| Sunday, 28th July 2024, 7:10 pm

ഫഹദ് ഫാസിലാണെന്ന് കരുതി എന്നോട് സംസാരിക്കാന്‍ വന്നവരുണ്ട്: പ്രശാന്ത് മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഉള്ളൊഴുക്ക്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായ കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്‌റ്റോ ടോമിയാണ് ഉള്ളൊഴുക്ക് അണിയിച്ചൊരുക്കിയത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങളിലൊന്നാണ് പ്രശാന്ത് മുരളിയുടേത്.

ചെറിയ വേഷങ്ങളിലൂടെ സിനിമാകരിയര്‍ ആരംഭിച്ച പ്രശാന്തിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ഉള്ളൊഴുക്കിലേത്. ഫഹദ് ഫാസിലുമായി തനിക്കുള്ള സാമ്യത്തെപ്പറ്റി സംസാരിക്കുകയാണ് പ്രശാന്ത് മുരളി. പല സ്ഥലങ്ങളിലും ചിലര്‍ തന്നെ ഫഹദ് ഫാസിലാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് പ്രശാന്ത് മുരളി പറഞ്ഞു. തമിഴ്‌നാട്ടില്‍ പോയപ്പോള്‍ പലരും താനാണ് ഫഹദെന്ന് കരുതി അടുത്ത് വന്ന് സംസാരിച്ചിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

ആവേശം ഇറങ്ങിയ സമയത്ത് താന്‍ കുടുംബവുമായി കൊടൈക്കനാലില്‍ പോയിരുന്നെന്നും ഷോപ്പിങ് നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഒരു ടാക്‌സി ഡ്രൈവര്‍ തന്നെക്കണ്ട് ഓടി വന്നെന്നും പ്രശാന്ത് പറഞ്ഞു. താനാണ് ഫഹദെന്ന് കരുതി അയാള്‍ ഓടിവന്ന് ആവേശത്തില്‍ വളരെ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞെന്നും പ്രശാന്ത് മുരളി കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് മുരളി ഇക്കാര്യം പറഞ്ഞത്.

‘ഫഹദ് ഫാസിലുമായി എനിക്ക് സാമ്യമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. ചിലരോട് നമ്മള്‍ സംസാരിക്കുമ്പോള്‍ തന്നെ ആള് മാറിപ്പോയെന്ന് മനസിലാകും ചിലര്‍ക്ക് മനസിലാകില്ല. പലരോടും ഞാന്‍ ഫഹദല്ല എന്ന് പറഞ്ഞ് മനസിലാക്കി വിടാറുണ്ട്. ചില സമയത്ത് അതിനുള്ള സമയമൊന്നും കിട്ടാറില്ല. ഈയടുത്ത് തമിഴ്‌നാട്ടില്‍ വെച്ച് ഒരു സംഭവമുണ്ടായി.

ഞാനും ഫാമിലിയും കൊടൈക്കനാലിലേക്ക് പോയതായിരുന്നു. ആവേശം റിലീസായി കത്തി നില്‍ക്കുന്ന സമയമാണ് അത്. ഞാനും വൈഫും കുട്ടികളും റോഡിന്റെ സൈഡിലൂടെ ഷോപ്പിങ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ടാക്‌സി ഡ്രൈവര്‍ എന്നക്കണ്ടിട്ട് വണ്ടി നടുറോഡില്‍ നിര്‍ത്തി. ‘സാര്‍, ഉങ്കളോടെ പടം പാത്തേന്‍, റൊമ്പ നല്ലാ നടിച്ചിരിക്കാങ്കേ, നീങ്ക വരറത്ക്കാക കാത്തിക്കിട്ടിറ്‌ക്കേന്‍’ എന്ന് പറഞ്ഞു. ഞാന്‍ ചിരിച്ചുകൊണ്ട് കൈവീശിക്കാണിച്ചു. വേറൊന്നും ചെയ്തില്ല,’ പ്രശാന്ത് മുരളി പറഞ്ഞു.

Content Highlight: Prashanth Murali saying that some people misunderstood  him as Fahadh Faasil

We use cookies to give you the best possible experience. Learn more