തനിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ വാദം നടക്കുന്ന സമയത്ത് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ വെച്ചു നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം മലയാളത്തില്‍.
ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിപ്രഖ്യാപനം ഞാന്‍ വായിച്ചു. മൂന്ന് ദശാബ്ദത്തിലേറെയായി വ്യക്തിപരവും തൊഴില്‍പരവുമായ പല നഷ്ടങ്ങളും സഹിച്ചുക്കൊണ്ട് ഞാന്‍ എപ്പോഴും ഈ കോടതിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഒരു മുഖസ്തുതിക്കാരനെയോ വാഴ്ത്തിപ്പാടലുകാരെനെയോ പോലെയല്ല, പക്ഷെ എളിമയുള്ള ഒരു കാവല്‍ക്കാരനായി. പക്ഷെ ഇന്ന് ഇതേ കോടതി തന്നെ കോടതിയലക്ഷ്യം നടത്തിയെന്ന പേരില്‍ എന്നെ കുറ്റക്കാരനായി വിധിക്കുമ്പോള്‍ അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
ഞാന്‍ ശിക്ഷിക്കപ്പെടും എന്നതിലല്ല ഇത്രയും ഭീകരമായി തെറ്റിധരിക്കപ്പെട്ടതിലാണ് എന്റെ വേദന. നീതിനിര്‍വ്വണ സ്ഥാപനത്തിനെതിരെ ‘വിദ്വേഷപരവും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ആസൂത്രിത നീക്കം’ ഞാന്‍ നടത്തിയെന്ന കോടതിയുടെ കണ്ടെത്തല്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഈ ആസൂത്രിത നീക്കം നടത്തുന്നതിന് പിന്നിലുള്ള എന്റെ ഉദ്ദേശം വെളിവാക്കുന്ന യാതൊരു തെളിവുകളുമില്ലാതെയാണ് കോടതി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയെന്നത് എന്നെ സ്തബ്ധനാക്കി.
എനിക്കെതിരെ സ്വമേധയാ കേസെടുക്കുന്നതിന് കോടതി ആധാരമാക്കിയ പരാതിയുടെ പകര്‍പ്പ് എനിക്ക് നല്‍കാനോ ഞാന്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലും മറ്റു അപേക്ഷകളിലും ചൂണ്ടിക്കാണിച്ച വാദങ്ങള്‍ക്കും വസ്തുതക്കള്‍ക്കും മറുപടി പറയാനോ കോടതി തയ്യാറാകാതിരുന്നത് തികച്ചും നിരാശാജനകമാണ്.
ജുഡീഷ്യറിയുടെ മികച്ച പ്രവര്‍ത്തനത്തിന് പൊതുജന വിമര്‍ശനം ഏറെ ഗുണകരമാണ്. ഭരണഘടനയുടെ സംരക്ഷണത്തിനായി ഏതൊരു ജനാധിപത്യ വ്യവസ്ഥയിലും ഏത് സ്ഥാപനത്തിനെതിരെയും തുറന്ന വിമര്‍ശനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. സാധാരണ ധാര്‍മിക ബാധ്യതകളേക്കാള്‍ ഉയര്‍ന്ന ആദര്‍ശങ്ങള്‍ക്ക് പ്രധാന്യം നല്‍കേണ്ട, വ്യക്തിപരവും തൊഴില്‍പരവുമായ ആവശ്യങ്ങളേക്കാള്‍ ഭരണഘടനാ സംരക്ഷണത്തിന് വില കല്‍പ്പിക്കേണ്ട, ഇന്നിന്റെ വേവലാതികള്‍ ഭാവിയെക്കുറിച്ചുള്ള നമ്മുടെ ഉത്തരവാദിത്തതിന് ഒരിക്കലും തടസ്സമാകാത്ത വിധം പ്രവര്‍ത്തിക്കേണ്ട, ചരിത്രത്തിലെ ഒരു നിര്‍ണ്ണായക നിമിഷത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഒരു അഭിഭാഷകനെന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ഈ ഉത്തരവാദിത്തങ്ങള്‍ ഏറെ കൂടുതലാണ് താനും.
നമ്മുടെ രാജ്യചരിത്രത്തിലെ ഈ നിര്‍ണ്ണായകഘട്ടത്തില്‍ ഞാന്‍ തീര്‍ച്ചയായും നിര്‍വഹിക്കേണ്ട കടമയുടെ ഒരു ചെറിയ ഭാഗമായിരുന്നു എന്റെ ട്വീറ്റുകള്‍. സ്വബോധമില്ലാത്ത സമയത്തല്ല ഞാന്‍ അത് ട്വീറ്റ് ചെയ്തത്. അതുകൊണ്ടു തന്നെ, ഞാന്‍ കാലങ്ങളായി പിന്തുടരുന്ന, തുടര്‍ന്നും വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ആ പ്രസ്താവനകളില്‍ ഞാന്‍ മാപ്പ് പറഞ്ഞാല്‍ അത് തികച്ചും നിന്ദ്യമായ നെറികേടാകും.
അതിനാല്‍ തന്റെ ഒരു വിചാരണ സമയത്ത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകള്‍ ഇവിടെ ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്, ‘ഞാന്‍ ദയക്കായി യാചിക്കുന്നില്ല. ഔദാര്യവും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ കോടതി കുറ്റകരമെന്ന് കണ്ടെത്തിയ പ്രവര്‍ത്തിക്ക് നിയമപരമായ ഏത് ശിക്ഷയും സന്തോഷത്തോടെ ഏറ്റുവാങ്ങാന്‍ തയ്യാറായാണ് ഞാന്‍ നില്‍ക്കുന്നത്. പക്ഷെ കോടതി കുറ്റകരമെന്ന് വിധിയെഴുതിയ എന്റെ പ്രവര്‍ത്തനങ്ങളെ ഒരു പൗരന്റെ ഏറ്റവും വലിയ കടമായായാണ് ഞാന്‍ കണക്കാക്കുന്നത്.’
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ