാല്‍ ഇന്ത്യയ്ക്കും 43 റണ്‍സടിച്ചാല്‍ ആതിഥേയര്‍ക്കും വിജയിക്കാന്‍ സാധിക്കും.

സാം കോണ്‍സ്റ്റസ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ഉസ്മാന്‍ ഖവാജ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സില്‍ ആതിഥേയര്‍ക്ക് ഇതിനോടകം തന്നെ നഷ്ടമായത്. കോണ്‍സ്റ്റസ് 17 പന്തില്‍ 22 റണ്‍സ് നേടിയപ്പോള്‍ ലബുഷാന്‍ 20 പന്തില്‍ ആറ് റണ്‍സിനും സ്മിത് ഒമ്പത് പന്തില്‍ നാല് റണ്‍സിനും പുറത്തായി. 45 പന്ത് നേരിട്ട് 41 റണ്‍സുമായി ഹോം ടൗണ്‍ ബോയ് ഉസ്മാന്‍ ഖവാജയും മടങ്ങി.

ഖവാജയെ മുഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണയാണ് മറ്റ് മൂന്ന് വിക്കറ്റും സ്വന്തക്കിയത്.

രണ്ടാം ഇന്നിങ്സില്‍ നാല് റണ്‍സ് മാത്രം നേടി മടങ്ങിയതോടെ കരിയറിലെ ചരിത്ര നേട്ടത്തിനായുള്ള സ്മിത്തിന്റെ കാത്തിരിപ്പ് തുടരുകയാണ്. വെറും ഒരു റണ്‍സിന് ടെസ്റ്റ് ഫോര്‍മാറ്റില്‍ 10,000 റണ്‍സ് എന്ന ചരിത്ര നേട്ടമാണ് സ്മിത്തിന് കണ്‍മുമ്പില്‍ നിന്നും നഷ്ടമായിരിക്കുന്നത്. 9999 റണ്‍സാണ് നിലവില്‍ സ്മിത്തിന്റെ പേരിലുള്ളത്.

സ്മിത്തിനെ ജെയ്‌സ്വാളിന്റെ കൈകളിലെത്തിച്ച് മടക്കിയതോടെ ഒരു ചരിത്ര നേട്ടവും പ്രസിദ്ധ് കൃഷ്ണ സ്വന്തമാക്കി. ടെസ്റ്റ് ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ഒരു ബാറ്റര്‍ തന്റെ കരിയറിലെ 9999 റണ്‍സില്‍ നില്‍ക്കവെ പുറത്താക്കുന്ന ആദ്യ ബൗളര്‍ എന്ന നേട്ടമാണ് പ്രസിദ്ധ് സ്വന്തമാക്കിയത്.

ശ്രീലങ്കന്‍ ഇതിഹാസ താരം മഹേല ജയവര്‍ധനെയും 9999റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍ താരം റണ്‍ ഔട്ടിലൂടെയാണ് പുറത്തായത്. ജാക് കാല്ലിസാണ് ജയവര്‍ധനെയുടെ പുറത്താകലിന് വഴിയൊരുക്കിയത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്നി ടെസ്റ്റിന് മുമ്പ് 9,962 റണ്‍സായിരുന്നു സ്മിത്തിന്റെ പേരിലുണ്ടായിരുന്നത്. പരമ്പരയിലെ അവസാന ടെസ്റ്റില്‍ വെറും 38 റണ്‍സ് മാത്രം കണ്ടെത്തിയാല്‍ 10,000 ടെസ്റ്റ് റണ്‍സ് നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം പിടിക്കാന്‍ സ്മിത്തിന് സാധിക്കുമായിരുന്നു.

ആദ്യ ഇന്നിങ്സില്‍ 57 പന്തില്‍ 33 റണ്‍സാണ് മോഡേണ്‍ ഡേ ഗ്രേറ്റിന് നേടാന്‍ സാധിച്ചത്. നാല് ഫോറും ഒരു സിക്സറുമായി മികച്ച രീതിയില്‍ ബാറ്റിങ് തുടരവെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കി സ്മിത് മടങ്ങി.

ആദ്യ ഇന്നിങ്സില്‍ നേടാന്‍ സാധിക്കാതെ പോയത് രണ്ടാം ടെസ്റ്റില്‍ സ്മിത്തിന് നേടാന്‍ സാധിക്കുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചു. ഈ നേട്ടത്തിലെത്താന്‍ വെറും അഞ്ച് റണ്‍സ് മാത്രമായിരുന്നു സ്മിത്തിന് വേണ്ടിയിരുന്നത് എന്നത് തന്നെയായിരുന്നു ആരാധകരുടെ കോണ്‍ഫിഡന്‍സിന് കാരണവും. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ താരം നാല് റണ്‍സിന് പുറത്താവുകയായിരുന്നു.

104 മത്സരത്തിലെ 204 ഇന്നിങ്സില്‍ നിന്നുമായി നിലവില്‍ 9,999 റണ്‍സാണ് സ്മിത്തിന്റെ പേരിലുള്ളത്. 55.86 ശരാശരിയില്‍ 34 സെഞ്ച്വറിയും 41 അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതാണ് താരത്തിന്റെ ടെസ്റ്റ് കരിയര്‍.

അന്താരാഷ്ട്ര റെഡ് ബോള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തുന്ന 15ാമത് താരം, റിക്കി പോണ്ടിങ്ങിനും അലന്‍ ബോര്‍ഡറിനും സ്റ്റീവ് വോയ്ക്കും ശേഷം ഈ നേട്ടത്തിലെത്തുന്ന നാലാമത് ഓസീസ് താരം തുടങ്ങിയ നേട്ടങ്ങളുമാണ് വെറും ഒരു റണ്‍സകലെ സ്മിത്തിന് നഷ്ടമായിരിക്കുന്നത്.

Content Highlight: Prasidh Krishna becomes the first bowler to dismiss a player at 9999 Test career runs.

We use cookies to give you the best possible experience. Learn more