| Wednesday, 29th November 2023, 4:52 pm

കെ.ജി.എഫിന് യഥാര്‍ത്ഥത്തില്‍ രണ്ട് ഭാഗമുണ്ടായിരുന്നില്ല; കെ.ജി.എഫിനും മുമ്പ് എഴുതിയ കഥയാണ് സലാര്‍: പ്രശാന്ത് നീല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയില്‍ നിലവില്‍ ഏറ്റവും പ്രമുഖരായ സംവിധായാകരില്‍ ഒരാളാണ് പ്രശാന്ത് നീല്‍. തന്റെ കെ.ജി.എഫ് എന്ന സിനിമ വഴി ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ അദ്ദേഹത്തിന്റേതായി ഏറ്റവും പുതുതായി വരാനിരിക്കുന്ന സിനിമയാണ് സലാര്‍. ഡിസംബര്‍ 22ന് റിലീസാകുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍.

കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സലാര്‍ റിലീസിനെത്തുന്നത്. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് പ്രശാന്ത് നീല്‍.

താന്‍ കെ.ജി.എഫിന് മുമ്പ് സലാര്‍ സിനിമ എഴുതിയിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. സലാറിന് നല്ല ദൈര്‍ഘ്യമുണ്ടെന്നും മുഴുവന്‍ കഥയും പൂര്‍ണ്ണമായി വിവരിക്കാന്‍ രണ്ട് സിനിമ ആവശ്യമാകുമെന്നും പ്രശാന്ത് നീല്‍ പറയുന്നുണ്ട്.

കെ.ജി.എഫ് യഥാര്‍ത്ഥത്തില്‍ രണ്ട് ഭാഗങ്ങളുള്ള പ്രമേയമായിരുന്നില്ലെന്നും എന്നാല്‍ സലാറിന് രണ്ട് ഭാഗം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം സലാറില്‍ നിന്ന് മറ്റൊരു കെ.ജി.എഫ് പ്രതീക്ഷിക്കരുതെന്നും പ്രശാന്ത് നീല്‍ പറയുന്നുണ്ട്.

‘കെ.ജി.എഫ് രണ്ട് ഭാഗങ്ങളുള്ള കഥയായിരുന്നില്ല. എന്നാല്‍ സലാര്‍ വളരെ വലിയ കഥയാണ്. അത് ശരിക്കും 6 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സിനിമയാണ്.

സലാറില്‍ നിന്ന് മറ്റൊരു കെ.ജി.എഫ് പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കരുത്. സലാറിന്റേത് മറ്റൊരു ലോകമാണ്. അതിന് അതിന്റേതായ വികാരങ്ങളും സലാറിന്റേതുമായ കഥാപാത്രങ്ങളുമുണ്ട്,’ പ്രശാന്ത് നീല്‍ പറഞ്ഞു.

പ്രശാന്ത് നീലും പ്രഭാസും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സിനിമയില്‍ നായകനായെത്തുന്ന പ്രഭാസിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു.

‘പ്രഭാസ് സാറിന് മറ്റാരെയും പോലെ ഇന്നസെന്‍സ് അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ അതേ സമയം, അദ്ദേഹത്തിന് ആക്രമണം കാണിക്കാനും കഴിയും. സലാറിലൂടെ ഇത് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും. പ്രഭാസിന്റെ പേര്‍സണാലിറ്റി സലാര്‍ എന്ന സിനിമക്ക് വളരെ അനുയോജ്യമാണ്,’ പ്രശാന്ത് നീല്‍ പറയുന്നു.

Content Highlight: Prashanth Neel Talks About Salaar And Prabhas

We use cookies to give you the best possible experience. Learn more