ഞാന്‍ ജനിക്കുന്നതിനും എത്രയോ വര്‍ഷം മുന്‍പ് തന്നെ അച്ഛന്‍ കര്‍ഷകനാണ്. 5000 ത്തോളം വാഴയും, ഒരേക്കറിനടുത്ത് നെല്ലും കൃഷി ചെയ്തിരുന്നവന്‍. Kerala Horticulture Development Program (KHDP) എന്ന പേരില്‍ അന്നുണ്ടായിരുന്ന, സര്‍ക്കാറിന് കീഴിലുള്ള പ്രോജക്ടിന്റെ മണ്ണാര്‍ക്കാട്ടെ സ്ഥാപകരില്‍ ഒരാള്‍.
പ്രധാനമായും വാഴകൃഷിക്കാര്‍ക്കും മറ്റു പച്ചക്കറി കൃഷിക്കാര്‍ക്കും വേണ്ടി ഉള്ള സ്ഥാപനമായിരുന്നു അത്. വിപണനവും, വായ്പാ സൗകര്യങ്ങളും, പഠനവും ഉള്‍പ്പെടെ മികച്ച രീതിയില്‍ മുന്നോട്ട് പോയിരുന്ന സ്ഥാപനമായിരുന്നു അത്. പാലക്കാട് ജില്ലയില്‍ ആദ്യമായി ടിഷ്യുകള്‍ച്ചര്‍ വാഴ കൃഷി ചെയ്തത് അച്ഛനാണ്. മണ്ണ് ടെസ്റ്റ് ചെയ്ത് മണ്ണിനെ അറിഞ്ഞ് വളപ്രയോഗം നടത്തി മികച്ച വിളവുണ്ടാക്കിയിരുന്നു. 1999ല്‍ പാലക്കാട് ജില്ലയിലെ മികച്ച ഗവേഷക കര്‍ഷകനായിരുന്നു പുള്ളി.
എന്നാല്‍, ആദ്യമൊക്കെ പാടത്ത് ചെറിയ രീതിയില്‍ തുടങ്ങിയ പന്നി, കുരങ്ങ്, മയില്‍ എന്നിവയുടെ ആക്രമണം പിന്നീട് വര്‍ദ്ധിച്ചു. മയില്‍ വാഴയില്‍ പറന്നിരിക്കും അധികം വൈകാതെ വാഴ ഒടിഞ്ഞ് പോകും. പന്നികള്‍ ഉഴുത് മറിച്ചിട്ടാണ് പോവുക. കുരങ്ങന്മാരുടെ ശല്യം വേറെ. 4 വര്‍ഷം കൊണ്ട് കൃഷി നടത്തി, വീടും ഉണ്ടായിരുന്ന സ്ഥലവും വില്‍ക്കേണ്ടി വന്നു 2004ല്‍, ലക്ഷങ്ങളുടെ ബാധ്യത വേറെ.
പ്രശോഭ് പങ്കുവെച്ച് അച്ഛന്‍റെ ചിത്രം
പക്ഷെ, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മനസ്സില്‍ വേറെ കുറേ ‘ബോധ്യ’ങ്ങളായിരുന്നു. ഭൂമിയുടെ അവകാശികളും, സുഗതകുമാരി ടീച്ചറുടെ ലേഖനങ്ങളും, ജോണ്‍ സിയുടെ ചിന്തകളും, ഒക്കെയായിട്ടങ്ങനെ. യാഥാര്‍ത്ഥ്യത്തിന്റെ മുകളില്‍ ചവിട്ടി നിന്ന് മനുഷ്യനുമായി ചങ്ങാത്തത്തിലേര്‍പ്പെടുന്ന മൃഗങ്ങളും, ചെറുബാല്യത്തിന് താങ്ങാനാകാത്ത കുറ്റബോധവും. വെട്ടാന്‍ കളയാന്‍ തുടങ്ങിയ മരത്തിനെ കെട്ടിപിടിച്ച ബിനോയ് വിശ്വത്തിന്റെ വാര്‍ത്തയൊക്കെ കണ്ട് കരഞ്ഞിട്ടുണ്ട്. എന്താണീ മനുഷ്യരിങ്ങനെ ക്രൂരരാകുന്നത് എന്നെത്രയോ വട്ടം ആലോചിച്ചിട്ടുണ്ട്.
ഒരു തലമുറയെ മുഴുവന്‍ മനുഷ്യവിരുദ്ധരാക്കുകയായിരുന്നു നിങ്ങള്‍. മണ്ണാര്‍ക്കാട്ടെ ഒരു കാര്‍ഷിക മേളയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ നടത്തിയ സെമിനാറില്‍ ഒറ്റക്ക് പോയി ഗാഡ്ഗിലിന് വേണ്ടി വാദിച്ചിട്ടുണ്ട്. കാര്യങ്ങളുടെ വ്യക്തത വന്നത് പിന്നീടെത്രയോ കാലത്തിന് ശേഷമാണ്.
4 ലക്ഷത്തിന് വീട് കയറ്റാന്‍ കഴിയാതെ നിസ്സഹായരായി പോയ മനുഷ്യരെ കണ്ടത് പിന്നീടാണ്, ഉള്ള പാടത്ത് ഒരഞ്ച് സെന്റ് നികത്തി വീട് കേറ്റാന്‍ പറ്റാത്ത മനുഷ്യരെ കണ്ടതും പിന്നീടാണ്, കൃഷി നടത്തി മുടിഞ്ഞ എന്റെ കുടുംബ മുള്‍പ്പെടെയുള്ളവന്റെ ജീവിതത്തിലേക്ക് കണ്ണ് തുറന്നതും പിന്നീടാണ്. കഴിഞ്ഞ മാസം അമ്മാവന്‍ കൃഷി ചെയ്ത വെള്ളരിക്ക ഭൂമിയുടെ അവകാശികള്‍ പങ്കിട്ടെടുത്തതിന്റെ ബാക്കി 1020 കിലോ 6 രൂപ നിരക്കിലാണ് വിറ്റ് തീര്‍ത്തത്.
സാധാരണക്കാരന്റെ ജീവിതത്തെ പരിഹാസ്യമാക്കി മാറ്റി, മലയോര കര്‍ഷകനെ കുറ്റവാളിയാക്കി കാവ്യലോകത്ത് സെമിനാര്‍ നടത്തി ഫാസിസമെന്ന് നിലവിളിക്കുന്ന എല്ലാതരം യു.ജി.സി സ്‌കെയില്‍ ഏമ്പക്കങ്ങളോടും ഉള്ള പ്രതിഷേധം തന്നെയാണ് പുസ്തകം കത്തിക്കാനുള്ള കാരണം. ‘കാട്ടുമൃഗങ്ങള്‍’ ജീവിതത്തിന്റെ നേര്‍ക്ക് പാഞ്ഞടുക്കുമ്പോള്‍ പ്രതിരോധിക്കുക തന്നെ ചെയ്യും.
NB: രണ്ട് ദിവസമായി കവി വീരാന്‍ കുട്ടിയുടെ പോസ്റ്റുകള്‍ താഴെ ഒരു പറ്റം മനുഷ്യര്‍ വ്യക്തമായി ഡാറ്റ വെച്ച് സംസാരിച്ചിരുന്നു. കവി കാവ്യത്മക പോസ്റ്റുകളിട്ട് മനുഷ്യനെ കുറ്റവാളിയാക്കി നിര്‍ത്തി, പിന്നീട് പോസ്റ്റുകള്‍ പിന്‍വലിച്ചു. കാല്‍പ്പനികമല്ലാത്ത കൃത്യമായ ഡാറ്റ പിന്‍ ചെയ്ത മറുപടി കവി പക്ഷക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യനെ പ്രതിയാക്കുന്ന മനുസ്മൃതികള്‍ നമ്മുടെ ഷെല്‍ഫില്‍ എന്തിനാണ്?
Content Highlight: Prashob K writes about why he burned Veerankutty’s book