| Sunday, 22nd December 2024, 3:43 pm

ആ സിനിമയുടെ റിസല്‍ട്ട് എന്നെ തൃപ്തിപ്പെടുത്തിയിട്ടില്ല, ഇനി ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ ചിന്തിക്കുന്നതിലും വലുതായിരിക്കും: പ്രശാന്ത് നീല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറും മൂന്ന് സിനിമകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ചയാളാണ് പ്രശാന്ത് നീല്‍. കെ.ജി.എഫ് എന്ന ഒരൊറ്റ സിനിമ കൊണ്ട് കന്നഡ ഇന്‍ഡസ്ട്രിയുടെ ഗതി തന്നെ മാറ്റിമറിക്കാന്‍ പ്രശാന്തിന് സാധിച്ചു. കെ.ജി.എഫിന്റെ രണ്ടാം ഭാഗം 1000 കോടിക്കുമുകളില്‍ കളക്ഷന്‍ നേടിയതോടെ ബ്രാന്‍ഡ് സംവിധായകനായി പ്രശാന്ത് മാറി.

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍. പ്രശാന്തിന്റെ ആദ്യചിത്രമായ ഉഗ്രത്തിന്റെ കഥയുടെ ലാര്‍ജ് സ്‌കെയില്‍ അവതരണമായിരുന്നു സലാര്‍. മലയാളത്തില്‍ നിന്ന് പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. 200 കോടി ബജറ്റിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 500 കോടിക്കുമുകളില്‍ കളക്ഷന്‍ നേടി.

എന്നാല്‍ ചിത്രത്തിന്റെ വിജയത്തില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്ന് പറയുകയാണ് പ്രശാന്ത് നീല്‍. ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നിട്ടും അതിന്റെ വിജയം തന്നെ തൃപ്തിപ്പെടുത്തിയില്ലെന്ന് പ്രശാന്ത് നീല്‍ പറഞ്ഞു. അതിന് കാരണം കെ.ജി.എഫ്. 2വിന്റെ വിജയത്തില്‍ താന്‍ കുറച്ചധികം ആത്മവിശ്വാസം നേടിയതുകൊണ്ടാണെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ തന്നില്‍ നിന്ന് കൂടുതലായി ആഗ്രഹിച്ചിരുന്നെന്നും അത് തനിക്ക് നല്‍കാന്‍ കഴിഞ്ഞില്ലെന്നും പ്രശാന്ത് പറഞ്ഞു.

സലാറിന്റെ രണ്ടാം ഭാഗം കൂടുതല്‍ മികച്ചതാക്കാന്‍ അത് തന്നെ സഹായിച്ചെന്നും പ്രേക്ഷകര്‍ ചിന്തിക്കുന്നതിലും വലുത് ആ സിനിമയില്‍ ചെയ്യാന്‍ പോവുകയാണെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ എന്ത് പ്രതീക്ഷിച്ച് വന്നാലും അതിന്റെയെല്ലാം മുകളില്‍ നില്‍ക്കുന്ന ഒന്നായി സലാര്‍ പാര്‍ട്ട് 2 മാറുമെന്നും പ്രശാന്ത് പറഞ്ഞു. സലാറിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോയില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് നീല്‍.

‘സലാര്‍ പാര്‍ട്ട് 1 ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയം നേടിയെന്ന് അറിയാം. പക്ഷേ, തുറന്നുപറഞ്ഞാല്‍ ഞാന്‍ ആ വിജയത്തില്‍ ഒട്ടും തൃപ്തനല്ല. കാരണം, എന്നില്‍ നിന്ന് പ്രേക്ഷകര്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. കെ.ജി.എഫ് 2വില്‍ നിന്ന് നേരെ സലാറിലേക്ക് കടന്നപ്പോള്‍ ആത്മവിശ്വാസക്കൂടുതല്‍ ഉണ്ടായിരുന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

ഒരര്‍ത്ഥത്തില്‍ അതെന്നെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. സലാര്‍ പാര്‍ട്ട് 2വിന്റെ എഴുത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ പോവുകയാണ്. ആദ്യഭാഗം കണ്ടവര്‍ക്ക് രണ്ടാം ഭാഗത്തെപ്പറ്റി ഏകദേശധാരണയുണ്ടാകും. എന്നാല്‍ അവര്‍ക്ക് അതിനും മുകളില്‍ നില്‍ക്കുന്ന ഒരു അനുഭവം നല്‍കുക എന്നതാണ് എന്റെ ലക്ഷ്യം. അവര്‍ എന്ത് പ്രതീക്ഷിച്ചുവരുന്നോ അതിന്റെയെല്ലാം മുകളില്‍ പാര്‍ട്ട് 2 നില്‍ക്കുമെന്ന് എനിക്ക് ഇപ്പോള്‍ തന്നെ ഉറപ്പ് നല്‍കാനാകും,’ പ്രശാന്ത് നീല്‍ പറഞ്ഞു.

Content Highlight: Prashanth Neel says he is not satisfied with the verdict of Salaar

We use cookies to give you the best possible experience. Learn more