| Thursday, 21st March 2024, 5:08 pm

ഷൂട്ടിങ് ക്യാമ്പിന്റെ ചുറ്റും ഒരു പട്ടാളവണ്ടി എപ്പോഴും കറങ്ങി നടക്കുമായിരുന്നു, ആരെ പുറത്ത് കണ്ടാലും അവര്‍ ആക്ഷനെടുക്കും; ആടുജീവിതത്തെക്കുറിച്ച് പ്രശാന്ത് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്ന് സിനിമാരൂപത്തില്‍ വരുമ്പോള്‍ അതിന് പിന്നില്‍ ബ്ലെസി എന്ന സംവിധായകന്റെയും പൃഥ്വിരാജ് എന്ന നടന്റെയും സമര്‍പ്പണമുണ്ട്. 16 വര്‍ഷത്തോളം ഈയൊരൊറ്റ സിനിമക്കായി ബ്ലെസി മാറ്റിവെച്ചു. 30 കിലോയോളം കുറച്ചാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിച്ചത്.

ചിത്രത്തിന്റെ ഷൂട്ടിനായി ക്രൂ മുഴുവന്‍ ജോര്‍ദാനില്‍ പോയതും കൊവിഡ് ലോക്ക്ഡൗണ്‍ കാരണം അവിടെ കുടുങ്ങിപ്പോയതും വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയിലേക്ക് വരാനാകാതെ രണ്ട് മാസത്തോളം ടീം ജോര്‍ദാനില്‍ കുടുങ്ങിയിരുന്നു. ലോക്ക്ഡൗണ്‍ സമയത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ലോക്ക്ഡൗണ്‍ വന്നതെന്നും ക്രൂ മൊത്തം പാനിക്കായി എന്നും പ്രശാന്ത് പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഇക്കാര്യം പറഞ്ഞത്.

‘അവിടെ ഷൂട്ട് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. കൊവിഡിനെക്കാള്‍ എല്ലാവരെയും പേടിപ്പിച്ചത്, ഇനി എപ്പോള്‍ നാട്ടില്‍ പോകാന്‍ പറ്റുമെന്നാണ്. എല്ലാവരും പാനിക്കായി. പിന്നെ ബ്ലെസി ചേട്ടനും, പൃഥ്വിയുമൊക്കെ ക്രൂവിലെ എല്ലാവരോടും സംസാരിച്ച് ഓക്കെയാക്കി. അവരും നമ്മുടെ കൂടെ ഉണ്ടല്ലോ എന്ന ധൈര്യം എല്ലാവര്‍ക്കും കിട്ടി.

ലോക്ക്ഡൗണ്‍ ആയതുകൊണ്ട് ഷൂട്ട് ഒന്നും നടന്നില്ല. അത് മാത്രമല്ല ഞങ്ങളുടെ ക്യാമ്പിന് ചുറ്റും പട്ടാളത്തിന്റെ ഒരു വണ്ടി കറങ്ങി നടക്കുമായിരുന്നു. ഞങ്ങളെ നിരീക്ഷിക്കാന്‍ വേണ്ടി മാത്രം ഒരു വണ്ടി ഗവണ്മെന്റ് അറേഞ്ച് ചെയ്തതാണ് അത്. ആരെങ്കിലും പുറത്തേക്കിറങ്ങുന്നത് കണ്ടാല്‍ അപ്പോള്‍ ഇവര്‍ വന്ന് പിടിക്കും.

ടെന്റിനുള്ളില്‍ തന്നെ ഇരുന്ന് മടുത്തപ്പോള്‍ ഞങ്ങള്‍ ക്യാമ്പിന്റെ പുറകിലുള്ള മല കയറാന്‍ പോയി. പട്ടാളത്തിനെ കാണുമ്പോള്‍ തിരിച്ച് ടെന്റിലേക്ക് ഓടും.ആ സമയത്ത് ലാലേട്ടന്‍ ബ്ലെസി സാറിന വിളിച്ച് എല്ലാവരെയും ചുറ്റും ഇരുത്താന്‍ പറയും. എന്നിട്ട് എല്ലാവരോടും സംസാരിക്കും. പുള്ളിയൊക്കെ നല്ല ധൈര്യം തന്നിരുന്നു,’ പ്രശാന്ത് പറഞ്ഞു.

Content Highlight: Prashanth Madhav shares the lockdown experience in Aadujeevitham set

We use cookies to give you the best possible experience. Learn more