എനിക്ക് ഒ.സി.ഡി ഉണ്ട്; ' കരി ഓയില്‍ യൂണിവേഴ്‌സ്' ചര്‍ച്ചകളോട് പ്രതികരിച്ച് പ്രശാന്ത് നീല്‍
Film News
എനിക്ക് ഒ.സി.ഡി ഉണ്ട്; ' കരി ഓയില്‍ യൂണിവേഴ്‌സ്' ചര്‍ച്ചകളോട് പ്രതികരിച്ച് പ്രശാന്ത് നീല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th December 2023, 8:30 am

പ്രശാന്ത് നീല്‍ ചിത്രം സലാര്‍ പ്രഖ്യാപിച്ചത് മുതല്‍ വലിയ ആവേശത്തിലായിരുന്നു പ്രേക്ഷകര്‍. കെ.ജി.എഫ് ഒന്നാം ഭാഗത്തിന്റേയും രണ്ടാം ഭാഗത്തിന്റേയും വന്‍വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും താരസാന്നിധ്യവും ചിത്രത്തിന് മേലുള്ള പ്രതീക്ഷയേറ്റി.

ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതോടെ കെ.ജി.എഫുമായുള്ള സാമ്യം ചര്‍ച്ചയായിരുന്നു. ഇരു ചിത്രങ്ങളുടേയും ഇരുണ്ട പശ്ചാത്തലമായിരുന്നു ചര്‍ച്ചകളുടെ അടിസ്ഥാനം. തുടര്‍ന്ന് സലാറും കെ.ജി.എഫും തമ്മില്‍ ബന്ധമുണ്ടെന്നും ഇനി പ്രശാന്ത് നീലും സ്വന്തമായി യൂണിവേഴ്‌സ് ആരംഭിക്കാനൊരുങ്ങുകയാണെന്നുമുള്ള ചര്‍ച്ചകളും സജീവമായി. ഇതിനൊപ്പം തന്നെ ട്രോളുകളും ഉയര്‍ന്നിരുന്നു. കാശ് ലാഭിക്കാനായി കെ.ജി.എഫിന്റെ സെറ്റ് പൊളിക്കാതെ അവിടെ തന്നെ സലാര്‍ ഷൂട്ട് ചെയ്തതാണെന്നും ഇത് കരി ഓയില്‍ യൂണിവേഴ്‌സാണെന്നുമുള്ള ട്രോളുകള്‍ ഉയര്‍ന്നു.

തന്റെ ചിത്രങ്ങളിലെ ഇരുണ്ട പശ്ചാത്തലത്തെ പറ്റി പ്രശാന്ത് നീല്‍ തന്നെ പ്രതികരിക്കുകയാണ് ഇപ്പോള്‍. തനിക്ക് ഒ.സി.ഡി (Obsessive compulsive disorder) ഉണ്ടെന്നും അതിനാലാണ് ഇരുണ്ട പശ്ചാത്തലങ്ങള്‍ ഉപയോഗിക്കുന്നതെന്നും പ്രശാന്ത് നീല്‍ പറഞ്ഞു. സലാറും കെ.ജി.എഫും തമ്മിലുള്ള സാമ്യത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ ശ്രദ്ധിക്കാറുണ്ടെന്നും ഇരുണ്ട പശ്ചാത്തലമാണ് സലാറിന്റെ കഥ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ കാരണം അത് മാറ്റാനാവില്ലെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് നീല്‍ പറഞ്ഞു.

‘എനിക്ക് ഒ.സി.ഡി ഉണ്ട്. അതുകൊണ്ടാണ് കെ.ജി.എഫും സലാറും ഒരുപോലെ തോന്നുന്നത്. ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങള്‍ എനിക്ക് ഇഷ്ടമല്ല. എന്റെ വ്യക്തിത്വത്തിന്റെ ഒരു പ്രതിഫലനമാണ് സ്‌ക്രീനില്‍ കാണുന്നത് എന്നാണ് തോന്നുന്നത്. ഗ്രേ കളര്‍ പശ്ചാത്തലം മനസില്‍ കണ്ടാണ് സിനിമാറ്റോഗ്രാഫര്‍ ഭുവന്‍ ഗൗഡ ചിത്രം ഷൂട്ട് ചെയ്തതെങ്കിലും അദ്ദേഹം എല്ലായ്‌പ്പോഴും അതിനോട് യോജിക്കുന്നില്ലായിരുന്നു. ആ രീതി ഒന്നുങ്കില്‍ വളരെ നല്ലതായിരിക്കും അല്ലെങ്കില്‍ വളരെ മോശമായിരിക്കും എന്ന് എനിക്ക് മനസിലായി.

കെ.ജി.എഫും സലാറും ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ ശ്രദ്ധിക്കാറുണ്ട്. മങ്ങിയ പശ്ചാത്തലത്തിലാണ് സലാറിന്റെ കഥ പറയേണ്ടത്. സിനിമയുടെ മൂഡ് ഇരുണ്ടതാണ്. കെ.ജി.എഫിന്റെ പശ്ചാലത്തലം സലാറിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ കഥ അത് ആവശ്യപ്പെടുന്നുണ്ട്. പുറത്തുള്ള ചര്‍ച്ചകള്‍ കാരണം അത് മാറ്റാനാവില്ല. അതാണ് സലാറിന്റെ മൂഡ്,’ പ്രശാന്ത് നീല്‍ പറഞ്ഞു.

ഡിസംബര്‍ 22നാണ് സലാര്‍ റിലീസ് ചെയ്യുന്നത്. പ്രഭാസിനും പൃഥ്വിരാജിനും പുറമേ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ശ്രേയ റെഡ്ഡി, ഈശ്വരി റാവോ, ദയാനന്ത് റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Prashanth Neel talks about the dark palette in his films