മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയായിരുന്നു ഈ സിനിമ സംവിധാനം ചെയ്തിരുന്നത്. ഉള്ളൊഴുക്കില്‍ പ്രധാന വേഷത്തില്‍ എത്തിയത് ഉര്‍വശിയും പാര്‍വതി തിരുവോത്തുമായിരുന്നു. ഇരുവരുടെയും അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.
ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു പ്രശാന്ത് മുരളിയുടേത്. പാര്‍വതി അവതരിപ്പിച്ച അഞ്ജുവെന്ന കഥാപാത്രത്തിന്റെ പങ്കാളിയായ തോമസുകുട്ടി ആയിട്ടാണ് പ്രശാന്ത് മുരളി ഉള്ളൊഴുക്കില്‍ എത്തിയത്. ഈ കഥാപാത്രം ചിത്രത്തില്‍ മരണപ്പെടുന്നതായി കാണിക്കുന്നുണ്ട്. സിനിമയില്‍ കാണിച്ച ഫ്രീസര്‍ ഒറിജിനലായിരുന്നു എന്ന് പറയുകയാണ് പ്രശാന്ത് മുരളി. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘സിനിമയില്‍ കാണിച്ച ആ ഫ്രീസര്‍ ഒറിജിനല്‍ ആയിരുന്നു. കുറച്ച് കഴിയുമ്പോഴേക്കും അതിനകത്തുള്ള ഓക്‌സിജന്‍ തീരുമായിരുന്നു, അതായത് എയറ് തീരും. അവര്‍ രണ്ടുപേരും (ഉര്‍വശിയും പാര്‍വതിയും) ഫ്രീസറിന് അടുത്ത് ഇരുന്ന് സംസാരിക്കുന്ന ആ സീന്‍ ആയിരുന്നു എനിക്ക് ഏറ്റവും പ്രയാസം തോന്നിയത്. ഒറ്റ ഷോട്ടിലായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. അത്രയും സമയം ഫ്രീസറിന്റെ അകത്ത് ഇരിക്കുന്നത് വലിയ പ്രയാസമായിരുന്നു. ആ ഷോട്ട് കഴിഞ്ഞതും ഞാന്‍ ഫ്രീസര്‍ തുറന്ന് ശ്വാസമെടുത്തു. അത് മാത്രമായിരുന്നു വളരെ പ്രയാസം തോന്നിയ ഒരു സീനായി ഉണ്ടായിരുന്നത്,’ പ്രശാന്ത് മുരളി പറഞ്ഞു.
ALSO READ: കൈതി 2വിന് മുന്നേ ദില്ലിയും റോളക്‌സും നേര്‍ക്കുനേര്‍ വരുമോ?
ഉള്ളൊഴുക്കിന്റെ തുടക്കത്തില്‍ ഉര്‍വശിയും പാര്‍വതിയും തന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ തനിക്ക് വലിയ പ്രശ്നമായിരുന്നു എന്നും പ്രശാന്ത് മുരളി പറയുന്നു. താന്‍ ഈ കഥാപാത്രത്തില്‍ ശരിയാകുമോയെന്നും ഇത് വര്‍ക്ക് ഔട്ട് ആകുമോയെന്നുമുള്ള കാര്യത്തില്‍ സ്വയം സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഉര്‍വശിയമ്മ വളരെ എക്സ്പീരിയന്‍സ്ഡായ ആളാണ്. എത്രയോ സിനിമകളില്‍ വലിയ ടാലന്റഡായ ആക്ടേഴ്സിന്റെ കൂടെയും ഡയറക്ടേഴ്സിന്റെ കൂടെയും അവര്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പാര്‍വതി ആണെങ്കില്‍ നാഷണല്‍ ലെവലില്‍ ഉള്ള പല ഡയറക്ടേഴ്സിന്റെ കുടെയും അഭിനയിച്ചിട്ടുണ്ട്. അപ്പോള്‍ ഇവര്‍ രണ്ടുപേരും നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ എനിക്ക് സത്യത്തില്‍ തുടക്കത്തില്‍ വലിയ പ്രശ്നമായിരുന്നു. ഞാന്‍ ഓക്കെ ആകുമോ വര്‍ക്ക് ഔട്ടാകുമോ എനിക്ക് അവരോടൊപ്പം റീച്ച് ചെയ്യാന്‍ പറ്റുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടായിരുന്നു,’ പ്രശാന്ത് മുരളി പറഞ്ഞു.
Content Highlight: Prashanth Murali Talks About Freezer Scene In Ullozhukk Movie