| Saturday, 7th May 2022, 4:06 pm

പ്രേക്ഷകര്‍ സിനിമ കണ്ടിട്ട് നല്ലതാണോ, മോശമാണോന്ന് പറഞ്ഞാല്‍ മതി, പക്ഷേ എഡിറ്റിംഗിനെ പറ്റിയൊക്കെയാണ് പറയുന്നത്: പ്രശാന്ത് നീല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ജി.എഫ് എന്ന തന്റെ ചിത്രത്തിലൂടെ ഇന്ത്യയുടെ മുഴുവനും ശ്രദ്ധ കന്നഡ സിനിമയിലേക്ക് കേന്ദ്രീകരിച്ച സംവിധായകനാണ് പ്രശാന്ത് നീല്‍. 2018 ല്‍ കെ.ജി.എഫിന്റെ റിലീസോടെ യഷിന്റെ കരിയര്‍ കൂടിയാണ് പ്രശാന്ത് നീല്‍ മാറ്റിമറിച്ചത്. റോക്കി ഭായ് എന്ന കഥാപാത്രമായെത്തിയ യഷിന് കന്നഡയ്ക്ക് പുറത്തേക്കും തന്റെ താരമൂല്യം ഉയര്‍ത്താന്‍ ചിത്രത്തിലൂടെ സാധിച്ചു.

ഹോംബാലെ ഫിലിംസ് നിര്‍മിച്ച ചിത്രം കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. രണ്ട് ഭാഗങ്ങളായി ഇറങ്ങിയ ചിത്രത്തിന് വന്‍ വരവേല്പാണ് ലോകമെമ്പാടുനിന്നും ലഭിച്ചത്.

സിനിമയെന്നാല്‍ കഥ പറച്ചിലാണെന്നും ബാക്കി ടെക്‌നിക്കാലിറ്റീസെല്ലാം വെറും ടൂളുമാണെന്ന് പറയുകയാണ് പ്രശാന്ത് നീല്‍. ഇപ്പോഴുള്ള പ്രേക്ഷകര്‍ സിനിമ നല്ലതാണോ മോശമാണോ എന്ന് പറയുന്നതിനപ്പുറം നിരൂപകരായെന്നും അദ്ദേഹം പറഞ്ഞു. കന്നഡ അവതാരക അനുശ്രീയുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹം സിനിമയെ പറ്റി സംസാരിച്ചത്.

‘ക്യാമറ, ലെന്‍സ്, ടെക്‌നിക്കാലിറ്റീസ്, ഫിലിം സ്‌കൂള്‍ ഇതൊക്കെ അത്യാവശ്യമുള്ള കാര്യമൊന്നുമല്ല. സിനിമ കഥ പറച്ചിലാണ്. സിനിമ പറയാനാണ് പഠിക്കേണ്ടത്. ബാക്കിയുള്ളതെല്ലാം അതിനുള്ള ടൂളുകള്‍ മാത്രമാണ്. സിനിമ ഒരു കലയാണ്. എന്നാല്‍ ചിലര്‍ അതിനെ സയന്‍സുമായൊക്കെയാണ് ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്,’ പ്രശാന്ത് നീല്‍ പറഞ്ഞു.

‘ഒരു സിനിമ കണ്ടിട്ട് പുറത്ത് വരുമ്പോള്‍ അതിലെ സിനിമാറ്റോഗ്രഫിയെ പറ്റിയല്ല ഞാന്‍ സംസാരിക്കാറുള്ളത്, പാട്ടുകളെ പറ്റിയും അഭിനയത്തെ പറ്റിയുമല്ല. സിനിമ നല്ലതാണോ അല്ലയോ, അതാണ് പറയുന്നത്. അങ്ങനെയൊരു വാക്ക് കേള്‍ക്കുന്നത് ഭയങ്കര കഷ്ടപ്പാടുള്ള ജോലിയാണ്.

പ്രേക്ഷകര്‍ ഒരു സിനിമ കണ്ടിട്ട് സിനിമ നല്ലതാണ്, അല്ലങ്കെില്‍ മോശമാണ് എന്ന് പറയണം. എന്നാലിപ്പോള്‍ പ്രേക്ഷകര്‍ തന്നെ നിരൂപകരായി. അവര്‍ സിനിമാറ്റോഗ്രഫി, ആര്‍ട്ട് വര്‍ക്ക്, എഡിറ്റിംഗിനെ പറ്റിയൊക്കെ പറയാന്‍ തുടങ്ങി. ഈ പ്രോസസില്‍ സിനിമയുടെ പ്യൂരിറ്റിയാണ് നഷ്ടമാകുന്നത്. ടെക്‌നികാലിറ്റിയെ പറ്റി പറയേണ്ട കാര്യമില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: prashanth neel says that the current audience is more critical of the film than it is of whether it is good or bad

We use cookies to give you the best possible experience. Learn more