കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡ സിനിമകളിലൊന്നായിരുന്നു പ്രഭാസ് നായകനായ സലാര്‍. കെ.ജി.എഫ് സീരീസിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 500 കോടിക്കു മുകളില്‍ കളക്ട് ചെയ്തിരുന്നു. മലയാളത്തിലെ സൂപ്പര്‍ താരം പൃഥ്വിരാജും ചിത്രത്തില്‍ നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രണ്ടാം ഭാഗത്തിനുള്ള സൂചന നല്കിക്കൊണ്ടാണ് സലാര്‍ ഒന്നാം ഭാഗം അവസാനിച്ചത്.
എന്നാല്‍ ആദ്യഭാഗം പ്രതീക്ഷിച്ച കളക്ഷന്‍ നേടാത്തതിനാലും, സംവിധായകനും നിര്‍മാതാക്കളും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടായതിനാലും രണ്ടാം ഭാഗം ഉപേക്ഷിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇതിനെതിരെ പ്രതികരണവുമയി വന്നിരിക്കുകയാണ് സംവിധായകന്‍ പ്രശാന്ത് നീല്‍. രണ്ടാം ഭാഗം ഉപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും താനും പ്രഭാസും ചെറിയൊരു ബ്രേക്ക് എടുക്കുകയാണെന്നുമാണ് പ്രശാന്ത് പറഞ്ഞത്.
കെ.ജി.എഫിന്റെ രണ്ട് ഭാഗങ്ങളും, അത് കഴിഞ്ഞ് സലാറും കൂടിയായപ്പോള്‍ വല്ലാത്ത പ്രഷറായെന്നും അതുകൊണ്ടാണ് താന്‍ ബ്രേക്ക് എടുക്കുന്നതുമെന്നാണ് പ്രശാന്ത് പറഞ്ഞത്. കെ.ജി.എഫിന്റെ രണ്ടാം ഭാഗം എഴുതി കഴിഞ്ഞപ്പോള്‍ മൂന്നാം ഭാഗവും തയ്യാറായെന്നും എന്നാല്‍ യഷിനും തനിക്കും വേറെ പ്രൊജക്ട് ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നതിനാല്‍ അത് തത്കാലത്തേക്ക് മാറ്റിവെച്ചിരുന്നെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. പ്രഭാസ് ഇപ്പോള്‍ ചെയ്തുതീര്‍ക്കുന്ന സിനിമകളുടെ തിരക്ക് കഴിഞ്ഞാല്‍ സലാറിലേക്ക് കടക്കുമെന്നും പ്രശാന്ത് പറഞ്ഞു.
‘സലാര്‍ രണ്ടാം ഭാഗം ഉപേക്ഷിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്തയാണത്. ഷൂട്ടിങ് കുറച്ച് വൈകുമെന്നേയുള്ളൂ, ഉപേക്ഷിച്ചിട്ടില്ല. കൊവിഡ് സമയം മുതല്‍ ഈ സിനിമയുടെ ഭാഗമായി നടക്കുകയായിരുന്നു ഞാന്‍. അതില്‍ നിന്ന് ഒന്ന് റിലാക്‌സാകാന്‍ വേണ്ടിയാണ് ഇപ്പോള്‍ ബ്രേക്ക് എടുക്കുന്നത്.
കാരണം, കഴിഞ്ഞ ആറ് വര്‍ഷമായി കെ.ജി.എഫിന്റെയും സലാറിന്റെയും കഥയുടെ പിന്നാലെയായിരുന്നു ഞാന്‍. നാല് വര്‍ഷം കൊണ്ടാണ് കെ.ജ.എഫ് ചെയ്തുതീര്‍ത്തത്. അതിന്റെ രണ്ടാം ഭാഗം എഴുതി തീര്‍ത്തപ്പോള്‍ തന്നെ മൂന്നാം ഭാഗത്തിന്റെ കഥയും പൂര്‍ത്തിയായിരുന്നു. എന്നാല്‍ യഷിനും എനിക്കും മുന്നേ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍ ഉള്ളതിനാല്‍ ബ്രേക്കെടുത്തു. മൂന്നാം ഭാഗത്തിനുള്ള സൂചന നല്കിയിട്ടാണ് രണ്ടാം ഭാഗം അവസാനിച്ചത്. അതുപോലെ തന്നെയാണ് സലാറും. പ്രഭാസ് ഇപ്പോള്‍ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍ തീര്‍ന്നാല്‍ ഉടന്‍ തന്നെ രണ്ടാം ഭാഗം തുടങ്ങും,’ പ്രശാന്ത് പറഞ്ഞു.
Content Highlight: Prashanth Neel about the second part of Salaar