കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു പ്രശാന്ത് മുരളിയുടേത്. ചിത്രത്തിലെ മോര്‍ച്ചറി സീന്‍ ചെയ്യാന്‍ താന്‍ തയ്യാറായിട്ടും മറ്റുള്ളവര്‍ തടസം നിന്നതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് മുരളി.
‘ആ സിനിമയില്‍ കണ്ട മോര്‍ച്ചറി സീന്‍ ചെയ്തിരിക്കുന്നത് ഞാനല്ല, മറ്റൊരാളാണ്. പ്രൊഡക്ഷന്‍ മാനേജ്‌മെന്റില്‍ ഉള്ള ആരോ ആണ് ആ സീന്‍ ചെയ്തിരിക്കുന്നത്. ആരാണെന്ന് എനിക്ക് കൃത്യമായ ഓര്‍മയില്ല. അയാളുടെ ഫേസൊക്കെ മൂടിയിട്ടാണ് അതിനകത്തേക്ക് കയറ്റുന്നത്. ഞാനാണ് അഭിനയിക്കുന്നതെങ്കില്‍ മോര്‍ച്ചറിയിലേക്ക് കയറ്റുമ്പോള്‍ എന്റെ ഫേസ് കാണിക്കുമായിരുന്നു. ഞാനായിരുന്നു ചെയ്യുന്നതെങ്കില്‍ ക്രിസ്റ്റോയുടെ മനസിലെ ആ കഥാപാത്രത്തിന് കുറച്ചുകൂടെ ഇമ്പാക്റ്റ് ഉണ്ടാകുമായിരുന്നു.
പക്ഷെ ആരും ആ മോര്‍ച്ചറി സീന്‍ ചെയ്യാന്‍ എന്നെ സമ്മതിച്ചില്ല. ഉര്‍വശിയമ്മയൊക്കെ തടസം നിന്നു. ഒരു കാരണവശാലും നടക്കില്ല, അതുവേണ്ട എന്ന രീതിയിലാണ് പറഞ്ഞത്. മോര്‍ച്ചറിയുടെ അകത്ത് എന്തൊക്കെ അസുഖങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് പറയാന്‍ പറ്റില്ലല്ലോ. ഒറിജിനല്‍ മോര്‍ച്ചറിയിലാണ് ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നത്. അതിനകത്ത് നല്ല തണുപ്പാണ്. ആ മോര്‍ച്ചറി സീന്‍ അഭിനയിച്ച ആള്‍ എന്നോട് പറഞ്ഞത് ‘നീ അഭിനയിക്കാത്തത് നന്നായി. നല്ല തണുപ്പായിരുന്നു’ എന്നാണ്.
ഫ്രീസറിന്റെ കാര്യത്തിലും എനിക്ക് അതിനകത്ത് കിടന്നാല്‍ എന്തെങ്കിലും അസുഖം വരുമോയെന്ന പേടിയുണ്ടായിരുന്നു. പക്ഷെ അവര്‍ അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞു. അവര് ഫ്രീസറ് നന്നായി ക്ലീന്‍ ചെയ്തിരുന്നു. സിനിമയില്‍ കാണിച്ച ആ ഫ്രീസര്‍ ഒറിജിനല്‍ ആയിരുന്നു. കുറച്ച് കഴിയുമ്പോഴേക്കും അതിനകത്തുള്ള ഓക്‌സിജന്‍ തീരുമായിരുന്നു, അതായത് എയറ് തീരും.
ALSO READ: ഗംഭീര ഗായകനാണ്, പക്ഷെ പാടുന്നതിന്റെ അർത്ഥവും വാക്കുകളും അദ്ദേഹത്തിന് അറിയില്ല: ദീപക് ദേവ്
അവര്‍ രണ്ടുപേരും (ഉര്‍വശിയും പാര്‍വതിയും) ഫ്രീസറിന് അടുത്ത് ഇരുന്ന് സംസാരിക്കുന്ന ആ സീന്‍ ആയിരുന്നു എനിക്ക് ഏറ്റവും പ്രയാസം തോന്നിയത്. ഒറ്റ ഷോട്ടിലായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. അത്രയും സമയം ഫ്രീസറിന്റെ അകത്ത് ഇരിക്കുന്നത് വലിയ പ്രയാസമായിരുന്നു. ആ ഷോട്ട് കഴിഞ്ഞതും ഞാന്‍ ഫ്രീസര്‍ തുറന്ന് ശ്വാസമെടുത്തു. അത് മാത്രമായിരുന്നു വളരെ പ്രയാസം തോന്നിയ ഒരു സീനായി ഉണ്ടായിരുന്നത്,’ പ്രശാന്ത് മുരളി പറഞ്ഞു.
Content Highlight: Prashanth Murali Talks About The Mortuary Scene In Ullozhukk