| Monday, 22nd July 2024, 5:47 pm

കഥ ആ മൊമന്റില്‍ ഇഷ്ടമായി; ഗര്‍ഭിണിയുടെ വയറ് പിടിച്ചു ഞെക്കുന്ന സീന്‍ കേട്ടപ്പോള്‍ എന്തോ പോലെയായി: പ്രശാന്ത് മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉര്‍വശിയും പാര്‍വതി തിരുവോത്തും ഒന്നിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററിയൊരുക്കിയ ക്രിസ്റ്റോ ടോമിയായിരുന്നു ഈ സിനിമ സംവിധാനം ചെയ്തിരുന്നത്. മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം 2024 ജൂണ്‍ 21നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്.

ചിത്രത്തില്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയ കുറുപ്പ്, അലന്‍സിയര്‍ ലേ ലോപ്പസ്, പ്രശാന്ത് മുരളി എന്നിവരും പ്രധാനവേഷങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു പ്രശാന്ത് മുരളിയുടേത്. ഉള്ളൊഴുക്കില്‍ പാര്‍വതി അവതരിപ്പിച്ച അഞ്ജുവെന്ന കഥാപാത്രത്തിന്റെ പങ്കാളിയായ തോമസുകുട്ടി ആയിട്ടാണ് താരമെത്തിയിരുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്ന് പറയുകയാണ് പ്രശാന്ത് മുരളി.

‘ക്രിസ്റ്റോ കഥ ആദ്യം പറഞ്ഞ മൊമന്റില്‍ തന്നെ എനിക്ക് ഇഷ്ടമായി. ഗര്‍ഭിണിയുടെ വയറ് പിടിച്ചു ഞെക്കുന്ന സീനിനെ കുറിച്ച് കേട്ടപ്പോള്‍ എനിക്ക് എന്തോ പോലെയായി. പക്ഷെ പടം മൊത്തത്തില്‍ വന്നാല്‍ അത് ഡ്രീം സ്വീക്വന്‍സ് ആണെന്ന് അറിഞ്ഞപ്പോള്‍ ഓക്കെയായി. ആ സീന്‍ സിനിമയില്‍ വളരെ ഇംപാക്ട് ഉള്ളതായിരുന്നു.

പിന്നെ എന്റെ ഭാഗ്യത്തിന് എന്റെ ലുക്കെല്ലാം കറക്ടായി മാറിമാറി വന്നിരുന്നു. എല്ലാം ഒരു ദിവസം തന്നെയായിരുന്നു. അതായത് രാവിലെ വന്ന് മീശ വെച്ച് കല്യാണത്തിന്റെ സീന്‍ ഷൂട്ട് ചെയ്തു. പിന്നെ മീശയൊക്കെ വടിച്ച് വേറെ ലുക്കായി. അങ്ങനെ ഒരു ദിവസം തന്നെയാണ് അതെല്ലാം സംഭവിക്കുന്നത്. അതായത് ആ ഡ്രീം സീക്വന്‍സ് ഷൂട്ട് ചെയ്യുന്നത് അന്ന് തന്നെയായിരുന്നു. വലിയ ഗ്യാപ് ഉണ്ടായിരുന്നില്ല,’ പ്രശാന്ത് മുരളി പറഞ്ഞു.


Content Highlight: Prashanth Murali Talks About Ullozhukk Movie Scene

We use cookies to give you the best possible experience. Learn more