കന്നഡയില്‍ ഏറ്റവും പ്രശസ്തരായ സംവിധായകരില്‍ ഒരാളാണ് പ്രശാന്ത് നീല്‍. കെ.ജി.എഫ് സിനിമയിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ സിനിമയില്‍ വലിയ ശ്രദ്ധ നേടിയത്.
2023 ഡിസംബര്‍ 22നാണ് സലാര്‍ തിയേറ്ററിലെത്തുന്നത്. ഇപ്പോള്‍ പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ സലാര്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പ്രശാന്ത് നീല്‍.
രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാറില്‍ പറയുന്നതെന്നും രണ്ട് ഭാഗങ്ങളായാണ് സിനിമ പുറത്തിറങ്ങുന്നതെന്നുമാണ് പ്രശാന്ത് നീല്‍ പറയുന്നത്.
‘ഏറ്റവും വലിയ ശത്രുക്കളാകുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍ പറയുന്നത്. സൗഹൃദമാണ് സലാറിലൂടെ പറയുന്ന വികാരം. രണ്ട് ഭാഗങ്ങളായാണ് സുഹൃത്തുക്കളുടെ ഈ യാത്ര കാണിക്കാന്‍ പോകുന്നത്,’ പ്രശാന്ത് നീല്‍ പറഞ്ഞു.
ഡിസംബര്‍ ഒന്നിന് ഇറങ്ങുന്ന സലാറിന്റെ ട്രെയ്‌ലറിലൂടെ സിനിമയെ കുറിച്ച് പ്രേക്ഷകര്‍ക്ക് കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം പറയുന്നു.
‘ഇതുവരെ ഞാന്‍ ചെയ്ത എല്ലാ സിനിമകള്‍ക്കും ഒരു ഫാന്റസിയുടെ ടച്ചുണ്ട്. ലോകത്തെ ആകര്‍ഷകമാക്കുന്നത് വികാരങ്ങളാണ്. അത് സുഹൃത്തോ അമ്മയോ അച്ഛനോ ആകട്ടെ. വികാരങ്ങളില്ലാത്ത സിനിമ ഒരു ഷോറീല്‍ പോലെയാണ്,’ പ്രശാന്ത് നീല്‍ കൂട്ടിചേര്‍ത്തു.
കെ.ജി.എഫിനെയും സലാറിനെയും കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടും വ്യത്യസ്തമായ കഥകളാണെന്നും സലാറില്‍ നിന്ന് പ്രേക്ഷകര്‍ മറ്റൊരു കെജിഎഫ് പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു.
‘രണ്ടും വ്യത്യസ്തമായ കഥകളാണ്, വ്യത്യസ്തമായ കഥ പറയുന്ന ശൈലിയിലുള്ള വ്യത്യസ്ത വികാരങ്ങളാണ്. സലാറില്‍ നിന്ന് പ്രേക്ഷകര്‍ മറ്റൊരു കെ.ജി.എഫ് പ്രതീക്ഷിക്കരുത്. സലാര്‍ അതിന്റേതായ ഒരു ലോകമാണ്, അതിന് അതിന്റേതായ വികാരങ്ങളും കഥാപാത്രങ്ങളുമുണ്ട്,’ പ്രശാന്ത് നീല്‍ അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: Prashanth Neel Talks About Salaar And Kgf Movies