| Wednesday, 30th June 2021, 11:46 pm

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉപേക്ഷിച്ച നടന്‍ ഞാനായിരിക്കും; കുടിയന്‍ കഥാപാത്രത്തെക്കുറിച്ച് പ്രശാന്ത് പുന്നപ്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അയ്യപ്പ ബൈജു എന്ന കുടിയന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ മിമിക്രി താരമാണ് പ്രശാന്ത് പുന്നപ്ര. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉപേക്ഷിച്ച നടന്‍ താനായിരിക്കുമെന്ന് പറയുകയാണ് പ്രശാന്ത്.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയന്‍ കഥാപാത്രം ചെയ്യാന്‍ വേണ്ടി മാത്രമാണ് ചിലര്‍ തന്നെ വിളിക്കാറുള്ളതെന്നും അതിന് ഒരു മൂല്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ തനിക്ക് ഒരേ കഥാപാത്രങ്ങളാണ് ലഭിച്ചതെങ്കില്‍ തമിഴില്‍ താന്‍ നല്ല കുറച്ച് റോളുകള്‍ ചെയ്തുവെന്നും പ്രശാന്ത് പറഞ്ഞു.

‘ഏത് റോളിലേക്കാണെങ്കിലും ഒരാള്‍ നമ്മളെ വിളിക്കുമ്പോള്‍ അതിന്റേതായ മൂല്യം കല്‍പ്പിക്കണം. പക്ഷെ എന്നെ സിനിമയില്‍ വിളിച്ചവരാരും ആ ഒരു കാഴ്ചപ്പാടിലല്ല വിളിച്ചത്. വന്നു, അത് എവിടെയെങ്കിലും ഉപയോഗിക്കാം എന്ന ഒരു രീതിക്കായിരുന്നു.

ഞാന്‍ തമിഴില്‍ ആറ്-ഏഴ് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒരു അഞ്ചെണ്ണത്തോളം റിലീസ് ആകാനിരിക്കുന്ന ചിത്രമാണ്. പക്ഷെ അതൊക്കെ ലോ ബജറ്റ് പടങ്ങളാണെങ്കിലും അതിലൊരിക്കലും അവരെന്നെ ഈ കുടിയന്‍ ആയിട്ടല്ല അവതരിപ്പിച്ചത്.

ഈ ആളെക്കൊണ്ട് വേറെ ഒരു സാധനം ചെയ്യിക്കാന്‍ കഴിയും എന്നാണ് അവര്‍ വിചാരിച്ചത്. അവര്‍ വിചാരിച്ചതാണ് കറക്ട്. അതില്‍ ഞാന്‍ സംതൃപ്തനാണ്. പക്ഷെ മലയാളത്തില്‍ എന്റെ കൂടെ മിമിക്രി ഒക്കെ ചെയ്ത് നടന്നിരുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ ഉപേക്ഷിച്ച ഒരാളാണ് ഞാന്‍. കാരണം ഇതേ കഥാപാത്രത്തിന് വേണ്ടി തന്നെ വിളിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു താത്പര്യമില്ലെന്ന്,’ പ്രശാന്ത് പറഞ്ഞു.

അയ്യപ്പ ബൈജു എന്നത് ഒരു 10 മിനുട്ട് ക്യാരക്ടറാണ്. ആ പത്ത് മിനുട്ടില്‍ ക്യാരക്ടര്‍ എന്ത് പറയുന്നു എന്നതേ ഉള്ളു. അല്ലാതെ ഞാന്‍ ഈ കുടിയന്‍ ക്യാരക്ടര്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിന് മൂല്യമുണ്ടാകണം. സിനിമയിലെ കഥാപാത്രത്തിന്റെ മൂല്യത്തെക്കുറിച്ച് അറിയാത്തവരല്ലല്ലോ വിളിക്കുന്നവര്‍ എന്നും പ്രശാന്ത് ചോദിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Prashanth Punnapra about his Ayyappa Biju drunken character

We use cookies to give you the best possible experience. Learn more